പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ, പരിഗണിക്കുന്നത് 2 വർഷത്തിന് ശേഷം  

By Web TeamFirst Published Sep 8, 2022, 1:13 PM IST
Highlights

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി.

ദില്ലി : പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹർജികൾ കോടതിയിൽ എത്തുന്നത്.

പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാർലമെൻറ് പാസാക്കിയത് 2019 ഡിസംബർ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. നിയമത്തെ എതിർത്ത് 140 ഹർജികളാണ് സുപ്രീകോടതിയിൽ എത്തിയത്. കേരള നിയമസഭ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും നിയമത്തെ എതിർത്ത് ഹർജി നല്കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജികൾ നല്കിയിരുന്നു. 

ഡിലിറ്റ് വിവാദം: 'പ്രമേയത്തിന് അനുമതി നൽകിയിരുന്നില്ല', ഉള്ളടക്കം മനസ്സിലായപ്പോൾ തടഞ്ഞെന്ന് കാലിക്കറ്റ് വിസി

മതത്തിൻറെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്ന് ഹർജികളിൽ പറയുന്നു. ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹർജികൾ വന്നത്. പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻവി രമണയും ഹർജികളിൽ വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 

രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിതിൻറെ കാലാവധി നവംബറിൽ തീരുകയാണ്. ഈ സാഹചര്യത്തിൽ ഹർജികളിൽ അവസാന തീരുമാനം ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

click me!