
മുംബൈ: പേടിഎം പേയ്മെന്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ആർബിഐ. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. 2022 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതും, 2024 മുതൽ നിക്ഷേപവും സ്വീകരിക്കാത്തതുകൊണ്ട് പ്രതിസന്ധികളുണ്ടാകില്ലെന്ന് ആർബിഐ പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ ബാങ്കിലുള്ള നിക്ഷേപം 1395 കോടിയാണ്. നിലവിൽ പേടിഎം ആപ്പ് ഉപയോഗിക്കുന്നവർക്ക് മറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല. യുപിഐ ഇടപാടുകൾ, സൗണ്ട് ബോക്സ്, റീചാർജ്, മറ്റ് സ്ഥാപനങ്ങളുമായി ചേർന്നുള്ള സേവനങ്ങൾ എന്നിവയൊന്നും തടസപ്പെടില്ല. പേടിഎം ആപ്പിന്റെ ഉടമകളായ വൺ97 എന്ന സ്ഥാപനത്തിന് പേടിഎം പേയ്മെന്റ് ബാങ്കിൽ നിക്ഷേപമോ മറ്റ് ബാധ്യതകളോ ഇല്ലെന്നും ആർബിഐ വിശദീകരിച്ചു. അതേസമയം മറ്റ് സേവനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും 2024ൽ തന്നെ ഇതിനായി നടപടികളെടുത്തതാണെന്ന് പേടിഎം വിശദീകരിച്ചു.
പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ബാധ്യതകൾ എല്ലാം കൊടുത്ത് തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ പക്കലുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കിൽ ഡെപോസിറ്റ് ചെയ്തവരുടെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനമെന്നാണ് പേടിഎം പേമെൻ്റ്സ് ബാങ്കിനെ കുറിച്ചുള്ള ആർബിഐ റിപ്പോർട്ട്. അനുവദിച്ച ബാങ്കിങ് ലൈസൻസിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. 1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് ഈ നടപടി. ഇന്നലത്തെ പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ ലൈസൻസ് റദ്ദാക്കൽ പ്രാബല്യത്തിൽ വന്നു. ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 5(b) പ്രകാരമുള്ള 'ബാങ്കിങ്' ബിസിനസ്സോ, സെക്ഷൻ 6-ൽ പറയുന്ന മറ്റ് അനുബന്ധ സേവനങ്ങളോ നൽകാൻ ഇനി ഇവർക്ക് സാധിക്കില്ല. അതേസമയം പേടിഎം യുപിഐ സേവനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.