
ദില്ലി: വളരെ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളെ തുടർന്നോ പ്ലാനുകളിലുണ്ടാകുന്ന മാറ്റങ്ങളെ തുടർന്നോ ഹ്രസ്വദൂര, ദീർഘദൂര യാത്രകൾ പലർക്കും ചെയ്യേണ്ടി വന്നേക്കാം. ഇതിനായി ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നവർക്ക് സീറ്റ് ഉറപ്പിക്കാനുള്ള മാർഗമാണ് തത്കാൽ ടിക്കറ്റുകൾ. അത്യാവശ്യ യാത്രക്കാർക്കായുള്ള ഒരു ബുക്കിംഗ് സംവിധാനമാണിത്. യാത്രാ ദിവസത്തിന് ഒരു ദിവസം മുൻപാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക. എസി ക്ലാസുകൾ രാവിലെ 10 മണിക്കും നോൺ-എസി ക്ലാസുകൾ രാവിലെ 11 മണിക്കും ബുക്കിംഗ് ആരംഭിക്കും. ഓൺലൈനായി ഐആർസിടിസി വഴിയോ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നോ ബുക്ക് ചെയ്യാം.
തത്കാൽ ടിക്കറ്റുകളുമായി ബന്ധപ്പെട്ട് പലർക്കും പല തരത്തിലുള്ള സംശയങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് തത്കാൽ ടിക്കറ്റുകളുടെ ക്യാൻസലിംഗും റീഫണ്ടും. തത്കാൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കുമോ? തത്കാൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാൻ സാധിക്കുമോ? ഇന്ത്യൻ റെയിൽവേയുടെ റീഫണ്ട് നിയമങ്ങൾ സാധാരണ ടിക്കറ്റുകൾക്ക് തുല്യമാണോ? എന്നീ ചോദ്യങ്ങൾക്ക് പലർക്കും വ്യത്യസ്തമായ ഉത്തരങ്ങളായിരിക്കും ഉണ്ടാകുക. തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട റെയിൽവേയുടെ നിയമങ്ങൾ കൂടുതൽ കർശനവും അൽപ്പം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഏതൊരു ടിക്കറ്റിനും ഭാഗികമായെങ്കിലും റീഫണ്ട് ഉണ്ടായിരിക്കുമെന്നാണ് പല യാത്രക്കാരും കരുതുന്നത്. എന്നാൽ, തത്കാൽ ടിക്കറ്റുകളുടെ കാര്യം വ്യത്യസ്തമാണ്.
മിക്ക സാഹചര്യങ്ങളിലും, സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല. സ്ഥിരീകരിച്ച തത്കാൽ സീറ്റ് ബുക്ക് ചെയ്ത ശേഷം നിങ്ങൾ അത് സ്വമേധയാ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ലെന്ന് അര്‍ത്ഥം. സാധാരണ സാഹചര്യങ്ങളിൽ യാത്രക്കാരൻ സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് റദ്ദാക്കുമ്പോൾ പണം റീഫണ്ട് ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ക്യാൻസലേഷൻ ഗൈഡ്ലൈനുകളിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതായത്, പെട്ടെന്ന് പ്ലാനിൽ മാറ്റം വന്നാലോ, ട്രെയിൻ നഷ്ടപ്പെട്ടാലോ, തെറ്റായ തീയതിയിൽ ബുക്ക് ചെയ്താലോ സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ നിങ്ങളുടെ പണം തിരികെ ലഭിക്കില്ല.
നിങ്ങൾ വെയിറ്റ്‌ലിസ്റ്റ് ചെയ്ത തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ അത് സ്ഥിരീകരിച്ച ടിക്കറ്റുകളുടെ കാര്യത്തിൽ നിന്ന് വ്യത്യസ്തമാണ്. വെയിറ്റ്‌ലിസ്റ്റ് ചെയ്ത തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ സാധിക്കും. സാധാരണ വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റിലെന്ന പോലെ നിങ്ങൾക്ക് റീഫണ്ട് ലഭിക്കും. ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് നിങ്ങൾ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, സ്റ്റാൻഡേർഡ് ക്യാൻസലേഷൻ ചാർജ് മാത്രം കുറച്ചതിന് ശേഷം നിരക്ക് റീഫണ്ട് ചെയ്യും. ചാർട്ടുകൾ തയ്യാറാക്കിയ ശേഷം ഐആർസിടിസി വെയിറ്റ്‌ലിസ്റ്റ് ചെയ്ത തത്കാൽ ടിക്കറ്റുകൾ സ്വയമേവ റദ്ദാക്കുകയും നിങ്ങൾ ഒന്നും ചെയ്യാതെ തന്നെ റീഫണ്ട് പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു.
ഭാഗികമായ കൺഫർമേഷന്റെ കാര്യത്തിൽ കാര്യങ്ങൾ വീണ്ടും വ്യത്യസ്തമാണ്. ഒരു ടിക്കറ്റിൽ ഒന്നിലധികം പേരുണ്ടാവുകയും അതിൽ ചിലർ മാത്രം കൺഫേം ആവുകയും ചെയ്താൽ പ്രത്യേക നിയമങ്ങൾ ബാധകമാകും. ഇതിൽ ചില യാത്രക്കാർക്ക് സീറ്റുകൾ ലഭിക്കുകയും മറ്റുള്ളവർ വെയ്റ്റ്‌ലിസ്റ്റിൽ തുടരുകയും ചെയ്താൽ മുഴുവൻ ടിക്കറ്റും റദ്ദാക്കണോ എന്നതിനെ ആശ്രയിച്ചിരിക്കും റീഫണ്ട്. അത്തരം സന്ദർഭങ്ങളിൽ, മുഴുവൻ തത്കാൽ ടിക്കറ്റും ഒരുമിച്ച് സറണ്ടർ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ ക്യാൻസലേഷൻ ചാർജ് കിഴിച്ചതിന് ശേഷം എല്ലാ യാത്രക്കാർക്കും റീഫണ്ട് അനുവദിക്കും. സീറ്റുകൾ ലഭിച്ച യാത്രക്കാരോടൊപ്പം യാത്ര ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയും ടിക്കറ്റ് ക്യാൻസൽ ചെയ്യാതിരിക്കുകയും ചെയ്താൽ ചില സീറ്റുകൾ സ്ഥിരീകരിക്കപ്പെട്ടില്ല എന്ന കാരണത്താൽ പിന്നീട് നിങ്ങൾക്ക് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.