
തിരുവനന്തപുരം: മലയാളികൾക്ക് പുതുവത്സര സമ്മാനവുമായി റെയിൽവേ. കൊല്ലം-ചെന്നൈ എക്സ്പ്രസ്സിന്റെ യാത്രാ സമയം 1 മണിക്കൂർ 25 മിനിറ്റ് കുറച്ചു. രാവിലെ 7.30ന് താംബരത്ത് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ രാവിലെ 6.05ന് എത്തും. ഇതോടെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഏറ്റവും വേഗത്തിലെത്തുന്ന ട്രെയിനായി കൊല്ലം-ചെന്നൈ എക്സ്പ്രസ് മാറി.
ഗുരുവായൂര്‍ എക്സ്പ്രസ് (16127), മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16159), കൊല്ലം എക്സ്പ്രസ് (16102) എന്നീ ട്രെയിനുകൾ ജനുവരി 1 മുതൽ കൂടുതൽ വേഗത്തില്‍ ഓടുമെന്നാണ് റെയിൽവേ നൽകിയ അറിയിപ്പ്. രാത്രി 10.20ന് എഗ്മോറിൽ നിന്ന് പുറപ്പെട്ടിരുന്ന ഗുരുവായൂര്‍ എക്സ്പ്രസ് ഇനി മുതൽ 10.40ന് പുറപ്പെടും. ഗുരുവായൂരിൽ എത്തിച്ചേരുന്ന സമയത്തിൽ മാറ്റമില്ല. എഗ്മോറിൽ നിന്ന് രാത്രി 8.45ന് പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് ഇനി മുതൽ 9.05നാണ് പുറപ്പെടുക. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പുനലൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ-മധുര എക്സ്പ്രസ്, കൊല്ലം മെമു എന്നിവയുടെ സമയക്രമത്തിലും റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്.