ഓസ്ട്രേലിയയിൽ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാർ ഇതോടെ സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി. നിരോധനം മറികടന്ന് കുട്ടികൾക്ക് ആപ്പുകൾ ലഭ്യമാക്കിയാൽ കമ്പനികൾക്ക് കൂറ്റൻ പിഴ ചുമത്തും.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തിൽ വന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാർ ഇതോടെ സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി. നിരോധനം മറികടന്ന് കുട്ടികൾക്ക് ആപ്പുകൾ ലഭ്യമാക്കിയാൽ കമ്പനികൾക്ക് കൂറ്റൻ പിഴ ചുമത്തും. ലോകത്തിന് ഓസ്‌ട്രേലിയ മാതൃക ആവുകയാണെന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചത്. ഓൺ ലൈനിൽ കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും കുറയ്ക്കുകയാണ് ഈ നിയമനിർമ്മാണങ്ങളുടെ പ്രധാന ലക്ഷ്യം.
16 വയസ്സിന് താഴെയുള്ള ഓസ്‌ട്രേലിയക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുന്നതും ഉപയോഗിക്കുന്നതും നിന്നോ കമ്പനികൾ തടയാൻ ആവശ്യമായ നടപടികൾ എടുക്കണമെന്നാണ് നിർദ്ദേശം. സോഷ്യൽ മീഡിയയുടെ ഉപയോഗം കാരണം കുട്ടികൾക്ക് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്, ടിക് ടോക്ക്, എക്സ് യൂട്യൂബ്, റഡ്ഡിറ്റ്, തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. നിയമം പാലിക്കാത്ത കമ്പനികൾക്ക് 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്.
നിരോധനത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്കകളും വിമർശനങ്ങളും ഉയരുന്നുണ്ട്. കമ്പനികളും ചില കൗമാരക്കാരും മാതാപിതാക്കളുമാണ് പ്രധാനമായും എതിർപ്പ് ഉന്നയിക്കുന്നത്. നിരോധനം വന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറികടക്കാൻ കൗമാരക്കാർ വ്യാജ വിവരങ്ങൾ നൽകാനുള്ള സാധ്യതയുണ്ടെന്നതാണ് പ്രധാന വെല്ലുവിളി. കമ്പനികൾ നിലവിൽ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സർക്കാർ ഐഡി, അല്ലെങ്കിൽ മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയർ പോലുള്ള വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. പ്രായപരിശോധനയ്ക്കായി വ്യക്തിഗത വിവരങ്ങൾ നൽകുമ്പോൾ ഉണ്ടാകുന്ന സ്വകാര്യതാ പ്രശ്നങ്ങളും നിലനിൽക്കുന്നു.
ഓസ്ട്രേലിയയുടെ വഴിയിലേക്ക് യൂറോപ്യൻ രാജ്യങ്ങളും
ഓസ്‌ട്രേലിയയുടെ നടപടി യൂറോപ്യൻ രാജ്യങ്ങളിലും ചർച്ചയാക്കുന്നുണ്ട്. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുറോപ്യൻ യൂണിയൻ പ്രമേയം പാസാക്കി. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള ചില പദ്ധതികളും പ്രഖ്യാപിച്ചു. എന്നിരുന്നാലും,13 ,14 വയസ്സുള്ളവർക്ക് മാതാപിതാക്കളുടെ അനുമതിയോടെ ചില പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ ഇളവ് നൽകിയേക്കാം.


