പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ തീരുമാനം.

12:47 PM (IST) Nov 25
നാലു വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന് ഇന്ന് ഒരുവയസ്. അന്വേഷണങ്ങൾ പലത് നടന്നെങ്കിലും കുറ്റക്കാർക്കെതിരെ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. കേരളം ഞെട്ടലോടെ കേട്ട അപകടത്തിനിടയാക്കിയ ഓപ്പണ്‍ എയർ ഓഡിറ്റോറിയവും ആളനക്കമില്ലാതെ പഴയ അവസ്ഥയിൽ തന്നെ.
12:47 PM (IST) Nov 25
ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ 2 ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
12:47 PM (IST) Nov 25
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
12:46 PM (IST) Nov 25
അങ്കണവാടിയിൽ വീണതിനെ തുടർന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
12:46 PM (IST) Nov 25
ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വയനാട് ജില്ലയിൽ ഉണ്ടായത് വലിയ വോട്ട് ചോർച്ച. മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി 171 ബൂത്തുകളിൽ എൻഡിഎയ്ക്കും പിന്നിലാണ് എൽഡിഎഫ്. മന്ത്രി ഒ ആർ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിൽ പോലും ലീഡ് പിടിക്കാൻ എൽഡിഎഫിന് ആയില്ല.
12:45 PM (IST) Nov 25
പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് ഇന്നുണ്ടാകും. റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി സിയാദ് മരിക്കുന്നത്.
12:45 PM (IST) Nov 25
പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു
06:39 AM (IST) Nov 25
കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബുവാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്.
06:38 AM (IST) Nov 25
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ മാസം 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകള്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്.