'ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ', എന്ന് മോദി, പുതിയ മാർഗരേഖ വരും

Published : May 12, 2020, 11:36 AM ISTUpdated : May 12, 2020, 01:27 PM IST
'ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ', എന്ന് മോദി, പുതിയ മാർഗരേഖ വരും

Synopsis

മെയ് 17-ന് ശേഷവും ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യതയെന്ന് സൂചനകൾ വരുമ്പോഴും നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. കണ്ടെയ്ൻമെന്‍റ്, റെഡ് സോണുകൾക്ക് പുറത്തുള്ള ഇടങ്ങളിൽ ജനജീവിതം സാധാരണനിലയിലാക്കാൻ നടപടികൾ വന്നേക്കും.

ദില്ലി: രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളല്ലെങ്കിൽ അവിടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും. എന്നാൽ റെഡ്, കണ്ടെയ്ൻമെന്‍റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകൾ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

''ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തിൽ നൽകിയതിനേക്കാൾ ഇളവുകൾ കൂടുതലായി നാലാംഘട്ടത്തിൽ നൽകാവുന്നതാണ്'', പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകുമെന്നാണ് വിവരം. ആറ് സംസ്ഥാനങ്ങളാണ് യോഗത്തിൽ ലോക്ക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടത്. 

ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടപ്പോൾ, കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാൽ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളിൽ നിൽക്കുന്ന ഗുജറാത്ത് ലോക്ക്ഡൗൺ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണിൽ ഇളവുകളാകാമെങ്കിലും, ട്രെയിൻ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണെന്ന നിലപാടുമായി രൂക്ഷവിമർശനമുയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർ‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. 

ലോക്ക്ഡൗൺ തുടരണമെന്ന് സംസ്ഥാനങ്ങൾ

തീവണ്ടിസർവീസുകൾ തുടങ്ങിയതിനെതിരെ ശക്തമായ വിയോജിപ്പാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഉയർത്തിയത്. കൃത്യമായ പദ്ധതിയില്ലാതെ തീവണ്ടി സർവീസുകൾ അനുവദിക്കരുതെന്ന് ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി സോണുകൾ വിഭജിക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാൻ അനുമതി വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു കാരണവശാലും ലോക്ക്ഡൗൺ പിൻവലിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പൊലീസ് സേനയ്ക്ക് വിശ്രമം അനുവദിക്കാൻ കേന്ദ്രപൊലീസ് സേനയെ വിവിധ സംസ്ഥാനങ്ങളിലായി നിയോഗിക്കണമെന്നും അന്തർസംസ്ഥാനയാത്രകൾ കർശനമായി നിയന്ത്രിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രണ്ടാഴ്ച കൂടി, അതായത് മെയ് 31- വരെ ലോക്ക്ഡൗൺ നീട്ടണമെന്നാണ് ബിജെപി ഭരിക്കുന്ന അസം ആവശ്യപ്പെട്ടത്. അന്തർസംസ്ഥാനയാത്ര പാടില്ലെന്നും സർബാനന്ദ സോനോവാൾ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യാത്രകൾ മെയ് അവസാനം വരെ അനുവദിക്കരുതെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ആവശ്യം. യാത്രാ നിയന്ത്രണം തുടരണമെന്ന് മേഘാലയയും ആവശ്യപ്പെട്ടു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത യുവതിയുടെ മൃതദേഹഭാഗം, സഹപ്രവർത്തകൻ അറസ്റ്റിൽ, കൊലപാതകം ഓഫീസിൽ വച്ച്
'മൂന്നാം നിരയിൽ ഇരുത്തി, പ്രതിപക്ഷ നേതാവിനോടുള്ള അവഹേളനം'; റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്