Kiran Gangadharan   | Asianet News
Published : Apr 14, 2020, 09:36 AM ISTUpdated : Apr 16, 2020, 09:29 AM IST

ദില്ലിയിൽ 55 ഹോട്ട് സ്പോട്ടുകള്‍; നിരവധി കോളനികള്‍ സീല്‍ ചെയ്തു, മഹാരാഷ്ട്രയില്‍ 350 കൊവിഡ് കേസുകള്‍

Summary

കൊവിഡ്‌ ലോക സാമ്പത്തികരംഗത്തെ തകർക്കുമെന്ന് ഐഎംഎഫ്. 2020 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 1.9 % മാത്രമാവും. 90 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരിക്കും ഉണ്ടാവുകയെന്ന് ഐഎംഎഫ്
 

ദില്ലിയിൽ  55 ഹോട്ട് സ്പോട്ടുകള്‍; നിരവധി കോളനികള്‍ സീല്‍ ചെയ്തു, മഹാരാഷ്ട്രയില്‍ 350 കൊവിഡ് കേസുകള്‍

11:19 PM (IST) Apr 14

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ വേണം

കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ പുറത്തിറക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. കേസ് കോടതി നാളെ പരിഗണിക്കും

11:13 PM (IST) Apr 14

ഗുജറാത്തിലെ എംഎല്‍എക്ക് കൊവിഡ്

ഗുജറാത്ത് എംഎല്‍എ ഇമ്രാന്‍ ഖെഡാവാലക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വിജയ് രുപാണിയുമായി എംഎല്‍എ കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര സഹമന്ത്രി, മാധ്യമപ്രവർത്തകർ എന്നിവരെയും ഇന്ന് ഇമ്രാൻ ഖേഡവാല കണ്ടിരുന്നു. കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ എംഎൽഎ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.

11:03 PM (IST) Apr 14

ദില്ലിയില്‍ 55 ഹോട്ട് സ്പോട്ടുകള്‍, ബെംഗളൂരുവില്‍ 38

ദില്ലിയിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 55 ആയി ഉയര്‍ന്നു. സെൻട്രൽ ദില്ലിയിലെയും വെസ്റ്റ് ദില്ലിയിലെയും നിരവധി കോളനികൾ സീൽ ചെയ്തു. ബെംഗളൂരുവിൽ 38 കൊവിഡ് ഹോട്ട് സ്പോട്ടുകളാണ് പുതിയതായി ഉയര്‍ന്നത്. നഗരത്തിലെ മടിവാള, വസന്ത് നഗർ, എസ് ജി പാളയ, സി വി രാമൻ നഗർ തുടങ്ങിയ മേഖലകൾ തീവ്ര ബാധിതം
 

10:34 PM (IST) Apr 14

കോവളത്ത് കടലില്‍ ഇറങ്ങിയ വിദേശികള്‍ക്ക് എതിരെ കേസെടുത്തു

കോവളത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് വിദേശികൾ കടലില്‍ ഇറങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പതിനാറ് വിദേശികൾക്കും ഇവർ താമസിച്ചിരുന്ന ഹോട്ടൽ കാലിഫോർണിയക്കുമെതിരെയാണ് കോവളം പൊലീസ് കേസെടുത്തത്

10:12 PM (IST) Apr 14

തെലങ്കാനയിൽ ഒരു മരണം കൂടി

കൊവിഡ് ബാധിച്ച് തെലങ്കാനയില്‍ ഒരാള്‍ക്കൂടി മരിച്ചു. ആകെ മരണം 18 ആയി. ഇന്ന് 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

10:10 PM (IST) Apr 14

യാത്രാനിരോധനം ലംഘിച്ചു, സംസ്ഥാനത്ത് 2182 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു

സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍  ലംഘിച്ചു യാത്ര ചെയ്തതിന്  ഇന്ന് കേസെടുത്തത് 2182 പേര്‍ക്കെതിരെ. ഇന്ന് മാത്രം അറസ്റ്റിലായത് 2012 പേരാണ്. ഇവരില്‍ നിന്ന് 1532 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലത്താണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

09:48 PM (IST) Apr 14

യുപിയില്‍ കൊവിഡ് പരിശോധന ശോകാവസ്ഥയിലാണെന്ന് പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന ശോകാവസ്ഥയിലാണെന്നും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസറ്റീവാണെന്ന് കണ്ടെത്തിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

09:14 PM (IST) Apr 14

ദില്ലിയില്‍ ഇന്നുമാത്രം 51 കൊവിഡ് കേസുകള്‍

ദില്ലിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 51 പേര്‍ക്ക്. 1561 പേര്‍ക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 30 ആയി. 

08:55 PM (IST) Apr 14

ലോക്ക് ഡൗണ്‍ നീട്ടി ഉത്തരവിറങ്ങി

ലോക്ക്ഡൗൺ നീട്ടി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നത് വരെ നിലവിലെ നിർദ്ദേശങ്ങൾ തുടരുമെന്ന് ഉത്തരവിൽ

മെയ് മൂന്ന് വരെ രാജ്യം അടഞ്ഞ് തന്നെ; ലോക്ക് ഡൗൺ നീട്ടി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി...

 

08:52 PM (IST) Apr 14

രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ്

ദില്ലിയില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സാകേത് മാക്സ് ആശുപത്രിയിലെ നഴ്‍സുമാരാണ് ഇവര്‍. ആശുപത്രിയിലെ മൂന്ന് നഴ്‍സുമാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

08:24 PM (IST) Apr 14

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജൻസിയായ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്, അഥവാ ഐഎംഎഫ്. 1930-കളിൽ ലോകവിപണിയെത്തന്നെ തകർത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോൾ, അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂർണമായും നിശ്ചലാവസ്ഥയിലാണ്.
 

08:23 PM (IST) Apr 14

ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് പണം തിരിച്ചുനൽകില്ലെന്ന് വിമാന കമ്പനികൾ

ലോക്ക് ഡൗൺ നീട്ടിയതോടെ മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് വിമാന കമ്പനികൾ പ്രഖ്യാപിച്ചു. മറ്റ് ചാര്‍ജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാമെന്നാണ് കമ്പനികളുടെ വാഗ്ദാനം. ഇതോടെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം നഷ്ടമാകും.

07:16 PM (IST) Apr 14

കർണാടകത്തിൽ വീണ്ടും കൊവിഡ് മരണം

കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ മരണം പത്തായി. 24 മണിക്കൂറിനിടെ നാല് മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 

 

07:06 PM (IST) Apr 14

തമിഴ്‍നാട്ടില്‍ നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി കുട്ടിയുമായി ആംബുലന്‍സ് കേരളത്തിലേക്ക്

തമിഴ്നാട്ടിൽ നിന്നും അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കായി ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലൻസ് കേരളത്തിലേക്ക് പുറപ്പെട്ടു. കേരള, തമിഴ്നാട് സർക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടർന്നാണ് അതിർത്തി കടക്കാൻ ആംബുലൻസിന് അനുമതി കിട്ടിയത്. രാത്രിയോടെ ആംബുലൻസ് കൊച്ചിയിൽ എത്തിച്ചേരും.

06:54 PM (IST) Apr 14

തമിഴ്‌നാട്ടിൽ ഒരു മരണം കൂടി

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ദിണ്ടിഗൽ സ്വദേശിയായ 95 കാരനാണ്  മരിച്ചത്. കരൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍. തമിഴ്നാട്ടിൽ 31 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതർ 1204 ആയി.

 

06:45 PM (IST) Apr 14

കൊവിഡില്‍ ആഗോള സാമ്പത്തിക തകര്‍ച്ച; ഐഎംഎഫ്

കൊവിഡ്‌ ലോക സാമ്പത്തികരംഗത്തെ തകർക്കുമെന്ന് ഐഎംഎഫ്. 2020 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 1.9 % മാത്രമാവും. 
90 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരിക്കും ഉണ്ടാവുക. യൂറോപ്പും അമേരിക്കയും വളർച്ച നിരക്കിൽ നെഗറ്റിവിലെത്തും. നേരിയ തോതിലെങ്കിലും പിടിച്ചുനിൽക്കുന്നത് ഏഷ്യയാവുമെന്നും ഐഎംഎഫ്

 

06:14 PM (IST) Apr 14

ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു, സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് ലാത്തി വീശി. ഇന്ന് ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന പ്രചരണത്തിൽ വിശ്വസിച്ചാണ് ഇവരെകത്തിയത്. 
 

05:56 PM (IST) Apr 14

13 പേർ കൂടി രോഗവിമുക്തരായി

കൊവിഡ് 19 ബാധിച്ച 13 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേര്‍) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

05:55 PM (IST) Apr 14

ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായല്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ
ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Read more at: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ്; രോഗം ഭേദമായത് 13 പേര്‍ക്ക് ...

05:52 PM (IST) Apr 14

രാജ്യത്ത് കൊവിഡ് മരണം 353

രാജ്യത്ത് കൊവിഡ് മരണം 353 ആയി, ആകെ രോഗബാധിതരുടെ എണ്ണം 10,815 ആയി. 24 മണിക്കൂറിനിടെ 29മരണം, 1463 പുതിയ കേസുകൾ. 1190 പേർക്ക് രോഗം ഭേദമായി

05:28 PM (IST) Apr 14

ഉത്തർപ്രദേശിലും മലയാളി നഴ്സിന് കൊവിഡ്

ഉത്തർപ്രദേശിലും മലയാളി നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയെ പരിചരിച്ച നഴ്സാണ് രോഗ ബാധിതയായത്. ഇവിടുത്തെ 25 ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 

05:00 PM (IST) Apr 14

ധാരാവിയിൽ രണ്ട് മരണം കൂടി

ധാരാവിയിൽ രണ്ട് മരണം കൂടി, ആകെ മരണം 7 ആയി. 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 55 ആയി. 

04:59 PM (IST) Apr 14

ആക്ഷേപം തള്ളി ഐസിഎംആർ

ഇന്ത്യയിൽ പരിശോധന കുറവെന്ന ആക്ഷേപം തള്ളി ഐസിഎംആർ. മാർഗനിർദ്ദേശ പ്രകാരമാണ്  പരിശോധനകൾ നടത്തുന്നതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ഐസിഎംആർ.

04:58 PM (IST) Apr 14

22 ലക്ഷം മെട്രിക് ടൺ ധാന്യം സംസ്ഥാനങ്ങൾക്ക്  നൽകിയതായി ആഭ്യന്തര മന്ത്രാലയം

22 ലക്ഷം മെട്രിക് ടൺ ധാന്യം സംസ്ഥാനങ്ങൾക്ക്  നൽകിയതായി ആഭ്യന്തര മന്ത്രാലയം, പരാതി പരിഹാര സെല്ലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും, അവശ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും വിശദീകരണം. 

04:14 PM (IST) Apr 14

പിഎസ്‍സി പരീക്ഷകൾ മാറ്റി

ഈ മാസം 16 മുതൽ അടുത്ത മാസം 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ തീരുമാനം. 

04:13 PM (IST) Apr 14

കാസർകോട് ജില്ലയില്‍ 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനത്തിന് ഏപ്രിൽ 13ന് കാസർകോട് ജില്ലയില്‍ 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  മഞ്ചേശ്വരം - 2, കുമ്പള- 4, കാസര്‍കോട് -5, വിദ്യാനഗര്‍ - 4, ബദിയടുക്ക-3, ആദൂര്‍ - 5, ബേഡകം - 2, മേല്‍പ്പറമ്പ- 5, ബേക്കല്‍-8, ഹോസ്ദുര്‍ഗ്-3, നീലേശ്വരം-3, ചന്തേര-9, വെള്ളരിക്കുണ്ട്- 3, ചിറ്റാരിക്കാല്‍- 5, രാജപുരം-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 25 പേരെ അറസ്റ്റ് ചെയ്തു. 12 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.  ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 828 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  വിവിധ കേസുകളിലായി  1313 പേരെ അറസ്റ്റ് ചെയ്തു. 472 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

04:11 PM (IST) Apr 14

ലോക്ക് ഡൗൺ ഇളവിന്‍റെ കാര്യത്തിൽ തീരുമാനം മറ്റന്നാൾ

ലോക്ക് ഡൗണിൽ ഇളവ് നൽകുന്ന കാര്യത്തിൽ സംസ്ഥാനം മറ്റന്നാൾ തീരുമാനമെടുക്കും.നാളെത്തെ മന്ത്രിസഭാ യോഗം മറ്റന്നാളത്തേക്കു മാറ്റി നാളെ കേന്ദ്ര മാർഗ നിർദേശം വരുന്ന സാഹചര്യത്തിലാണ് നടപടി.

04:03 PM (IST) Apr 14

കർണാടകത്തിൽ ഒരു മരണം കൂടി

കർണാടകത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 9 ആയി. ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

04:02 PM (IST) Apr 14

ലോക്ക് ഡൗൺ നീളുന്നത് പാവങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കും എന്ന് സിപിഎം

ലോക്ക് ഡൌൺ നീളുന്നത് പാവങ്ങളുടെ ദുരിതം ഇരട്ടിപിക്കും എന്ന് സിപിഎം പിബി. ജനങ്ങൾ എന്ത് ചെയ്യണം എന്നു പറഞ്ഞ പ്രധാന മന്ത്രി സർക്കാർ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കുന്നില്ല. സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രം എത്തിക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ടവരിലേക്കും സഹായം എത്തണമെന്നും സിപിഎം.

04:02 PM (IST) Apr 14

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

ലോക്ക് ഡൗണിൽ സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ചാർട്ടേർഡ് അക്കൗണ്ടൻ്റുമാർക്കും ടാക്സ് പ്രാക്ടീഷണർ മാർക്കും ബുധനാഴ്ച ഓഫീസ് തുറക്കാം. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഉള്ള പ്രിൻ്റിംഗ് പ്രസ്സുകൾ വെള്ളിയാഴ്ച്ച തുറക്കാം. 

04:01 PM (IST) Apr 14

മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ വരെ നീട്ടി

മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ മേയ് 3 വരെ നീട്ടി. 

04:00 PM (IST) Apr 14

കേന്ദ്രത്തിനെതിരെ സ്റ്റാലിൻ

ലോക്ക് ഡൗൺ നീട്ടികൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശാജനകമെന്ന് സ്റ്റാലിൻ. ജനങ്ങൾക്ക് സാമ്പത്തിക സഹായവും അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്തുകയുമാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ പ്രസംഗം കൊണ്ട് മാത്രം കാര്യമില്ലെന്നും സ്റ്റാലിൻ.

03:59 PM (IST) Apr 14

ഗർഭിണി അതിർത്തി കടന്നു


​​കർണാടകത്തിൽ കുടുങ്ങിയ ഗർഭിണി കേരള അതിർത്തി കടന്നു, ബത്തേരി താലൂക്ക് ആശുപത്രിയിൽ ക്വാറൻ്റീൻ ചെയ്യും.ഒപ്പമുള്ളവരുടെ കാര്യത്തിൽ വൈകാതെ തീരുമാനം

03:59 PM (IST) Apr 14

മുഴുവൻ പണവും തിരിച്ചു നൽകുമെന്ന് ഐആർസിടിസി


റദ്ദാക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് മുഴുവൻ പണവും തിരിച്ചു നൽകുമെന്ന് ഐആർസിടിസി. ഇ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണമെന്നില്ല. മുഴുവൻ തുകയും അക്കൗണ്ടിൽ  തിരിച്ചെത്തുമെന്നും  വിശദീകരണം.

03:29 PM (IST) Apr 14

മഹാരാഷ്ട്രയിൽ 121 പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിൽ 121 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 2455 ആയി. 

03:29 PM (IST) Apr 14

വിമാന സർവ്വീസുകളും 3 വരെ ഇല്ല

രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസ് മേയ് 3 വരെ ഇല്ല. രാജ്യാന്തര സർവ്വീസുകളും മേയ് 3 വരെ തുടങ്ങില്ലെന്ന് പ്രഖ്യാപനം. ഡിജിസിഎ ആണ് ഇക്കാര്യത്തിൽ ഉത്തരവിറക്കിയത്. 

12:28 PM (IST) Apr 14

വൈറസ് പോയെന്ന് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി

 സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞത് കൊണ്ട് വൈറസ് പോയെന്ന് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. ആരോഗ്യവകുപ്പിന്റെ കണ്ണിൽപെടാത്ത ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കിൽ അയാളിൽ നിന്ന് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
 

12:27 PM (IST) Apr 14

പരിശീലന പരിപാടികൾ റദ്ദ് ചെയ്തതായി സായ്

എല്ലാ പരിശീലന ക്യാമ്പുകളും മെയ് 3 വരെ റദ്ദു ചെയ്തതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ. 

12:24 PM (IST) Apr 14

മേയ് മൂന്ന് വരെയുള്ള സർവ്വീസുകളും റദ്ദ് ചെയ്തതായി റെയിൽവേ

ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ മേയ് 3 വരെയുള്ള  സർവ്വീസുകൾ റദ്ദു ചെയ്തതായി റെയിൽവേ അറിയിച്ചു. 

 

12:23 PM (IST) Apr 14

സിനിമാ മേഖലയ്ക്ക് ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബർ

ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ സിനിമാ മേഖലയ്ക്ക് ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബർ. ഷൂട്ടിംഗ് കഴിഞ്ഞ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ അനുമതി വേണമെന്നാണ് ആവശ്യം. എഡിറ്റിംഗ്, ഡബ്ബിംഗ് എന്നിവയ്ക്ക് 5ൽ കുറഞ്ഞ ആളുകളേ ജോലിക്ക് ഉണ്ടാകൂ എന്നും ഫിലിം ചേംബർ. ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.