ഇൻഡി​ഗോ വിമാനത്തിന്റെ വിൻഡോ സീറ്റിൽ യാത്രക്കാരന്റെ അസാധാരണ പ്രവൃത്തി; വിൻഡോയിൽ സ്വന്തം പേര് കൊത്തിവെച്ചു, വിമ‍ര്‍ശനം

Published : Dec 31, 2025, 12:42 PM IST
Flight

Synopsis

ഇൻഡിഗോ വിമാനത്തിനുള്ളിലെ യാത്രക്കാരന്റെ അസാധാരണ പ്രവൃത്തിയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ സംഭവത്തിന്റെ ചിത്രം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി.

ദില്ലി: വിമാന യാത്രകൾ പലപ്പോഴും ആവേശകരവും ചിലപ്പോഴൊക്കെ വികാരഭരിതവുമായിരിക്കും. വിരസത, അക്ഷമ, ചിലപ്പോൾ അശ്രദ്ധ തുടങ്ങിയവയെല്ലാം വിമാന യാത്രകളുടെ ഭാ​ഗമാണ്. നീണ്ട കാത്തിരിപ്പുകൾ, സീറ്റുകളുടെ നിലവാരമില്ലായ്മ എന്നിവ ആളുകളെ പലപ്പോഴും വിചിത്രമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു വിമാന യാത്രയ്ക്കിടെ യാത്രക്കാരനിൽ നിന്നുണ്ടായ ഒരു അസാധാരണ പ്രവൃത്തിയെ കുറിച്ചുള്ള റെഡ്ഡിറ്റ് പോസ്റ്റ് ചർച്ചയായിരിക്കുകയാണ്.

ഇൻഡി​ഗോ വിമാനത്തിനുള്ളിൽ നിന്ന് എടുത്ത ഒരു ചിത്രത്തിൽ വിമാനത്തിന്റെ വിൻഡോ ഗ്ലാസിൽ ഒരു പേര് വ്യക്തമായി കൊത്തിവെച്ചിരിക്കുന്നത് കാണാം. ‘മാൻവിക്’ അല്ലെങ്കിൽ ‘മാൻവി കെ’ എന്നാണ് പേര്. ​എന്നാൽ, ഈ പേര് ഒരു മാർക്കർ ഉപയോഗിച്ച് എഴുതുകയല്ല ചെയ്തിരിക്കുന്നത്. പകരം ഗ്ലാസ് വിൻഡോയുടെ പ്രതലത്തിൽ കൊത്തിവെയ്ക്കുകയാണുണ്ടായത്.

"ഒരു വിഡ്ഢി വിമാനത്തിന്റെ വിൻഡോ ഗ്ലാസിൽ തന്റെ പേര് കൊത്തിവച്ചു! പൊതു ടോയ്‌ലറ്റുകളുടെയും മറ്റും ചുമരുകളിൽ പേരുകൾ കൊത്തിവച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഒരു വിമാനത്തിൽ ആദ്യമായിട്ടാണ്. ഈ മാൻവിക് എന്ന ആളിൽ എത്രത്തോളം മണ്ടത്തരം ബാക്കിയുണ്ടെന്നത് അത്ഭുതപ്പെടുന്നു." പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന വാചകം ഇങ്ങനെ. ഇത് ഒരു ഇൻഡിഗോ വിമാനമാണെന്നും അവർ ഇത് ഇമെയിൽ വഴി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും റെഡ്ഡിറ്റർ കമന്റിലൂടെ അവകാശപ്പെട്ടു.

പോസ്റ്റ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. നിരവധി ഉപയോക്താക്കൾ രോഷത്തോടെയും പരിഹസിച്ചുമെല്ലാമാണ് ഈ സംഭവത്തോട് പ്രതികരിച്ചത്. ദയവായി ക്യാബിൻ ക്രൂവിനെ അറിയിക്കുക എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. ഈ വ്യക്തിയെ തിരിച്ചറിയാൻ ബോർഡിംഗ് പാസ് പരിശോധിക്കണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. മുതിർന്നവരാണെങ്കിൽ ഇത് നാണക്കേടാണെന്നും കുട്ടികളാണെങ്കിൽ അവരോടൊപ്പം ഒരു മുതിർന്ന ആളുണ്ടായിരുന്നുവെങ്കിൽ, ഇങ്ങനെ ചെയ്യാൻ അനുവദിച്ചത് അതിനേക്കാൾ നാണക്കേടാണെന്നുമായിരുന്നു ഒരു ഉപയോക്താവിന്റെ വാക്കുകൾ. മൂർച്ചയുള്ള വസ്തുക്കൾ വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്നിരിക്കെ ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയവും പ്രകടിപ്പിച്ചവരുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മഞ്ഞ ബോർഡുണ്ട്; ട്രെയിൻ വരും, ആളുകൾ ഇറങ്ങും, പക്ഷേ പേരില്ല! ഇന്ത്യയിലെ 'അജ്ഞാത' റെയിൽവേ സ്റ്റേഷനെ കുറിച്ച് അറിയാം
വാട്‌സ്ആപ്പിൽ വന്നൊരു മെസ്സേജ്; ഒറ്റ ക്ലിക്ക്, എല്ലാം തീർന്നു! പുറത്തുവരുന്നത് ഓൺലൈൻ ചതിക്കുഴിയിൽ 16 ലക്ഷം നഷ്ടമായ ഞെട്ടിക്കുന്ന കേസ്!