രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികം നാളെ, വെല്ലുവിളിയായി കൊവിഡും, ചൈന തർക്കവും

By Web TeamFirst Published May 29, 2020, 10:36 AM IST
Highlights

കൊവിഡ് വ്യാപനത്തിനൊപ്പം ലഡാക്ക് അതി‍ർത്തിയിലെ ചൈനീസ് കടന്നു കയറ്റവും തലവേ​ദന സൃഷ്ടിക്കുമ്പോൾ ആണ് സ‍ർക്കാരിന്റെ ഒന്നാം വ‍ാർഷികം കടന്നു വരുന്നത്. 

ദില്ലി: രണ്ടാം നരേന്ദ്രമോദി സർക്കാരിന് നാളെ ഒരു വയസ്സ്. 2019 മെയ് 30-നാണ് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാമതും ചുമതലയേറ്റത്. അധികാരമേറ്റെടുക്കുന്ന ഘട്ടത്തിലും തുടർന്നുള്ള മാസങ്ങളിലും അഭ്യന്തരമന്ത്രി അമിത്ഷായായിരുന്നു വിവാദ ബില്ലുകളിലൂടേയും രാഷ്ട്രീയ വിവാദങ്ങളിലൂടേയും കേന്ദ്രസർക്കാരിൻ്റെ മുഖമായി നിന്നതെങ്കിൽ കൊവിഡ് പ്രതിസന്ധിയോടെ ചിത്രം മാറി.

രാഷ്ട്രീയ വിവാദങ്ങളല്ലാതെ കാര്യമായ വെല്ലുവിളികളോ പ്രതിസന്ധികളോ നേരിടാതെയാണ് രണ്ടാം മോദി സ‍ർക്കാർ അധികാരത്തിൽ ആദ്യത്തെ പത്ത് മാസം പൂ‍ർത്തിയാക്കിയത്. എന്നാൽ കൊവിഡ് വ്യാപനത്തിനൊപ്പം ലഡാക്ക് അതി‍ർത്തിയിലെ ചൈനീസ് കടന്നു കയറ്റവും തലവേ​ദനയാവുമ്പോൾ ആണ് സ‍ർക്കാരിന്റെ ഒന്നാം വ‍ാർഷികം കടന്നു വരുന്നത്. 

ജനത ക‍ർഫ്യു മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദില്ലിയിലെ ഒരേയോരു അധികാരകേന്ദ്രമായി മുന്നിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും ലോക്ക് ഡൗണിൻ്റെ മേൽനോട്ടം ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമാണെങ്കിലും കടന്നു പോയ രണ്ട് മാസത്തെ ലോക്ക് ഡൗണിൽ ഒരിക്കൽ പോലും ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയോ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല. 

സാധാരണ​ഗതിയിൽ വലിയ പ്രചാരത്തോടെ ആഘോഷിക്കപ്പെടേണ്ട സ‍ർക്കാരിൻ്റെ വാ‍ർഷികം കൊവിഡ് പശ്ചാത്തലത്തിൽ ഡിജിറ്റൽ ആഘോഷമാക്കി മാറ്റാനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ സ‍ർക്കാർ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി അണികൾക്ക് നി‍ർദേശം നൽകിയിട്ടുണ്ട്. 

ബിജെപിയുടെ രാഷ്ട്രീയ ചാണക്യനും പാ‍ർട്ടി അധ്യക്ഷനുമായ അമിത്ഷായെ ആഭ്യന്തരമന്ത്രിയാക്കുക വഴി വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു എന്ന സൂചന നൽകിയാണ് രണ്ടാം മോദി സ‍ർക്കാ‍ർ അധികാരമേറ്റത്. പതിറ്റാണ്ടുകളായി ബിജെപി അജൻഡയിലുള്ള വിഷയങ്ങൾ നടപ്പാക്കാനായിരുന്നു അധികാരമേറ്റുള്ള ആദ്യത്തെ മാസങ്ങളിൽ ബിജെപിയുടെ ശ്രമം.

ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളയൽ, സംസ്ഥാനത്തെ രണ്ടായി വിഭജിക്കൽ, ലഡാക്കിന് കേന്ദ്രഭരണപ്രദേശപദവി - ഇങ്ങനെ തൊട്ടാൽ പൊള്ളുന്ന അജൻഡകളെല്ലാം അമിത് ഷാ ബില്ലുകളാക്കി പാ‍ർലമെൻ്റിൽ എത്തിച്ചു. പ്രതിപക്ഷ നിരയിലെ വിള്ളൽ കൂടി ഉപയോ​ഗപ്പെടുത്തി ഇവ കേന്ദ്രസർക്കാ‍ർ പാസാക്കിയെടുത്തു. 

സംസ്ഥാന വിഭജനത്തിന് പിന്നാലെ ജമ്മു കശ്മീരിൽ കഴിഞ്ഞ ആ​ഗസ്റ്റിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. കശ്മീ‍ർ ബില്ലിന് പിന്നാലെ മുത്തലാഖ് നിരോധനബില്ലും രാജ്യസഭ കടന്നു. ഇതിനു പിന്നാലെ പൗരത്വഭേദ​ഗതി ബിൽ കൂടിയെത്തിയതോടെ ദേശീയ രാഷ്ട്രീയം ഇളകിമറിഞ്ഞു. 

മുസ്ലീം ന്യൂനപക്ഷവിഭാ​ഗം ഒന്നാകെ ബില്ലിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ജാമിയ മിലിയ അടക്കമുള്ള സ‍ർവ്വകലാശാലകളിൽ വിദ്യാ‍ർത്ഥി പ്രക്ഷോഭം ആരംഭിച്ചു. ഇതിനിടെയാണ് കൊവിഡ് വൈറസ് വ്യാപനം രാജ്യത്തുണ്ടായത്. ഇതോടെ പ്രതിഷേധങ്ങൾ താത്കാലികമായി തണുത്തു. 

വി​ദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കറെ തന്റെ വിദേശകാര്യമന്ത്രിയാക്കി കൂടുതൽ സജീവമായ ഒരു വിദേശനയം താൻ സ്വീകരിക്കും 
എന്ന വ്യക്തമായ സന്ദേശം മോദി നൽകിയിരുന്നു. എന്നാൽ ആദ്യത്തെ ഒരു വ‍ർഷം പിന്നിടുമ്പോൾ വിദേശരാജ്യങ്ങളുടെ മുന്നിൽ ആദ്യത്തെ അഞ്ച് വ‍ർഷത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമൊന്നും നടത്താൻ മോദിക്കോ ഇന്ത്യൻ സർക്കാരിനോ സാധിച്ചിട്ടില്ല. 

ട്രംപുമായി മോദിക്കുള്ള അടുപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ശക്തിപ്പെടുത്തിയെന്ന് നിസ്സംശയം പറയാം. മോദിയുടെ പ്രത്യേക താത്പര്യപ്രകാരം ട്രംപിന് ​ഇന്ത്യയിൽ നൽകിയ സ്വീകരണവും അമേരിക്കയിൽ നടന്ന ഹൗഡി- മോദി പരിപാടിയും ഇരുനേതാക്കളും നയതന്ത്ര താത്പര്യത്തിനപ്പുറം സ്വയമുള്ള ഇമേജ് ബിൽഡിം​ഗിന് കൂടി പ്രയോജനപ്പെടുത്തിയെന്ന വിമ‍ർശനം ശക്തമാണ്. 

ഹൗഡി - മോദി വേദിയിൽ വച്ച് ആബ് കീ ബാ‍ർ ട്രംപ് സ‍ർക്കാ‍ർ എന്ന് മോദി പറഞ്ഞത് വലിയ വിവാദമായി. വിദേശത്ത് പോയി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതല്ല ഇന്ത്യൻ പ്രധാനമന്ത്രിയുടെ പണിയെന്നായിരുന്നു ഇതിനോടുള്ള പ്രതിപക്ഷത്തിൻ്റെ പരിഹാസം. അതേസമയം കൊവിഡ് കാലത്ത് അമേരിക്കയ്ക്ക് വെൻ്റിലേറ്ററും മുപ്പതോളം രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറോക്കെയ്നും പാരാസെറ്റ് മോൾ മരുന്നുകളും നൽകിയ ഇന്ത്യയുടെ നടപടി രാജ്യത്തിന് കീ‍ർത്തിയേകി. 

എന്നാൽ ആത്മമിത്രവും അയൽവാസിയുമായിരുന്ന നേപ്പാൾ ഇന്ത്യയോട് ഇടഞ്ഞതും ചൈനയോട് അടുത്തതും വിദേശകാര്യവിദ​ഗ്ധരെ പോലും ഞെട്ടിച്ചു. മോദിയുടെ നേരിട്ടുള്ള താത്പര്യത്തിൽ ചൈനീസ് പ്രസിഡൻ്റ ഷീ ജിൻ പിം​ഗിന് മഹാബലിപുരത്ത് വമ്പൻ സ്വീകരണമൊരുക്കിയെങ്കിലും മാസങ്ങൾക്കുള്ളിൽ ഇപ്പോൾ ലഡാക്ക് അതി‍ർത്തിയിൽ ഇരുരാജ്യങ്ങളുടേയും സൈനികർ തമ്മിൽ ഇപ്പോഴും മുഖാമുഖം നിൽക്കുകയാണ്. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അതി‍ർത്തിയിൽ  ഇന്ത്യക്കെതിരെ പാകിസ്ഥാൻ - ചൈന - നേപ്പാൾ അച്ചുതണ്ട് രൂപപ്പെട്ടേക്കാം എന്ന മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നതാണ്. 

ചൈനയേയും പാകിസ്ഥാനേയും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഏഷ്യൻ രാജ്യം എന്ന നിലയിലാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. പക്ഷേ വെട്ടൊന്ന് തുണ്ടം രണ്ടെന്ന നിലയിൽ എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുന്ന ട്രംപ് ഭാവിയിൽ ഇന്ത്യയ്ക്ക് എന്തു ​ഗുണം ചെയ്യുമെന്ന് കണ്ടറിയണം.  

കൃത്യസമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് വഴി പത്ത് ലക്ഷം വരെ കൊവിഡ് കേസുകൾക്കുള്ള സാധ്യതയാണ് ഇന്ത്യ ഇല്ലാതാക്കിയതെന്ന ലോകാരോ​ഗ്യസം​ഘടനയുടെ നിരീക്ഷണം മോദി സ‍‍ർക്കാരിന് അഭിമാനിക്കാൻ വക നൽകുന്നു. എന്നാൽ രണ്ടു മാസത്തെ ലോക്ക്ഡൗണിന് ശേഷവും രോഗികളുടെ എണ്ണം ഉയർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യം കേന്ദ്രസ‍ർക്കാരിന് വലിയ തലവേദനയാവും സൃഷ്ടിക്കുക. നേരത്തെ തന്നെ പ്രകടമായിരുന്ന സാമ്പത്തിക ഞെരുക്കം കഴിഞ്ഞ രണ്ടുമാസത്തിൽ രൂക്ഷമായിട്ടുണ്ട്.

ഇതരസംസ്ഥാനതൊഴിലാളികളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. കൊവിഡ് നേരിടാനുള്ള നീക്കങ്ങളും സംസ്ഥാനങ്ങളെ കൂടെ നിറുത്തിയുള്ള തന്ത്രവും നരേന്ദ്രമോദിയുടെ ജനപിന്തുണ വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ സമയബന്ധിതമായി കൊവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യം പുറത്ത് കടന്നില്ലെങ്കിൽ മോ​ദി ജനരോഷം നേരിടേണ്ടി വരും. 

click me!