
ലണ്ടൻ: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുട്ടിപ്പാട്ടാളങ്ങൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. പലരും വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടാണ് സമയം ചെലവഴിക്കുന്നത്. പല കുട്ടികളുടെയും കഴിവുകൾ പുറത്ത് കൊണ്ടുവരാൻ ഈ ലോക്ക്ഡൗൺ സഹായിച്ചിട്ടുണ്ട്. അത്തരത്തിലൊരു കൊച്ചുമിടുക്കനാണ് നദൂബ് ഗിൽ. ഈ പത്തുവയസുകാരൻ 'കണക്ക് കൂട്ടി' കീഴടക്കിയതാകട്ടെ ഗിന്നസ് വേൾഡ് റെക്കോഡും.
ഇംഗ്ലണ്ടിൽ നിന്നുള്ള നദൂബ് ഗിൽ എന്ന ബാലനാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ കണക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകി ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. 196 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല നദൂബിന്. ലോംഗ് ഈറ്റണിലെ ലോംഗ് മൂർ പ്രൈമറി സ്കൂൾ വിദ്യാർഥിയാണ് ഈ മിടുക്കൻ.
ഓൺലൈൻ മാത് ടേബിൽ ലേണിംഗ് ആപ്പായ ടൈം ടേബിൾസ് റോക്ക് സ്റ്റാർസും ഗിന്നസ് വേൾഡ് റെക്കോഡുമായി ചേർന്നായിരുന്നു ഓൺലൈൻ കണക്ക് മത്സരം സംഘടിപ്പിച്ചത്. എഴുന്നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ എല്ലാവരെയും പിന്തള്ളിക്കൊണ്ട് നദൂബ് ഒന്നാമതെത്തുകയായിരുന്നു. ഒരു ചോദ്യത്തിന് പോലും തെറ്റായ ഉത്തരം നല്‍കിയില്ല എന്നതായിരുന്നു നദൂബിന്റെ പ്രത്യേകതകളിൽ ഒന്ന്.
സ്വപ്നം പോലെയാണ് തോന്നുന്നതെന്നും ഇങ്ങനെയൊരു നേട്ടം ലഭിച്ചതിൽ വളരെ സന്തോഷവും ആവേശവും ഉണ്ടെന്നായിരുന്നു നദൂബിന്‍റെ പ്രതികരണം. നദൂബ് തന്‍റെ മത്സരം പൂർത്തിയാക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
'ഈ കുട്ടികൾ ചെറിയ സമയത്തിനുള്ളിൽ ഇത്രയും കണക്കുകൾ ചെയ്തു തീർത്തത് അതിശയപ്പെടുത്തുന്ന കാര്യം തന്നെയാണ്. ശാരീരികവും മാനസികവുമായ വൈദഗ്ദ്യം തെളിയിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ഇത്. നദൂബിനെ ഞങ്ങളുടെ ഗിന്നസ് വേൾഡ് റെക്കോഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു' ഗിന്നസ് വേൾഡ് റെക്കോഡ്സ് എഡിറ്റര്‍ ഇൻ ചീഫ് ക്രെയ്ഗ് ഗ്ലെൻഡെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam