അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ പഴിക്കുന്ന ആദ്യ റിപ്പോർട്ടിനെതിരെ പ്രതിഷേധം, സർക്കാർ പൈലറ്റ് സംഘടനകളെ കാണും

Published : Jul 14, 2025, 07:38 AM IST
Visual from the site of plane crash site in Ahmedabad earlier this month (Photo/ANI)

Synopsis

കോക്പിറ്റിലെ സംഭാഷണം മാത്രം കണക്കിലെടുക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം തുടരുമെന്ന് സഹമന്ത്രി മുരളി മഹോൾ വിശദീകരിച്ചു.

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, വിമാനാപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരുടെ സംഘടനകളെ സർക്കാർ കാണും. കോക്പിറ്റിലെ സംഭാഷണവുമായി ബന്ധപ്പെടുത്തി പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ബാലിശമാണെന്നും, ഇന്ധന സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്ര തകരാര്‍ സംഭവിച്ചോയെന്നത് പരിശോധിക്കണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോക്പിറ്റിലെ സംഭാഷണം മാത്രം കണക്കിലെടുക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം തുടരുമെന്ന് സഹമന്ത്രി മുരളി മഹോൾ വിശദീകരിച്ചു.

 എന്നാൽ ബോയിങ് വിമാനാപകടവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സുരക്ഷ മുന്നറിയിപ്പ് വേണ്ടെന്നാണ് യുഎസ് ഏജൻസികളുടെ നിലപാട്. തൽക്കാലം സാങ്കേതിക പരിശോധനയ്ക്ക് എന്തെങ്കിലും മാർഗ്ഗനിർദ്ദേശം തയ്യാറാക്കേണ്ടതില്ലെന്ന് നിലപാട്.

എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായതിന് പിന്നില്‍ പൈലറ്റുമാരാണെന്ന ധ്വനിയാണ് എയര്‍ക്രാഫ്റ്റ്  ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം മുഴുവന്‍ പുറത്ത് വിടാതെ സംശയം ജനിപ്പിക്കുന്ന ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ടില്‍ പങ്ക് വച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം അടക്കം ആരോപണമുന്നയിക്കുന്നു. പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നതില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ട്. പൈലറ്റുമാരുടെ സംഘടനയും, കൊല്ലപെട്ടവരുടെ ബന്ധുക്കളും അതൃപ്ച്തി പരസ്യമാക്കിയതിന് പിന്നാലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പോരായ്മയിലേക്ക് അന്വേഷണം നടത്തുന്ന എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ മുന്‍ തലവനും വിരല്‍ ചൂണ്ടി. 

ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായതിന് പിന്നില്‍ യന്ത്രത്തകരാറോ, ഇലക്ട്രിക്കല്‍ പ്രശനങ്ങളോ ഉണ്ടായിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയില്‍ വരമമെന്നാണ് അരബിന്ദോ ഹൻഡ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. 

കരിപ്പൂര്‍ വിമാനദുരന്തിലടക്കം ഹണ്ടയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രാഥമിക റിപ്പോര്‍ട്ടിനെ പ്രതിപക്ഷവും സംശയത്തോടെയാണ് കാണുന്നത്. ഏറ്റവുമൊടുവില്‍ ചേര്‍ന്ന പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ അന്വേഷണ സമിതിയുടെ ഘടനയിലടക്കം അതൃപ്തി അറിയിച്ച് വ്യോമയാന മന്ത്രാലയത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 

അഹമ്മദാബാദ് ദുരന്തവും അതിന് പിന്നാലെ നടന്ന സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ , ബോയിംഗ് കമ്പനികളെയും എപിഎസി കുറ്റപ്പെടുത്തുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വിമാനകമ്പനികളുടെ സുരക്ഷ പാളിച്ചയിലേക്ക് അന്വേഷണം നീണ്ടാല്‍ വ്യോമയാന മന്ത്രാലയത്തിനും ക്ഷീണമാകും.അത് പ്രതിരോധിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ശക്തമാകുകയാണ്. 

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം