ഐ ലവ് മുഹമ്മദ് വിവാദം: ബറേലിയിലും ബുൾഡോസർ നടപടി, ഓഡിറ്റോറിയമടക്കം നിരവധി കെട്ടിടങ്ങൾ പൊളിച്ച് നീക്കി

Published : Oct 04, 2025, 06:15 PM IST
Bulldozer

Synopsis

ബറേലിയിലും ബുൾഡോസർ നടപടി. ഓഡിറ്റോറിയമടക്കം നിരവധി കെട്ടിടങ്ങൾ പൊളിച്ച് നീക്കി. ഡോ. നഫീസ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള റാസ പാലസ് എന്ന വിവാഹ മണ്ഡപം ബറേലി വികസന അതോറിറ്റി പൊലീസ് സേനയുടെ സാന്നിധ്യത്തിൽ പൊളിച്ചുമാറ്റി.

ബറേലി: ബറേലിയിലും ബുൾഡോസർ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. സമീപ ദിവസങ്ങളിൽ ഐ ലവ് മുഹമ്മദ് വിവാ​ദവുമായി ബന്ധപ്പെട്ട് നഗരത്തിൽ സംഘർഷമുണ്ടായിരുന്നു. തുടർന്നാണ് ന​ഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ജില്ലാ ഭരണകൂടം ശനിയാഴ്ച പൊളിക്കൽ നടപടിയുമായി രം​ഗത്തെത്തിയത്. ശനിയാഴ്ച രാവിലെ, ജാഖിര പ്രദേശത്തെ ഡോ. നഫീസ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള റാസ പാലസ് എന്ന വിവാഹ മണ്ഡപം ബറേലി വികസന അതോറിറ്റി പൊലീസ് സേനയുടെ സാന്നിധ്യത്തിൽ പൊളിച്ചുമാറ്റി. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൗലാന തൗഖീർ റാസ അഭയം പ്രാപിച്ചതായി ആരോപിക്കപ്പെടുന്ന ഫർഹത്തിന്റെ വീട് ഭരണകൂടം സീൽ ചെയ്തു. കൂടാതെ, മുനിസിപ്പൽ കോർപ്പറേഷൻ സൈലാനി പ്രദേശത്ത് കടകളുടെയും വീടുകളുടെയും അനധികൃത വിപുലീകരണങ്ങൾ നീക്കം ചെയ്തു.

സെപ്റ്റംബർ 26നാണ് സംഘർഷമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തിവീശി. അക്രമ സംഭവങ്ങളിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രാർഥന കനത്ത പൊലീസ് സുരക്ഷയിലാണ് നടന്നത്. ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ ചീഫ് പുരോഹിതന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ട എട്ട് അനധികൃത സ്വത്തുക്കൾ പൊളിച്ചുമാറ്റാൻ സാധ്യതയുള്ളതായി ബറേലി ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. ബറേലി ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ), ജില്ലാ ഭരണകൂടം എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഫായിഖ് എൻക്ലേവ്, ജഗത്പൂർ, പഴയ നഗരം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ പരിശോധിച്ചു. തൗഖീർ റാസയുടെ കൂട്ടാളികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ശൃംഖല അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

ഈ ഇന്ത്യൻ പോസ്റ്റ് ഓഫീസ് '24 മണിക്കൂറും വെള്ളത്തിൽ'! ലോകത്ത് വേറെയില്ല, വെറൈറ്റി കാഴ്ചയൊരുക്കി ഫ്ലോട്ടിം​ഗ് പോസ്റ്റ് ഓഫീസ്
ഇന്ത്യയിലെ നി​ഗൂഢമായ തടാകം; മഞ്ഞ് ഉരുകുമ്പോൾ തെളിയുന്നത് തലയോട്ടികൾ, രൂപ്കുണ്ഡ് തടാകത്തിലെ ഞെട്ടിക്കുന്ന കാഴ്ചകൾ