Published : Jun 03, 2024, 07:15 PM ISTUpdated : Jun 04, 2024, 10:56 PM IST

Lok Sabha Election Results 2024 Highlights: നിറംമങ്ങി എൻഡിഎ, കേരളത്തിൽ യു‍ഡിഎഫ്!

Summary

ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. തീ പാറുന്ന പോരാട്ടമാണ് രാജ്യമെങ്ങും നടക്കുന്നത്. 

Lok Sabha Election Results 2024 Highlights: നിറംമങ്ങി എൻഡിഎ, കേരളത്തിൽ യു‍ഡിഎഫ്!

10:40 PM (IST) Jun 04

ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ; റീകൗണ്ടിങ് പൂർത്തിയായി

റീകൗണ്ടിങ് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തന്നെ ലീഡ് നിലനിർത്തി. 684 വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ  984 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി രണ്ടായിരത്തിൽ താഴെ വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചതോടെ എൽഡിഎഫ് പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിങ് ആവശ്യപ്പെടുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷം റീ കൗണ്ടിങ് പൂ‍ത്തിയായപ്പോൾ അടൂർ പ്രകാശ് തന്നെയാണ് വിജയിച്ചതെങ്കിലും ലീഡ് 684 വോട്ടുകളായി കുറഞ്ഞു. 

09:26 PM (IST) Jun 04

40 വ‍ർഷത്തിന് ശേഷം അലഹബാദ് തിരിച്ചുപിടിച്ച് കോൺഗ്രസ്

നാൽപത് വർഷത്തിന് ശേഷം അലഹബാദ് ലോക്സഭാ തെരഞ്ഞെടുപ്പ് തിരികെ പിടിച്ച് കോൺഗ്രസ്. 1984ന് ശേഷമാണ് അലഹബാദിൽ കോൺഗ്രസിന് വിജയം കാണാനാവുന്നത്. 58,795 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ഉജ്യൽ രാമൻ സിങാണ് ഇന്ന് അലഹബാദിൽ വിജയിച്ചത്. അവസാനമായി ഇവിടെ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സിനിമ താരം അമിതാഭ് ബച്ചനായിരുന്നു.

09:24 PM (IST) Jun 04

എൻ‍ഡിഎയിൽ തന്നെയെന്ന് ചന്ദ്രബാബു നായിഡു

എൻഡിഎയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി ചന്ദ്രബാബു നായിഡു. മോദിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് അദ്ദേഹം എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ആന്ധ്രയിലെ ജനവിധി എൻഡിഎയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദിക്കൊപ്പം നിന്ന് ആന്ധ്രയുടെ പ്രതാപം വീണ്ടെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് നായിഡുവിന്റെ നിലപാട്.

09:20 PM (IST) Jun 04

പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

തെര‌ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നിലെ പ്രതിപക്ഷത്തെ പരിഹസിച്ച് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യം ഒറ്റക്ക് ജയിച്ച സീറ്റുകള്‍ ബിജെപിക്ക് ഒറ്റക്ക് നേടി. രാജ്യത്തെ ജനം ബിജെപിയിലും എന്‍ഡിഎയിലും ജനം പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും മോദി..

09:19 PM (IST) Jun 04

വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ; പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുന്നു

ഇനിയൊരു മത്സരത്തിന് തത്കാലം ഇല്ലെന്നും താൻ കുരുതിയ്ക്ക് നിന്നുകൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറ‌ഞ്ഞു. പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് പ്രധാനമന്ത്രിയെത്തി, സുനിൽ കുമാറിനായി മുഖ്യമന്ത്രി വന്നു. തനിക്ക് വേണ്ടി ആരും വന്നില്ല. ഡികെ ശിവകുമാർ വന്നത് സൂര്യൻ കത്തിനിൽക്കുമ്പോഴായിരുന്നു. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നാണെന്നും ഇനി മത്സര രംഗത്തില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ തനിക്ക് ദുഃഖമുണ്ടാകുമായിരുന്നില്ല. എന്നാൽ താൻ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചില്ല എന്നതാണ് സങ്കടം. ലീഗിലെ എല്ലാ നേതാക്കളും തനിക്കായി വന്നുവെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസുകാരനായി നിലനിൽക്കും. തത്കാലം ഒരു കമ്മിറ്റികളിലേക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.  

09:19 PM (IST) Jun 04

അയോദ്ധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ ബിജെപി തോറ്റു

അയോധ്യ ഉള്‍പ്പെടെന്ന ഉത്തർപ്രദേശിലെ ഫൈസബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് തോല്‍വി. സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി അവ്ദേഷ് പ്രസാദ് ഇവിടെ നിന്ന് വിജയിച്ചു. 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമാജ്‍വാദി പാർട്ടിയുടെ വിജയം.

09:19 PM (IST) Jun 04

ആറ്റിങ്ങലിൽ റീകൗണ്ടിങ്

ഫോട്ടോ ഫിനിഷിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളുടെ റീകൗണ്ടിങ് നടക്കും. എൽഡിഎഫ് റീ കൗണ്ടിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

09:19 PM (IST) Jun 04

ഏത് മണ്ഡലത്തിൽ തുടരുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തിൽ ഏത് മണ്ഡലത്തിൽ തുടരുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടിലൊരു മണ്ഡലത്തിൽ മാത്രമേ തുടരാൻ സാധിക്കൂ എന്നും അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

09:18 PM (IST) Jun 04

സ്വന്തം ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത്

കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് വോട്ടു ചെയ്ത പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ അദ്ദേഹം മൂന്നാം സ്ഥാനത്ത്. ഇവിടെ എൻ.കെ പ്രേമചന്ദ്രൻ - 427 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിജി.  കൃഷ്ണകുമാർ - 275 വോട്ടുകളും നേടിയപ്പോൾ മുകേഷിന് 181 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വന്തം മണ്ഡലത്തിലും മുകേഷിന് തിരിച്ചടിയാണ് ലഭിച്ചത്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ മാത്രം 23792 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ലഭിച്ചു.

09:18 PM (IST) Jun 04

ഭൂരിപക്ഷം ഉയർത്തി എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തിന് മുകളിലെത്തി. 1,50,302 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ എൻ.കെ പ്രേമചന്ദ്രന് ലഭിച്ചത്. ഇത് മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്.

09:18 PM (IST) Jun 04

മോദി രാജിവെക്കണമെന്ന് മമത ബാന‍ർജി

മോദിക്ക് ധാർമികപരമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് മമതാ ബാനർജി. അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്തു. ഉദ്ദവ് താക്കറെ, കെജ്രിവാള്‍, ശരത് പവാർ എന്നിവരുമായി താന്‍ സംസാരിച്ചു. ടിഡിപിയേയും ജെഡിയുവിനെയും ഊന്നുവടികളായി ഉപയോഗിക്കുകയാണ് ബിജെപി. കഴിയാവുന്ന എല്ലാ സഖ്യകക്ഷിനേതാക്കളുമായും ചർച്ച നടത്തുമെന്നും മമത പറഞ്ഞു.

09:18 PM (IST) Jun 04

മോദിക്കും അമിത്ഷാക്കുമെതിരായ പോരാട്ടമായിരുന്നെന്ന് രാഹുൽ ഗാന്ധി

ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്ന മോദിക്കും, അമിത് ഷാക്കുമതിരായ പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഭരണഘടന സ്ഥാപനങ്ങളെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടം. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും, കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദിയെന്നും ഈ രാജ്യത്തെ തകർക്കാൻ മോദിയേയും, അമിത് ഷായേയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിജയം സമ്മാനിച്ചത് സാധാരണക്കാരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി. കോൺഗ്രസ് എന്നും ഒപ്പമുണ്ടാകും. നാളെ ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേർന്ന് തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

07:58 PM (IST) Jun 04

പ്രതിപക്ഷത്തിരിക്കാൻ തയ്യാറെന്ന് സൂചിപ്പിച്ച് ഖാർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് മല്ലികാർജുൻ ഖാർഗെ. മോദിയും ജനങ്ങളും തമ്മിലായിരുന്നു പോരാട്ടം. ജനങ്ങൾ തിരസ്കരിച്ചു. വിധി മോദിക്കെതിരാണ്. ബിജെപിയുടെ മുഖത്തെ ജനം തള്ളിപ്പറഞ്ഞു. ഇത് മോദിയുടെ പരാജയമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം ഫലപ്രദമായിരുന്നു. ജനകീയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയെ പോലും മോദി അപമാനിച്ചു. രാഹുലിന്റെ യാത്രകൾ ജനങ്ങൾ സ്വീകരിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഭരണഘടനയെ തകർക്കാനുള്ള നീക്കത്തിന് കിട്ടിയ അടിയാണിത്. 
നിയമവാഴ്ചയെ വെല്ലുവിളിച്ച് നേതാക്കളെ ജയിലിലടക്കുന്നതിനുള്ള മറുപടിയാണ്. ഭരണഘടനയെ രക്ഷിക്കാൻ സമാന മനസ്കരുമായി വരും ദിവസങ്ങളിൽ കൈകോർക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറ‌ഞ്ഞു.

07:57 PM (IST) Jun 04

അമിത് ഷായ്ക്ക് 7,44,716 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ മത്സരിച്ച ബിജെപി നേതാവ് അമിത് ഷാ വിജയിച്ചു. 7,44,716  വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2019ൽ 5,56,390 ആയിരുന്ന ഭൂരിപക്ഷമാണ് അദ്ദേഹം ഉയർത്തിയത്. ഭറൂച്ചിൽ ആംആദ്മി സ്ഥാനാ‍ർത്ഥി ചൈതർവസാവ തോറ്റു. ബനസ്കന്ധയിൽ കോണ്ഗ്രസ് സ്ഥാനാർത്ഥി ഗെനിബെൻ ഠാക്കൂർ ജയമുറപ്പിച്ചു.
 

07:57 PM (IST) Jun 04

മധുരയിൽ സിപിഎമ്മിന് വിജയം

തമിഴ്നാട്ടിലെ മധുരയിൽ സിപിഎം സ്ഥാനാർത്ഥി എസ് വെങ്കിടേഷൻ ജയിച്ചു. 2,00,847 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. മധുരയിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് വേണ്ടി മത്സരിച്ച രാമ ശ്രീനിവാസൻ 2,17,653 വോട്ടുകൾ നേടി. എഐഎഡിഎംകെ സ്ഥാനാർത്ഥി പി ശരവണൻ മൂന്നാം സ്ഥാനത്താണ്.

07:57 PM (IST) Jun 04

തമിഴ്നാട്ടിൽ എൻഡിഎയുടെ തകർച്ച പൂർണം

സംസ്ഥാനത്ത് എൻഡിഎയുടെ അവസാന പ്രതീക്ഷയായിരുന്ന ധർമംപുരിയിലും ഡിഎംകെ സ്ഥാനാർത്ഥി ജയിച്ചു. ഇവിടെ എൻഡിഎയുടെ സൗമ്യ അൻപുമണി 20,000 വോട്ടിനാണ് തോറ്റത്. ഇതോടെ തമിഴ്നാട്ടിൽ ഒരു സീറ്റിലും ബിജെപിക്കും എൻഡിഎയ്ക്കും വിജയിക്കാനായില്ല. 

05:27 PM (IST) Jun 04

വരാണസിയിൽ മോദി ജയിച്ചു; ഭൂരിപക്ഷം കുത്തനെ ഇടി‌ഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1,52,513 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണത്തെ തെര‌ഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 3,26,992 വോട്ടുകളുടെ കുറവാണ് മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് പി.സി.സി പ്രസിഡന്റുമായ അജയ് റായാണ് വലിയ മത്സരം കാഴ്ച വെച്ച് മോദിയെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തളച്ചത്. മോദി 6,12,970 വോട്ട് പിടിച്ചപ്പോള്‍ അജയ് റായ് 4,60,457 വോട്ട് പിടിച്ചു

05:23 PM (IST) Jun 04

അപരന്മാരെ നിർത്തി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് അടൂർ പ്രകാശ്

ആറ്റിങ്ങലിൽ തനിക്ക് അപരന്മാരെ നിർത്തി തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. എതിർ സ്ഥാനാർഥിയുടെ പേരിൽ എനിക്കും അപരന്മാരെ നിർത്താമായിരുന്നു. എന്നാൽ രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് അതുത് ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലധികം വോട്ടുകളാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച അടൂർ പ്രകാശിന്റെ അപരന്മാർ നേടിയത്.

05:18 PM (IST) Jun 04

ഫോട്ടോ ഫിനിഷിനൊടുവിൽ ജയിച്ചുകയറി അടൂർ പ്രകാശ്

കടുത്ത മത്സരം നടന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂ‍ർ പ്രകാശ് 1708 വോട്ടുകൾക്ക് ജയിച്ചു. ഇടതു സ്ഥാനാർത്ഥി വി ജോയിയുമായി അവസാന ഘട്ടം വരെ ശക്തമായ മത്സരമാണ് അടൂർ പ്രകാശ് നടത്തിയത്. ലീ‍ഡ് നിലകൾ പലതവണ മാറി മറി‌ഞ്ഞു. 

05:16 PM (IST) Jun 04

തോൽവി അംഗീകരിക്കുന്നു; പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ

തെര‌ഞ്ഞെടുപ്പിലെ വലിയ തോൽവി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദൻ. തോൽവി അംഗീകരിക്കുന്നു. പരിശോധിച്ച് പാർട്ടി മുന്നോട്ടുപോകും. തൃശ്ശൂരിൽ കോൺഗ്രസിന് കുറഞ്ഞ ഒരുലക്ഷത്തോളം വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. അത് അംഗീകരിക്കുന്നു. സർക്കാർ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥി നി‍ർണയവും പ്രചരണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും എം.വി ഗോവിനന്ദൻ പറഞ്ഞു.

05:11 PM (IST) Jun 04

സ്മൃതി ഇറാനി തോറ്റു

രാഹുൽ ഗാന്ധിയെ മത്സരിക്കാൻ വെല്ലുവിളിച്ച സ്മൃതി ഇറാനി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ കിഷോറിലാൽ ശർമ്മക്ക് ഇവിടെ 1,50,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. കിഷോറിലാൽ ശർമ്മ 5,09,269 വോട്ടുകൾ നേടിയപ്പോൾ, സ്മൃതി ഇറാനി 3,53,481 വോട്ടുകളാണ് മണ്ഡലത്തിൽ നിന്ന് നേടിയത്.

05:06 PM (IST) Jun 04

ആറ്റിങ്ങലിൽ ജയം ഉറപ്പിച്ച് അടൂർ പ്രകാശ്

ഫോട്ടോ ഫിനിഷിനൊടുവിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ജയം ഉറപ്പിച്ചു. 1708 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. വോട്ടെണ്ണൽ പൂർത്തിയാവാൻ ഇനി അൽപസമയം കൂടി മാത്രമേ ബാക്കിയുള്ളൂ. 
 

05:00 PM (IST) Jun 04

ഫോട്ടോ ഫിനിഷിലേക്ക് ആറ്റിങ്ങൽ; അടൂർ പ്രകാശ് മുന്നിൽ

ഫോട്ടോ ഫിനിഷിനൊടുവിൽ  ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയത്തിലേക്കെന്ന് സൂചന. 846 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. ഇനി ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ എണ്ണാൻ ബാക്കിയുള്ളത്.  

04:47 PM (IST) Jun 04

രാഹുലിന് റായ്ബറേലിയിൽ നാലര ലക്ഷം ഭൂരിപക്ഷം

വയനാടിന് പുറമെ രാഹുൽ ഗാന്ധി മത്സരിച്ച ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാലര ലക്ഷത്തിലേക്ക് എത്തുന്നു. ദിനേശ് പ്രതാപ് സിങാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. വയനാട്ടിലും മൂന്നര ലക്ഷത്തിന് പുറത്താണ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം

04:42 PM (IST) Jun 04

സ്മൃതി ഇറാനി തോൽവിയിലേക്ക്; ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് പിന്നിൽ

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാന് അമേഠി മണ്ഡലത്തിൽ തോൽവിയുടെ വക്കിൽ. നിലവിൽ ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് സ്മൃതി ഇറാനി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പിന്നിലാണ്. 4,68,141 വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർത്ഥി കിശോരിലാൽ നേടിയത്. സ്മൃതി ഇറാനിക്ക് ലഭിച്ചതാവട്ടെ 3,38,691 വോട്ടുകളും

04:38 PM (IST) Jun 04

വീണ്ടും മാറിമറി‌ഞ്ഞ് ആറ്റിങ്ങൽ, അടൂർ പ്രകാശ് മുന്നിലേക്ക്

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ വീണ്ടും ലീഡ് നിലയിൽ മാറ്റം. എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വീണ്ടും മുന്നിലെത്തി. 610 വോട്ടുകളാണ് അടൂർ പ്രകാശിന്റെ ഏറ്റവും ഒടുവിലത്തെ ലീഡ്.

04:36 PM (IST) Jun 04

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി കൂടുതൽ പിന്നിലേക്ക്

അയോധ്യ ഉള്‍പ്പെടുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിൽ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥി അവ്ദേഷ് പ്രസാദ് ലീഡ് ഉയർത്തുന്നു. ബിജെപി സ്ഥാനാർത്ഥിയേക്കാള്‍ 47935 വോട്ടിന് അദ്ദേഹം ഇപ്പോൾ മുന്നിലാണ്. ബിജെപി സ്ഥാനാർത്ഥി ലല്ലു സിങിന് 4,20,588 വോട്ടുകളാണ് ലഭിച്ചത്.

04:31 PM (IST) Jun 04

കണക്കുകൾ വൈകുന്നു; തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമെന്ന് മനു അഭിഷേക് സിങ്‍വി

വോട്ടിങ് നില കൃത്യമായി പുറത്തുവിടാത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി. ഇക്കാര്യത്തിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ തെര‌ഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു. ഓരോ റൗണ്ടിലെയും വിവരങ്ങൾ ലഭ്യമാക്കുന്നില്ല. പുതിയ കണക്കുകൾ നൽകാൻ അര മണിക്കൂറിലധികം സമയമെടുക്കുന്നു. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

04:21 PM (IST) Jun 04

ഇടുക്കിയിൽ കൗണ്ടിങ് അവസാനിച്ചു; ഡീനിന് ലീഡ് 1,33,727

ഇടുക്കിയിൽ വോട്ടെണ്ണൽ പൂർ‍ത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചുഡീൻ കുര്യാക്കോസ് 4,27,128 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള ജോയിസ് ജോർജിന്  2,95,975 വോട്ടുകളും ലഭിച്ചു. 90,663 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി അഡ്വ സംഗീത വിശ്വനാഥന് ഇടുക്കിയിൽ ലഭിച്ചത്.

04:14 PM (IST) Jun 04

ആറ്റിങ്ങലിൽ ലീഡുയർത്തി വി.ജോയ്

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി ജോയ് ലീഡ് ഉയർത്തുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിച്ചതനുസരിച്ച് ജോയുടെ ലീഡ് 1534 ആണ്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശുമായി ഇഞ്ചോടിഞ്ച് മത്സരമാണ് ഇവിടെ നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ വലിയ മത്സരം കാഴ്ചവെച്ചെങ്കിലും ഒരുഘട്ടത്തിലും ഒന്നാം സ്ഥാനത്തേക്കോ രണ്ടാം സ്ഥാനത്തേക്കോ എത്തിയില്ല. വി മുരളീധരൻ മൂന്ന് ലക്ഷത്തിലധികം വോട്ടുകൾ നിലവിൽ മറികടന്നു.

04:10 PM (IST) Jun 04

അസദുദ്ദീൻ ഒവൈസിക്ക് മൂന്നര ലക്ഷം ഭൂരിപക്ഷത്തോടെ ജയം

ഹൈദരാബാദിൽ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മൂന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം. 6,53,626 വോട്ടുകൾ നേടിയ അദ്ദേഹം രണ്ടാം സ്ഥാനാത്തുള്ള ബിജെപി സ്ഥാനാർത്ഥിയേക്കാൾ 3,35,635 വോട്ടുകളാണ് അധികം നേടിയത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്. 

04:04 PM (IST) Jun 04

അവസാന റൗണ്ടിൽ ലീഡുയർത്തി; ആലത്തൂരിൽ ജയമുറപ്പിച്ച് കെ രാധാകൃഷ്ണൻ

ആലത്തൂരിൽ അവസാന റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ ലീഡ് വർദ്ധിപ്പിച്ചു. നിലവിൽ 20,143 വോട്ടുകളുടെ ലീഡാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കെ രാധാകൃഷ്ണനുള്ളത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസും മൂന്നാം സ്ഥാനാത്ത് ബിജെപി സ്ഥാനാർത്ഥി ഡോ. ടി.എൻ സരസുവുമാണുള്ളത്.

04:01 PM (IST) Jun 04

ഫലം അംഗീകരിക്കുന്നു, തിരുവനന്തപുരത്ത് തുടരുമെന്ന് രാജീവ് ചന്ദ്രശേഖർ

തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഫലം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് തുടരും. താൻ പോസിറ്റീവ് പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. അതിലൂടെ വോട്ട് വിഹിതം കൂട്ടാനായി. എന്നാൽ കടുത്ത മത്സരമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ പറ‌ഞ്ഞു. 

03:56 PM (IST) Jun 04

തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം മാത്രം

തമിഴ്നാട്ടിൽ എല്ലാ മണ്ഡലത്തിലും ഇന്ത്യ സഖ്യത്തിന് ലീഡ് തുടരുന്നു. പുതുച്ചേരി അടക്കം ആകെയുള്ള നാൽപത് മണ്ഡലങ്ങളിൽ നാൽപതിലും ഡിഎംകെ സഖ്യം തന്നെയാണ് ലീ‍ഡ് ചെയ്യുന്നത്. 

03:54 PM (IST) Jun 04

പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്ന് വി.ഡി സതീശൻ

യുഡിഎഫിന്റെ ജയത്തിൽ വോട്ടർമാരെ അഭിനന്ദിച്ച് വി.ഡി സതീശൻ. കേരളത്തിലെത് അഭിമാനമായ ജയമാണ്. യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണിത്. തൃശ്ശൂരിൽ അപ്രതീക്ഷിത തോൽവിയുണ്ടായി. അപകടകരമായ നീക്കം നടക്കുന്നു എന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണ്. ബിജെപിയും സിപിഎമ്മും ഗൂഢാലോചന നടത്തിയതാണ് തോൽവിക്ക് കാരണം. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും ഇക്കാര്യം യുഡിഎഫ് പരിശോധിക്കുമെന്നും വി.ഡി സതീശൻ പറ‌ഞ്ഞു. 

03:50 PM (IST) Jun 04

ജനവിധി അംഗീകരിക്കുന്നു; പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്ന് എം.വി ജയരാജൻ

ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്ന് സിപിഎം നേതാവ് എം.വി ജയരാജൻ പറ‌ഞ്ഞു. പ്രാഥമിക പരിശോധനയിൽ വിവിധ സ്ഥലങ്ങളിലെ വോട്ടിംങ് പാറ്റേൺ ഒരേ രീതിയിലാണെന്ന് കാണുന്നു. യു.ഡി.എഫിന് കേരളത്തിലെമ്പാടും ഉണ്ടായ പിന്തുണയുടെ പ്രതിഫലനമാണിത്. എക്സിറ്റ് പോൾ പ്രസ്താവനകളെ അസ്ഥാനത്താക്കിയുള്ള ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്നും ബിജെപിക്ക് ഒരു ബദൽ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ സുരേഷ് ഗോപിയുടേത് ഒറ്റപ്പെട്ട വിജയമാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

03:46 PM (IST) Jun 04

സംസ്ഥാന രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കെ സുരേന്ദ്രൻ

തൃശൂരിലെ ബിജെപിയുടെ ജയം സംസ്ഥാന രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ പൊതു ചിത്രം വ്യക്തമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി താമര ചിഹ്നത്തിൽ ബിജെപി വൻ വിജയം നേടി. രാജ്യത്ത് എവിടെ ജയിച്ചാലും കേരളത്തിൽ ബി.ജെ.പി ജയിക്കില്ലെന്ന് വലിയ പ്രചാരണം നടത്തി. അതിനെയെല്ലാം അതിജീവിച്ചാണ് ഈ വിജയം. എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റമുണ്ടാക്കിയെന്നും തിരുവനന്തപുരത്ത് ശശി തരൂരിന് എൽ.ഡി.എഫിന്റെ സഹായം കിട്ടിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. 

03:33 PM (IST) Jun 04

തൃശ്ശൂരിൽ വോട്ടെണ്ണൽ സമാപിച്ചു; സുരേഷ് ഗോപിക്ക് ലീഡ് മൂക്കാൽ ലക്ഷത്തോളം

തൃശൂരിൽ വോട്ടെണ്ണൽ അവസാനിച്ചതായി തെര‌ഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ലീഡ് മുക്കാൽ 74,840 വോട്ടുകളിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് അഡ്വ. വി.എസ് സുനിൽകുമാറും മൂന്നാം സ്ഥാനത്ത് കെ. മുരളീധരനുമാണ്. ആകെ വോട്ടുകളിൽ 409302 വോട്ടുകൾ സുരേഷ് ഗോപിക്കും 334462 വോട്ടുകൾ അഡ്വ. വി.എസ് സുനിൽ കുമാറിനും 324810 വോട്ടുകൾ കെ. മുരളീധരനും ലഭിച്ചു.

03:29 PM (IST) Jun 04

പിണറായിയുടെ ബൂത്തിൽ ഇരട്ടിയായി ബിജെപി വോട്ടുകൾ; ഇടിഞ്ഞ് എൽഡിഎഫ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി കണക്കുകൾ. 2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി ഉയരുകയായിരുന്നു. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറയുകയും ചെയ്തു. 2019ൽ എൽഡിഎഫിന് 517 വോട്ട് ലഭിച്ചത് ഇത്തവണ 407 വോട്ടുകളായി കുറയുകയായിരുന്നു. 

03:24 PM (IST) Jun 04

ഹിന്ദി ഹൃദയ ഭൂമിയിൽ ഇന്ത്യ സഖ്യം ചലനമുണ്ടാക്കിയെന്ന് ശരദ് പവാർ

യു.പിയിലെ ഫലം കാണിക്കുന്നത് സാഹചര്യം മാറി എന്നാണ്. ഈ ഘട്ടത്തിൽ ദേശീയതലത്തിലെ സാധ്യതകൾ മുന്നണി പ്രയോജനപ്പെടുത്തും എന്ന് പവാർ. ഹിന്ദി ഹൃദയ ഭൂമിയിൽ ഇന്ത്യ സഖ്യം ചലനമുണ്ടാക്കിയെന്ന് ശരദ് പവാർ. നിതിഷ് കുമാറുമായി ഫോണിൽ സംസാരിച്ചില്ല ആരുമായും സംസാരം നടന്നിട്ടില്ലെന്ന് ശരദ് പവാർ.