ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

01:48 PM (IST) Jan 19
തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
01:48 PM (IST) Jan 19
കൊച്ചി കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
01:47 PM (IST) Jan 19
സ്വതന്ത്രമായി ചലിക്കാന്‍ പോലുമാകാത്ത വിധം അപൂര്‍വ രോഗം ബാധിച്ച മൂന്നു സഹോദരങ്ങളുടെയും അവരുടെ നിര്‍ധന മാതാപിതാക്കളുടെയും ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശികളായ കൃഷ്ണന്‍റെയും ബിന്ദുവിന്‍റെയും മക്കളായ മൂന്നു യുവ സഹോദരങ്ങളാണ് പ്രേക്ഷകരുടെയും വൈദ്യ സമൂഹത്തിന്‍റെയും സഹായം തേടുന്നത്.
01:47 PM (IST) Jan 19
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
01:47 PM (IST) Jan 19
വനിതാ കൗൺസിലർമാർ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് കാറിൽ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് വധഭീഷണി മുഴക്കിയെന്നും കലാ രാജു വെളിപ്പെടുത്തി. വസ്ത്രം വലിച്ചുകീറി തന്നെ അപഹാസ്യയാക്കി. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്.
01:46 PM (IST) Jan 19
കൂത്താട്ടുകുളത്തെ ഇടത് കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയില്ലെന്ന് ന്യായീകരിച്ച് സിപിഎം നേതൃത്വം. പാർട്ടി തീരുമാനപ്രകാരം അവരുൾപ്പെടെയുളള 13 കൗൺസിലർമാർ ഏരിയ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്നു. നല്ലരീതിയിൽ സംസാരിച്ച് പിരിഞ്ഞ കലാ രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.വി. രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
01:45 PM (IST) Jan 19
ആലപ്പുഴയിൽ അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
01:45 PM (IST) Jan 19
എൻ.എം.വിജയന്റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎൽഎ ഐസി ബാലകൃഷ്ണൻ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും. വയനാടിന് പുറത്തുള്ള ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചൻ ജില്ലയിൽ തിരിച്ചെത്തും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
01:45 PM (IST) Jan 19
കൂത്താട്ടുകുളത്ത് ഇടത് കൗൺസിലറെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോയതില്‍ കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്. കൗൺസിലർ കലാ രാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കലുൾപ്പെടെയുളള കൂടുതൽ വകുപ്പ് ചുമത്താനാണ് പൊലീസ് തീരുമാനം. അന്യായമായി സംഘം ചേർന്ന് പ്രകോപനമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിലവില്‍ 45 പേർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.