
ദില്ലി: കേരള തീരത്ത് ചൈനീസ് കാർഗോ കപ്പലിന് തീപിടിച്ചപ്പോൾ ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന. കേരളത്തിലെ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്നർ കപ്പലായ എംവി വാൻ ഹായ് 503ന് തീപിടിച്ചത്. കപ്പലിലെ 22 ജീവനക്കാരിൽ 18 പേരെ ഇന്ത്യൻ നാവികസേനയും മുംബൈ കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. ഇതില്‍ 14 പേര്‍ ചൈനീസ് പൗരന്മാരാണ്. ചൈനീസ് എംബസി വക്താവ് യു ജിംഗാണ് ഇന്ത്യൻ രക്ഷാ സംഘത്തിന് നന്ദി പറഞ്ഞ് എക്സിൽ പോസ്റ്റ് ചെയ്തത്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് എംബസി പ്രതീക്ഷ പ്രകടിപ്പിച്ചു.
തീപ്പിടുത്തമുണ്ടായ സിംഗപ്പൂർ കപ്പലിൽ 2240 ടൺ ഇന്ധനവുമുണ്ടെന്നതും അതിനടുത്തേക്ക് തീ പടർന്നിട്ടുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. 157 ഇനം അത്യന്തം അപായകരമായ വസ്തുക്കൾ കണ്ടെയ്നുകളിലുണ്ടെന്നാണ് കാർഗോ മാനിഫെസ്റ്റോയിൽ നിന്നും ലഭിക്കുന്ന വിവരം. കണ്ടെയ്നറുകൾ തെക്കൻ കേരളാ തീരത്തേക്ക് എത്താനുള്ള സാധ്യതയുമേറുകയാണ്.
കപ്പലിൽ ആകെ 1754 കണ്ടെയ്നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്. 21,600 കി.ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു.പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.