Asianet News MalayalamAsianet News Malayalam

ഡിലിറ്റ് വിവാദം: 'പ്രമേയത്തിന് അനുമതി നൽകിയിരുന്നില്ല', ഉള്ളടക്കം മനസ്സിലായപ്പോൾ തടഞ്ഞെന്ന് കാലിക്കറ്റ് വിസി

പ്രമേയം അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയിരുന്നില്ല. ഇതേക്കുറിച്ച് നേരത്തെ ചർച്ച ചെയ്തിരുന്നില്ലെന്നും വൈസ് ചാൻസലർ പറഞ്ഞു. പ്രമേയ നോട്ടീസ് വായിച്ച ശേഷമാണ് പ്രമേയത്തിലെ ഉള്ളടക്കം അറിഞ്ഞത്.

Calicut University D.Lit controversy, VC explains he has no role 
Author
First Published Sep 8, 2022, 4:38 PM IST

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ്‌. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയാവതരണത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിം വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചു എന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ട്. ഇത് തള്ളിയാണ് വിസി രംഗത്തെത്തിയത്. പ്രമേയം അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയിരുന്നില്ല. ഇതേക്കുറിച്ച് നേരത്തെ ചർച്ച ചെയ്തിരുന്നില്ലെന്നും വൈസ് ചാൻസലർ പറഞ്ഞു. പ്രമേയ നോട്ടീസ് വായിച്ച ശേഷമാണ് പ്രമേയത്തിലെ ഉള്ളടക്കം അറിഞ്ഞത്. ഉടനെ പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞെന്നും സേർച്ച്‌ കമ്മിറ്റിയാണ് വിഷയം ചർച്ച ചെയ്യേണ്ടത് എന്ന് അറിയിച്ചുവെന്നും വൈസ് ചാൻസലർ വ്യക്തമാക്കി, വിഷയം സെർച്ച് കമ്മിറ്റി പരിശോധിക്കുമെന്നും ഡോ. എം.കെ.ജയരാജ് പറഞ്ഞു. 

ഡി- ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം; കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കത്തയച്ചു

കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരവും, വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയം. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയ്യണം എന്ന് പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയത്തിനെതിരെ ചില ഇടതു അംഗങ്ങൾ  വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.

'കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നൽകാനുള്ള നീക്കം തടയണം'; ഗവർണർക്ക് പരാതി

ഒൻപത് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് പേരും ഇടത് ചായ‍്‍വ് ഉള്ളവരാണ്. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക്  പ്രമേയം നൽകാൻ തീരുമാനമായി. മൂന്ന് പേരടങ്ങുന്നതാണ് കമ്മിറ്റി. ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും. സർക്കാരിന്റെ താൽപര്യപ്രകാരമാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് ബഹുമതി നൽകാനുള്ള  പ്രമേയം കൊണ്ടു വന്നതെന്ന  ആക്ഷേപവും ഉയരുന്നിരുന്നു.
 

Follow Us:
Download App:
  • android
  • ios