
തിരുവനന്തപുരം: കേരളത്തിലേതുപോലെ വൈദ്യുതി പ്രതിസന്ധി തമിഴ്‌നാട്ടിലും ശക്തം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പവർകട്ട് ഏർപ്പെടുത്തി. സംഭവത്തിൽ ടിവികെ നേതാവും വൈദ്യുതി മന്ത്രിയുമായ കെ ജഗദീശ്വരിക്ക് നേരെ വൻ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി. വിരുദുനഗർ രാജപാളയത്ത് വോട്ടർമാർക്ക് നന്ദി പറയാൻ എത്തിയപ്പോഴാണ് സംഭവം.
വൈദ്യുതി മുടക്കം പതിവെന്ന പരാതിയുമായാണ് നാട്ടുകാർ മന്ത്രിയുടെ അടുത്തേക്ക് എത്തിയത്. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രസംഗം വേഗം അവസാനിപ്പിച്ച് മന്ത്രി മടങ്ങി. എല്ലാ പരാതിയും പരിഹരിക്കാമെന്ന് ഉറപ്പാണ് മന്ത്രി നാട്ടുകാർക്ക് നൽകിയത്. പവർ കട്ടിൽ തിരുച്ചിറപ്പള്ളിയിലും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. വിജയ് സർക്കാർ 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപണികൾ നടത്തുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.