
ദില്ലി: രാജ്യം മറ്റൊരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ്. എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യ സ്ഥാാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് പോരാട്ടം. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ വിജയിക്കുന്നവർ സുപ്രധാന പദവിയിലേക്ക് നടന്നുകയറും. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇതുവരെ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ ചരിത്രവും, വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടപടികൾ എങ്ങനെയെന്നും അറിയാം.
രാജ്യത്ത് പതിനാറാം തവണയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 4 തവണ ഉപരാഷ്ട്രപതിമാരെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. ആദ്യത്തെ ഉപരാഷ്ട്രപതിയായ എസ് രാധാകൃഷ്ണൻ 1952 ലും 1957 ലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1979 ൽ മുഹമ്മദ് ഹിദായത്തുള്ളയും 1987 ൽ ശങ്കർ ദയാൽ ശർമ്മയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതുവരെയുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചത് മലയാളിയായ കെ ആർ നാരായണനാണ്. 1992 ൽ നടന്ന തെരഞ്ഞെടുപ്പിൽ 711 വോട്ടുകൾ പോൾ ചെയ്തതിൽ 700 വോട്ടും ലഭിച്ചത് കെ ആർ നാരായണനായിരുന്നു. എതിർ സ്ഥാനാർത്ഥിയായ കാക ജോഗീന്ദറിന് ലഭിച്ചത് ഒരു വോട്ട് മാത്രമാണ്. 10 വോട്ടുകൾ അന്ന് അസാധുവായതും ശ്രദ്ധേയമായി.
1969 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഉപരാഷ്ട്രപതിയായ ജിഎ സ് പതക്കിനെതിരെ 5 എതിർ സ്ഥാനാർത്ഥികളുണ്ടായിരുന്നു. 400 വോട്ടാണ് അന്ന് ജി എസ് പതക്ക് നേടിയത്. ഒരു തവണ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടന്നു. 2007 ലായിരുന്നു അത്. യു പി എ സർക്കാർ സ്ഥാനാർത്ഥിയായിരുന്ന ഹമീദ് അൻസാരിക്കെതിരെ എൻ ഡി എ സ്ഥാനാർത്ഥിയായി നജ്മ ഹെപ്തുള്ളയും മൂന്നാം മുന്നണി സ്ഥാനാർത്ഥിയായി റഷീദ് മസൂദും മത്സരിച്ചു. ആകെ പോൾ ചെയ്ത 736 വോട്ടിൽ 490 വോട്ടും നേടി ഹമീദ് അൻസാരി വിജയിച്ചു. 2012 ലെ തെരഞ്ഞെടുപ്പിലും ഹമീദ് അൻസാരി തന്നെ വിജയിച്ച് ഉപരാഷ്ട്രപതിയായി. എതിർ സ്ഥാനാർത്ഥിയായിരുന്ന ജസ്വന്ത് സിങ്ങിനെതിരെ അന്ന് ഹമീദ് അൻസാരി നേടിയത് 490 വോട്ടാണ്.
ഏറ്റവും അവസാനം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത് 2022 ലാണ്. 780 പേരടങ്ങുന്നതായിരുന്നു അന്നത്തെ ഇലക്ടറൽ കൊളേജ്. ആകെ പോൾ ചെയ്തത് 725 വോട്ട്. എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന ജഗ്ദീപ് ധൻകറിന് ലഭിച്ചത് 528 വോട്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന മാർഗരറ്റ് ആൽവക്ക് ലഭിച്ചത് 182 വോട്ട്. അസാധുവായത് 15 വോട്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രക്രിയയും അൽപം സങ്കീർണ്ണമാണ്. അതുകൊണ്ടുതന്നെ വോട്ട് അസാധുവാകാനുള്ള സാധ്യത കൂടുതലാണ്. ഏറ്റവും കൂടുതൽ വോട്ടുകൾ അസാധുവായത് 1997 ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലാണ്, 46 വോട്ടുകളാണ് അന്ന് അസാധുവായത്. എന്തുകൊണ്ടാണ് ഇത്രയധികം വോട്ടുകൾ അസാധുവാകുന്നതെന്ന് വോട്ടിംഗ് പ്രക്രിയ എങ്ങനെയാണ് എന്നറിഞ്ഞാൽ മനസിലാകും.
ബാലറ്റ് പേപ്പറിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടത്. തെരഞ്ഞെടുപ്പിൽ എത്ര സ്ഥാനാർത്ഥികളുണ്ടോ എത്രയും പേർക്ക് മുൻഗണനാ ക്രമത്തിൽ വോട്ട് ചെയ്യാനുള്ള അവസരം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലുണ്ട്. ഇലക്ടറൽ കൊളേജിലെ അംഗങ്ങൾ ബാലറ്റ് പേപ്പറിൽ ആദ്യ പരിഗണന നൽകുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെ 1 എന്ന് അക്കം രേഖപ്പെടുത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. മറ്റു സ്ഥാനാർത്ഥികൾക്ക് 2, 3 എന്ന് രേഖപ്പെടുത്താനും സാധിക്കും. ഇംഗ്ലിഷ് അക്കത്തിലോ, റോമൻ അക്കത്തിലോ മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. അക്ഷരത്തിൽ എഴുതിയാലും ടിക് മാർക്ക് ഇട്ടാലും വോട്ട് അസാധുവാകും. സ്ഥാനാർത്ഥികളുടെ പേരിന് നേരെയുള്ള കോളത്തിനകത്ത് തന്നെ നമ്പറെഴുതി വോട്ട് രേഖപ്പെടുത്തണം. കോളത്തിന് പുറത്തേക്ക് നീളുന്ന രീതിയിൽ എഴുതിയാലും വോട്ട് അസാധുവാകും.
ഇനി വോട്ടെണ്ണുന്ന രീതി നോക്കാം
പതിവുപോലെ ആകെ പോൾ ചെയ്ത വോട്ടിനെ രണ്ടായി ഹരിച്ച് ഒന്ന് കൂട്ടുന്നതാണ് ഭൂരിപക്ഷം നേടാനുള്ള സംഖ്യ. ആദ്യത്തെ വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിക്കും ഒന്നാം വോട്ടായി ഈ സംഖ്യയിലെത്താൻ സാധിച്ചിട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞ വോട്ട് നേടിയ സ്ഥാനാർത്ഥിയെ മത്സരത്തിൽനിന്നും ഒഴിവാക്കും. ഈ സ്ഥാനാർത്ഥിയുടെ ബാലറ്റ് വീണ്ടും പരിശോധിക്കും. ഇതിൽ രണ്ടാം വോട്ടായി ബാക്കിയുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതും കൂടി ചേർത്ത് എണ്ണും. ഇതിൽ ഭൂരിപക്ഷം നേടാനുള്ള സംഖ്യയെത്തുന്നവർ വിജയിക്കും. ഇത്തവണ രണ്ട് സ്ഥാനാർത്ഥികൾ മാത്രമായതിനാൽ ഒന്നാം റൗണ്ടിൽ തന്നെ വിജയിയെ കണ്ടെത്താനാകും.