'മകളുടെ ചെലവിലാണ് പിതാവ് ജീവിക്കുന്നതെന്ന് ആക്ഷേപിച്ചു'; ടെന്നീസ് താരത്തിന്‍റെ കൊലയിൽ പിതാവിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയിൽ

Published : Jul 11, 2025, 08:03 AM IST
tennis player radhika yadav

Synopsis

മകളുടെ ചെലവിലാണ് താൻ ജീവിക്കുന്നതെന്ന് ബന്ധുക്കളും പ്രദേശത്തെ ചിലരും ആക്ഷേപിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി

ദില്ലി: ഹരിയാനയിലെ ടെന്നീസ് താരമായ രാധിക യാദവിന്‍റെ (25) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയ രാധികയുടെ പിതാവ് ദീപക്കിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 

മകളുടെ ചെലവിലാണ് താൻ ജീവിക്കുന്നതെന്ന് ബന്ധുക്കളും പ്രദേശത്തെ ചിലരും ആക്ഷേപിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. ഇതും കൊലയ്ക്ക് കാരണമായി എന്ന് പിതാവ് ദീപക് പൊലീസിനോട് പറഞ്ഞു. അതേസമയം, പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

ടെന്നീസ് ഡബിള്‍സ് വിഭാഗത്തിൽ രാജ്യാന്തര തലത്തിലെ റാങ്ക് മെച്ചപ്പെടുത്തി മികച്ച മുന്നേറ്റം രാധിക യാദവ് നടത്തിവരുന്നതിനിടെയാണ് അച്ഛന്‍റെ തോക്കിന് ഇരയായി കൊല്ലപ്പെടുന്നത്. സ്വകാര്യ ടെന്നീസ് അക്കാദമിയിൽ പരിശീലനം നടത്തുന്നതിനൊപ്പം സ്വന്തമായി പല കുട്ടികള്‍ക്കും പരിശീലനം നൽകിയിരുന്നു.

എന്നാൽ, മകളുടെ നേട്ടത്തിൽ സന്തോഷിക്കാതെ അവളുടെ വരുമാനത്തിൽ ജീവിക്കുന്നതിൽ ദീപക് യാദവ് അസ്വസ്ഥനായിരുന്നു. ഇക്കാര്യത്തിൽ പലരും ദീപകിനെ കളിയാക്കിയിരുന്നതും പ്രകോപനത്തിന് കാരണമായതായാണ് പൊലീസും ഗുരുഗ്രാമിലെ അയൽക്കാരും പറയുന്നത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രാധികയുടെ പിതാവ് ദീപകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രാധികയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും.

മകളുടെ വരുമാനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചിലരും ഗ്രാമത്തിലെ ബന്ധുക്കളുമടക്കം ദീപകിനെ കളിയാക്കിയിരുന്നുവെന്നും അത്തരം പരാമര്‍ശങ്ങളിൽ ദീപക് അസ്വസ്ഥനായിരുന്നുവെന്നും ഗുരുഗ്രാം സ്റ്റേഷൻ ഹൗസ് ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞു. മകളുടെ പണത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നതെന്നും ദീപക് മകളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും പറഞ്ഞായിരുന്നു പരിഹാസം. 

ഇക്കാരണത്താൽ മകള്‍ അക്കാദമിയിൽ പരിശീലനം നൽകുന്നതിനെ ദീപക് എതിര്‍ത്തിരുന്നെങ്കിലും രാധിക വിസമ്മതിക്കുകയായിരുന്നു. സ്വന്തം പേരിലുള്ള കെട്ടിടത്തിൽനിന്നും ലഭിക്കുന്ന വാടകയായിരുന്നു ദീപകിന്‍റെ വരുമാനമെന്നും പൊലീസ് പറഞ്ഞു.

ചില പ്രദേശവാസികള്‍ രാധികയുടെ നേട്ടത്തിൽ അസൂയാലുക്കളായിരുന്നുവെന്നും പലപ്പോഴും കളിയാക്കലും കുറ്റപ്പെടുത്തലും നേരിട്ടിരുന്നുവെന്നും സുശാന്ത് ലോക് എക്സറ്റൻഷനിലെ റെസിഡന്‍റ്സ് വെൽഫെയര്‍ അസോസിയേഷൻ പ്രസിഡന്‍റ് പവൻ യാദവ് പറഞ്ഞു. ടെന്നീസുമായി ബന്ധപ്പെട്ട് രാധിക ഇന്‍സ്റ്റഗ്രാമിലിട്ട റീൽസിൽ ഇത്തരക്കാര്‍ മോശം കമന്‍റുകള്‍ ഇട്ടിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് രാധിക അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരുന്നു.

ഇന്നലെ രാവിലെ 10.30നാണ് ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ വീട്ടിൽ താമസിക്കുന്ന 25കാരിയായ രാധിക യാദവിനെ പിതാവ് ദീപക് വെടിവെച്ച് കൊലപ്പെടുത്തിയത്. ഹരിയാനയിലെ സംസ്ഥാന ടെന്നീസ് മത്സരങ്ങളിലും ദേശീയ ടെന്നീസ് മത്സരങ്ങളിലും രാജ്യാന്തര മത്സരങ്ങളിലുമടക്കം ശ്രദ്ധേയമായ പ്രകടനം നടത്തിയ മികച്ച ടെന്നീസ് താരമാണ് 25കാരിയായ രാധിക യാദവ്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം