Farm Laws ‌| 'കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരും' ; വൈറലായി രാഹുലിന്‍റെ അന്നത്തെ വാക്കുകള്‍

Web Desk   | Asianet News
Published : Nov 19, 2021, 02:14 PM IST
Farm Laws ‌| 'കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരും' ; വൈറലായി രാഹുലിന്‍റെ അന്നത്തെ വാക്കുകള്‍

Synopsis

'എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചൊളൂ, കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും' എന്നാണ് അന്ന് രാഹുല്‍ പ്രസ്താവിച്ചത്. 

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ (farm laws)  പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Narendra Modi)  പ്രഖ്യാപനം വന്നതിന് പിന്നാലെ വൈറലായി രാഹുല്‍ ഗാന്ധിയുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റ് (Twitter) ചെയ്ത ട്വീറ്റിലെ വാചകങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വര്‍ഷം ജനുവരി 14ന് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ നടത്തിയ പ്രസ്താവനയാണ് ഇത്.

'എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചൊളൂ, കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും' എന്നാണ് അന്ന് രാഹുല്‍ പ്രസ്താവിച്ചത്. ഇതിന്‍റെ ലഘുവീഡിയോയാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അന്ന് പുറത്തുവിട്ടത്. ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപ്പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നുണ്ട്. 

'ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ എനിക്ക് അഭിമാനമുണ്ട്, അവര്‍ക്ക് എന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും, എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ'- 22 സെക്കന്‍റ് വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെയാണ്.

ഇന്ന് രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്താണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തെരുവിൽ സമരം ചെയ്തത്.  സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ  സമരം രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. 

2020  സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ  പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്റിലെ നടപടി. 

പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി,  ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു.  സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന്  കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു.  നവംബർ 26ന് ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി. 

ആകെ 12 വട്ടമാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയത്. ഡിസംബർ 3 നായിരുന്നു സർക്കാറിന്റെ കർഷകരുമായുള്ള  ആദ്യ ചർച്ച. നിയമം പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചാണ് കേന്ദ്ര സർക്കാർ പ്രതിനിധികളെത്തിയത്. പിന്നീടുള്ള ചർച്ചകളിൽ നിയമത്തിൽ ഭേദഗതികളാകാം എന്ന നിലയിലേക്ക് കേന്ദ്രസർക്കാരെത്തി. എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചായിരുന്നു കർഷകർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്