കറുത്ത കോട്ടിന് താല്ക്കാലിക വിട; സുപ്രീംകോടതി അഭിഭാഷകർക്ക് ഇനി പുതിയ ഡ്രസ് കോഡ്

By Web TeamFirst Published May 13, 2020, 6:58 PM IST
Highlights

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതലെന്ന നിലയിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകർ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുവേണം കോടതിയിൽ ഹാജരാകാൻ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

ദില്ലി: സുപ്രീംകോടതി അഭിഭാഷകർക്ക് ഇനി പുതിയ ഡ്രസ് കോഡ്. കറുത്ത കോട്ടും ​​ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാനാണ് അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് 19 ഭീഷണി അവസാനിക്കുന്നതു വരെയാകും ഈ മാറ്റം.കറുത്ത കോട്ടിനും ​ഗൗണിനും പകരം വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയാകും ഇനി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ വേഷം.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതലെന്ന നിലയിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകർ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുവേണം കോടതിയിൽ ഹാജരാകാൻ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.  കറുത്ത കോട്ടും ​ഗൗണും ശുചിയായി സൂക്ഷിക്കാൻ പ്രയാസമാണ്. ആയതിനാൽ ഈ വസ്ത്രങ്ങൾ അണിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒരു പൊതുതാല്പര്യ ഹർജിയിൽ വാദം കേൾക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ട കോടതിമുറികളിൽ അടുത്തയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ട്തതിൽ ജഡ്ജിമാർ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേൾക്കുക. അഭിഭാഷകർ അവരവരുടെ ചേംബറുകളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാദം നടത്തിയാൽ മതി. സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയുടെ ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് നാ​ഗേശ്വര റാവുവാണ് ഇന്നലെ ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. 

click me!