അതിവേ​ഗം ഇന്ത്യ, സിന്ധുവിന്‍റെ ഉപനദികളിലെ വെള്ളം രാജസ്ഥാനിലേക്ക് തിരിച്ചുവിടാൻ സാധ്യതാ പഠനം ആരംഭിച്ചതായി റിപ്പോർട്ട്

Published : Jun 07, 2025, 02:59 PM IST
The gates of the Salal Dam open as the Chenab river swells up due to heavy rainfall

Synopsis

കനാൽ നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടും.

ദില്ലി: സിന്ധുനദിയുടെ പ്രധാന ഉപനദികളിലെ ജലം രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന ബൃഹദ് പദ്ധതിയുമായി ഇന്ത്യ. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ചെനാബ്-രവി-ബിയാസ്-സത്‌ലജ് ലിങ്ക് കനാൽ പദ്ധതിയുടെ നിർമ്മാണത്തിനായി ഇന്ത്യ സാധ്യതാ പഠനം ആരംഭിച്ചു. കനാൽ നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടും. 

ഇതിനായി 130 കിലോമീറ്റർ നീളത്തിലുള്ള കനാൽ രണ്ടു വർഷം കൊണ്ട് നിർമിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടാം ഘട്ടത്തിൽ കനാലിന്റെ നീളം 70 കിലോമീറ്റർ വർധിപ്പിച്ച് വെള്ളം യമുനയിലെത്തിക്കും. ഇതോടെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ദില്ലി സംസ്ഥാനങ്ങളിലും വെള്ളം ഉപയോ​ഗിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ചെനാബിൽ നിന്ന് 15-20 ദശലക്ഷം ഏക്കർ അടി (MAF) വെള്ളം ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയിലേക്ക് ഒഴുക്കിവിടാൻ പദ്ധതി നിർദ്ദേശിക്കുന്നു.

കൂടാതെ, ജമ്മു, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിലവിലുള്ള കനാൽ സംവിധാനം വിലയിരുത്താൻ സംഘത്തെ നിയോ​ഗിച്ചു. ചെനാബിൽ നിന്ന് ഈ കനാലുകളിലൂടെ തിരിച്ചുവിടുന്ന വെള്ളം ശരിയായ രീതിയിൽ വിതരണം ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുകയും കനാൽ സംവിധാനം പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നിക്ഷേപം തീരുമാനിക്കുകയും ചെയ്യുമെന്ന് ജൽശക്തി മന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ ഇതുവരെ ഇന്ത്യയ്ക്ക് നാല് കത്തുകൾ അയച്ചു. പാക്ക് ജലവിഭവ വകുപ്പ് സെക്രട്ടറി സയ്യീദ് അലി മുർത്താസ ഇന്ത്യൻ ജൽ ശക്തി വകുപ്പിന് അയച്ച കത്തുകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്