ജാമിയയിൽ അക്രമമുണ്ടാക്കിയത് 'പുറത്ത് നിന്നുള്ളവർ'? പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് റിപ്പോർട്ട്

Published : Dec 15, 2019, 08:00 PM ISTUpdated : Dec 15, 2019, 08:16 PM IST
ജാമിയയിൽ അക്രമമുണ്ടാക്കിയത് 'പുറത്ത് നിന്നുള്ളവർ'? പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് റിപ്പോർട്ട്

Synopsis

പുറത്ത് നിന്നുള്ളവരെ അറസ്റ്റ് ചെയ്യാനായി ജാമിയ മിലിയ സർവകലാശാലയ്ക്കുള്ളിലേക്ക് പൊലീസ് കയറിയതാണെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അക്രമമുണ്ടായത് വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെയല്ലെന്നും സർവകലാശാല തന്നെ വിശദീകരിക്കുന്നു. 

ദില്ലി: ജാമിയ മിലിയ സ‍ർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടാം ദിനവുമുണ്ടായ സമരങ്ങൾ അക്രമാസക്തമായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ. ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയ ചില 'പുറത്തു നിന്നുള്ളവരെ' അറസ്റ്റ് ചെയ്യാനാണ് പൊലീസ് അകത്തേക്ക് കയറിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അക്രമാസക്തമായ സമരത്തിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് സർവകലാശാലയും വിശദീകരിക്കുന്നു. എന്തായാലും ക്യാമ്പസിനകത്തേക്ക് കയറിയ പൊലീസ് ജാമിയയിലെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.

ഇതിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളോട് കൈ ഉയർത്തിപ്പിടിച്ച് കീഴടങ്ങുന്ന മട്ടിൽ പുറത്തേക്ക് ഇറങ്ങാൻ പൊലീസ് നിർദേശം നൽകിയെന്ന് അവർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് തെളിയിക്കുന്ന ചില ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ പുറത്തുവിടുന്നു. 

എന്നാൽ അക്രമത്തിന് ഇരയായ എത്ര പേരുണ്ട് ക്യാമ്പസിനകത്ത് എന്നതിൽ കൃത്യമായ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല. ക്യാമ്പസിനകത്തെ ശുചിമുറിയിൽ ബോധരഹിതരായി കിടക്കുന്ന വിദ്യാർത്ഥികളുടെയും തല്ലിത്തകർക്കപ്പെട്ട വാഷ് ബേസിനുകളുടെയും ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. 

വൈകിട്ടോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരത്തിനിടെ അക്രമമുണ്ടായത്. ക്യാമ്പസിനടുത്തുള്ള പ്രദേശങ്ങളിൽ നാല് ബസ്സുകൾ അടക്കം പത്ത് വാഹനങ്ങൾ കത്തിച്ചു. സുഖ്‍ദേബ് ബിഹാർ, ഫ്രണ്ട്സ് കോളനി പരിസരങ്ങളിൽ വൻ അക്രമം അരങ്ങേറി. പൊലീസ് ക്യാമ്പസിനകത്തേക്ക് തുടർച്ചയായി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. എല്ലാ ഗേറ്റുകളും പൊലീസ് അടച്ചു. ഫയർഫോഴ്സിന്‍റേതടക്കമുള്ള വാഹനങ്ങൾ കത്തിച്ചു.

പൊലീസിന് നേരെ കല്ലേറുണ്ടായി എന്നാണ് ആരോപിക്കപ്പെടുന്നത്. തിരികെ പൊലീസ് ക്യാമ്പസിനകത്തേക്ക് വെടി വച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത് തെളിയിക്കാനുള്ള ചില ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്തുവിടുന്നു. നിരവധി വിദ്യാർത്ഥികൾക്കും മൂന്ന് പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. 

അതേസമയം, ലൈബ്രറിയിലേക്കും പൊലീസ് ഇരച്ചുകയറിയതായി വിദ്യാർത്ഥികൾ പറയുന്നു. ഇത് വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലൈബ്രറിയ്ക്ക് അകത്തേക്ക് കണ്ണീർ വാതകഷെല്ലുകൾ എറിഞ്ഞ്, അത് മുറികൾക്കുള്ളിൽ പരക്കുന്ന ദൃശ്യങ്ങളാണ് വിദ്യാർത്ഥികൾ പുറത്തുവിടുന്നത്. 

ഇതിനിടെ വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് തല്ലുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്നും ആരോപണങ്ങളുയരുന്നു. 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്