
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദിൽ ധാബയിലെ പാചകക്കാരന് 46 കോടി രൂപയുടെ ആദായനികുതി നോട്ടീസ്. രവീന്ദർ സിംഗ് ചൗഹാൻ എന്ന 30കാരനാണ് ഭീമമായ തുകയുടെ നോട്ടീസ് ലഭിച്ചത്. തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകി. തന്റെ അക്കൗണ്ടിൽ വർഷത്തിൽ മൂന്ന് ലക്ഷം രൂപയുടെ ഇടപാട് പോലും നടക്കുന്നില്ലെന്ന് ചൗഹാൻ പറഞ്ഞു. പരാതി ലഭിച്ചെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
2019 നവംബറിൽ ചൗഹാൻ ഗ്വാളിയോർ ബൈപാസിലെ ടോൾ പ്ലാസയിൽ മെസ് ഹെൽപ്പറായി ജോലി ചെയ്തിരുന്നപ്പോൾ തന്റെ പ്രോവിഡന്റ് ഫണ്ടിലേക്ക് ബാങ്ക് വിവരങ്ങളും ആധാർ കാർഡ് വിവരങ്ങളും നൽകാൻ സൂപ്പർവൈസർ പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രധുമാൻ സിംഗ് ഭഡോരിയ പറഞ്ഞു. എട്ട് മാസമായി പിഎഫോ ഇൻസെന്റീവുകളോ ഇല്ലാതെ കടന്നുപോയി. പിന്നീട് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനും കഴിഞ്ഞില്ല. ടോൾ പ്ലാസ കരാർ കാലഹരണപ്പെട്ടതോടെ 2023 ൽ അദ്ദേഹത്തിന്റെ ജോലി അവസാനിപ്പിച്ച് പൂനെയിൽ മറ്റൊരു ജോലി തേടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
2025 ഏപ്രിൽ 9 നാണ് ആദ്യത്തെ നോട്ടീസ് ലഭിക്കുന്നത്. ഇംഗ്ലീഷിലായിരുന്നതിനാൽ ചൗഹാനോ ഭാര്യക്കോ അത് മനസ്സിലായില്ല. അതിനാൽ അവർ അവഗണിച്ചു. ജൂലൈ 25 ന് രണ്ടാമത്തെ നോട്ടീസ് വന്നപ്പോഴാണ് പരിശോധിക്കാൻ തീരുമാനിച്ചത്. അഭിഭാഷകനെ കാണിച്ചപ്പോഴാണ് 46 കോടിയുടെ ആദായ നികുതി നോട്ടീസാണെന്ന് പറഞ്ഞുതന്നത്. ഉടന്‍ തന്നെ പൊലീസിനെ സമീപിച്ചു. 2021-22 ലെ വാർഷിക വാർഷിക വരുമാനവുമായി ബന്ധപ്പെട്ട 2020-21 സാമ്പത്തിക വർഷത്തിൽ നികുതി ചുമത്തേണ്ട വരുമാനം 46,18,32,916 രൂപയാണെന്ന് മൂല്യനിർണ്ണയത്തിൽ കണ്ടെത്തിയെന്നും അതിനാൽ, നികുതിദായകന്റെ കേസ് നോട്ടീസ് നൽകുന്നതിന് അനുയോജ്യമാണെന്നും ഐടി ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു മാസത്തിലേറെ തന്റെ അഭിഭാഷകനോടൊപ്പം പ്രവർത്തിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസ്സിലായെന്ന് ചൗഹാൻ പറഞ്ഞു. ഏഴു വർഷം മുമ്പ് തുറന്ന അക്കൗണ്ട് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾക്കായി മറ്റാരോ തുടർച്ചയായി ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ആരോ അത് ഉപയോഗിക്കുന്നത് തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.