ഒഡീഷയില്‍ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

By Web TeamFirst Published Sep 30, 2019, 3:10 PM IST
Highlights

ഞായറാഴ്ച പ്രദേശത്ത് കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. എല്ലാവരും പലവഴിക്ക് ചിതറിയോടി. 

ഭുവനേശ്വര്‍: കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേറ്റ കൃഷിക്കാരന്‍ മരിച്ചു. സ്ഥിരമായി കാട്ടാനകളുടെ ആക്രമണം നേരിടുന്ന ഒ‍‍ഡീഷയിസെ ഗംഗാജല്‍ ഗ്രാമത്തിലാണ് ആനകള്‍ കൂട്ടമായെത്തി ആളുകളെ ആക്രമിച്ചത്. 15 ഓളം ആനകളാണ് സുന്ദര്‍ഗഡിലെ ഈ ചെറിയ ഗ്രാമത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ഞായറാഴ്ച പ്രദേശത്ത് കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. എല്ലാവരും പലവഴിക്ക് ചിതറിയോടി. എന്നാല്‍ കിഷോര്‍ പ്രധാന് ഓടി രക്ഷപ്പെടാനായില്ല. ഇയാളെ ആനക്കൂട്ടം ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിക്കുകയും സുന്ദര്‍ഗഡിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. 

ഒരു മണിക്കൂറോളം ബൈജു എക്സ്പ്രസ് വേയില്‍ ഗതാഗത തടസ്സമുണ്ടാക്കിയ ആനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുരത്തുന്നതിനിടയിലാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്ക് പാഞ്ഞെത്തിയത്. 
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. 

പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം മനുഷ്യനും ആനയും തമ്മിലുണ്ടാകുന്ന ആക്രമണങ്ങളില്‍ 2015 - 2016 വര്‍ഷത്തില്‍ 469 മനുഷ്യരും 104 ആനകളുമാണ് കൊല്ലപ്പെട്ടത്. 2016-17 വര്‍ഷത്തില്‍ ഇത് യഥാക്രമം 516 ഉം 89 ഉം ആയിരുന്നു. 2017 - 18 ല്‍ ഈ മരണസംഖ്യ പിന്നെയും ഉയര്‍ന്നു. 501 മനുഷ്യരും 105 ആനകളും കൊല്ലപ്പെട്ടു. 

click me!