
കറാച്ചി: 11 വയസ്സുള്ള ആൺകുട്ടിയെ കാണാതായതിനെ തുടർന്ന് പ്രേതത്തിനെതിരെ കേസ് ഫയൽ ചെയ്ത് പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷൻ. കുട്ടിയെ പ്രേതം തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതായി എആർവൈ ന്യൂസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ജനുവരി 21നാണ് ഗാരിസൺ മേഖലയിൽ നിന്ന് കുട്ടിയെ കാണാതായത്. പത്ത് ദിവസത്തിന് ശേഷം കുട്ടിയുടെ ഒരു സൂചനയും ലഭിക്കാതെ വന്നപ്പോൾ, അച്ഛൻ ടാക്സില പൊലീസ് സ്റ്റേഷനിൽ എത്തി പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.
പ്രാദേശികമായി ജിന്നുകൾ എന്നറിയപ്പെടുന്ന അമാനുഷിക ശക്തികൾ തന്റെ മകനെ ഓടിപ്പോകാൻ നിർബന്ധിച്ചുവെന്ന് എഫ്‌ഐആറിൽ പിതാവ് ആരോപിച്ചു. ഇത്തരമൊരു സംഭവം നടക്കുന്നത് ഇതാദ്യമല്ലെന്നും പരാതിക്കാരൻ പറഞ്ഞു. ജിന്നുകൾ മുമ്പ് പലതവണ തന്റെ മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു.
മുൻ സംഭവങ്ങൾക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും, ഇത്തവണ പത്ത് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറഞ്ഞു. പാകിസ്ഥാനിലെ നിയമവ്യവസ്ഥയിൽ ഇതിനുമുമ്പും സമാനമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാഹോറിൽ, വിവാഹിതയായ മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്മ ജിന്നുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഒടുവിൽ ഈ വിഷയം കോടതിയിലെത്തി.
തുടർന്ന് കാണാതായ സ്ത്രീയുടെ ആറ് വർഷം പഴക്കമുള്ള കേസ് അന്വേഷിക്കാൻ ലാഹോർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആലിയ നീലത്തിന്റെ നിർദ്ദേശപ്രകാരം ലാഹോർ പോലീസിന്റെ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സെപ്റ്റംബറിൽ ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു. ലാഹോർ ഇൻവെസ്റ്റിഗേഷൻ ഡിഐജി സീഷൻ റാസയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സ്ത്രീയെ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള ചുമതല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam