ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ: ബെംഗളൂരുവില്‍ സിനിമാക്കഥകളെ വെല്ലുന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ

Published : Dec 24, 2019, 03:42 PM ISTUpdated : Dec 24, 2019, 03:49 PM IST
ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ: ബെംഗളൂരുവില്‍ സിനിമാക്കഥകളെ വെല്ലുന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ

Synopsis

വീഴ്ച്ചയിൽ പരിക്ക് പറ്റിയതാണ് മരണകാരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീടു നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്

ബെംഗളൂരു: ഭാര്യയെ ഒഴിവാക്കാൻ സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ കൊലപാതക പദ്ധതി തയ്യാറാക്കിയ ഭർത്താവും സഹായികളും പിടിയിൽ. ബെംഗളൂരു വയാലികാവൽ സ്വദേശി നാഗേന്ദ്രയും സഹായികളായ പ്രശാന്ത്, ജഗന്നാഥ് എന്നിവരുമാണ് അറസ്റ്റിലായത്. നാഗേന്ദ്രയുടെ ഭാര്യ വിനുതയെ (32) കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വീഴ്ച്ചയിലേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പിന്നീടു നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒരു വർഷത്തിലധികമായി അകന്നുകഴിയുകയായിരുന്നു വിനുതയും നാഗേന്ദ്രയും. 11 വയസുകാരനായ മകൻ നാഗേന്ദ്രയോടൊപ്പമായിരുന്നു താമസം. നാഗേന്ദ്ര തന്നെ വധിക്കാൻ ശ്രമിച്ചെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിനുത മാസങ്ങൾക്കു മുൻപ് പൊലീസിനെ സമീപിച്ചിരുന്നു. നാഗേന്ദ്രയുടെ പേരിലുള്ള സ്വത്തിന്റെ പങ്ക് ആവശ്യപ്പെട്ടതാണ് കൊലപാതകശ്രമത്തിനു കാരണമെന്നും യുവതി നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു.

ആദ്യത്തെ ശ്രമം പാഴായപ്പോൾ കൊല നടത്താനുള്ള നാഗേന്ദ്രയുടെ അടുത്ത ശ്രമം വാടകകൊലയാളികളെ സമീപിച്ചുകൊണ്ടായിരുന്നു. ഇതിനായി വിനുതയുടെ വീടിനുമുകളിലത്തെ നിലയിൽ ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി വാടകക്കാരെന്ന വ്യാജേന രണ്ട് പേരെ താമസിപ്പിക്കുകയും ചെയ്തു.

വെളളിയാഴ്ച്ച രാത്രി വിനുത വീട്ടിൽ തിരിച്ചെത്തുന്നതിന് മുൻപ് വീടിന്റെ പിൻവശത്തുള്ള ജനൽകമ്പികൾ അഴിച്ചുമാറ്റി ഉള്ളിൽ പ്രവേശിച്ച പ്രതികൾ യുവതി വീട്ടിലെത്തുന്നതുവരെ കാത്തിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ വിനുതയെ പ്രതികൾ മരത്തിന്റെ ദണ്ഡുകൊണ്ട് തലയ്‌ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ വിനുതയെ തറയില്‍ തലയടിച്ചുവീണതാണ് മരണകാരണമെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനായി വലിച്ചിഴച്ച് സിമന്റ് തറയിൽ കിടത്തി രക്ഷപ്പെടുകയും ചെയ്തു.

വിനുതയുടെ മാതാപിതാക്കൾ യുവതിയെ ഫോണിൽ വിളിച്ചെങ്കിലും മറുപടിയില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മകളെ കണ്ടത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രശാന്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇരുവരും ഗൂഢാലോചന മറച്ചുവെക്കുന്നതിനായി അന്വേഷണത്തിൽ സഹകരിച്ചതായും എന്നാല്‍ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നാഗേന്ദ്രയുടെ പങ്ക് സമ്മതിച്ചത് എന്നും വയാലികാവൽ പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്