
ദില്ലി: വായുമലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ ഈമാസം 30 വരെ ദില്ലിയിൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. വായു മലിനീകരണ തോത് ഉയര്‍ന്നുനിൽക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകൾക്കും നിയന്ത്രണം ബാധകമാകും.
ദീപാവലി ദിനങ്ങളിൽ മാത്രമല്ല, അതിന് ശേഷമുള്ള ദിവസങ്ങളിലും പടക്കങ്ങൾ നിരോധിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ്. ദില്ലിയിൽ വായു ഗുണനിലവാരം തീവ്രനിലയിലാണ്. ഈമാസം 30 വരെ ദില്ലിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതും വാങ്ങുന്നതും ഹരിത ട്രൈബ്യൂണൽ പൂര്‍ണമായി നിരോധിച്ചു. മലിനീകരണ തോത് ഉയര്‍ന്ന സംസ്ഥാനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാകും.
കേരളത്തിൽ കൊച്ചി ഉൾപ്പടെയുള്ള നഗരമേഖലകളിൽ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു. അവിടെ നിയന്ത്രണം വേണമോ എന്നത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. മലിനീകരണ തോത് ഉയര്‍ന്നുനിൽക്കുന്ന മേഖലയാണെങ്കിൽ നിരോധനമോ, നിയന്ത്രണമോ ഏര്പ്പെടുത്തണം എന്നും ട്രൈബ്യൂണൽ നിര്‍ദ്ദേശിച്ചു.
അതേസമയം വായുമലിനീകരണ തോത് മതിയായ നിരക്കിലോ, അതിൽ താഴെയോ ഉള്ള പ്രദേശങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിന് തടസമില്ല. അവിടെയും പരമാവധി 2 മണിക്കൂര്‍ സമയം മാത്രമെ പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകാവു. ദില്ലിയിൽ പടക്കങ്ങൾ നിരോധിക്കാൻ ദില്ലി സര്‍ക്കാര്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടകയിൽ ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. ഹരിയാനയിൽ നിയന്ത്രണങ്ങളോടെ അനുമതി നൽകും. വായുമലിനീകരണം ഉയര്‍ന്ന ദില്ലി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് വ്യാപനവും കൂടുന്നതായും കണക്കുകളിൽ കാണാം. ദില്ലിയിൽ പ്രതിദിന രോഗവ്യാപനം ഏഴായിരത്തിന് മുകളിൽ തുടരുകാണ്. ഇന്നലെ 77 പേര്‍ മരിച്ചു. അതിനാൽ നിയന്ത്രണങ്ങൾ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാർ നൽകുന്ന മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam