ഓപ്പറേഷൻ മെട്രോ സർജ് നടപടികൾക്കിടെ മിനിയാപൊളിസിൽ എൽവിസ് ജോയൽ ടിപ്പാൻ എന്ന യുവാവിനെയും അദ്ദേഹത്തിന്റെ രണ്ട് വയസ്സുകാരി മകളെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഈ സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. 

മിനിയാപൊളിസ്: അമേരിക്കയിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ഓപ്പറേഷൻ മെട്രോ സർജ് നടപടികൾക്കിടയിൽ രണ്ട് വയസ്സുകാരിയെ കസ്റ്റഡിയിലെടുത്തത് വലിയ വിവാദമാകുന്നു. വ്യാഴാഴ്ച മിനിയാപൊളിസിൽ വെച്ചാണ് എൽവിസ് ജോയൽ ടിപ്പാൻ എന്ന യുവാവിനെയും മകൾ ക്ലോയി റെനാറ്റയെയും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്. കുട്ടിയെ ഉടൻ വിട്ടയക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ ഇരുവരെയും ടെക്സസിലേക്ക് വിമാനമാർഗ്ഗം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

പിതാവും മകളും പലചരക്ക് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫെഡറൽ ഏജന്റുകൾ ഇവരെ പിന്തുടർന്ന് പിടികൂടിയത്. പിതാവിന്റെ വാഹനത്തിന്റെ ചില്ല് തകർത്ത് ഉദ്യോഗസ്ഥർ ഇവരെ ബലംപ്രയോഗിച്ച് പിടികൂടുകയായിരുന്നുവെന്ന് മിനിയാപൊളിസ് സിറ്റി കൗൺസിൽ അംഗം ജേസൺ ചാവേസ് ആരോപിച്ചു. എൽവിസ് ജോയൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചയാളാണെന്നും, വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാലാണ് ബലം പ്രയോഗിച്ചതെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. കുട്ടിയെ ഏറ്റെടുക്കാൻ മാതാവ് തയ്യാറായില്ലെന്നും ഇവർ അവകാശപ്പെട്ടു. അറസ്റ്റ് തടയാൻ നൂറിലധികം ആളുകൾ തടിച്ചുകൂടുകയും ഏജന്റുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

സമീപ ആഴ്ചകളിൽ ഐസിഇ കസ്റ്റഡിയിലെടുക്കുന്ന അഞ്ചാമത്തെ കുട്ടിയാണ് ക്ലോയി. കഴിഞ്ഞ ദിവസം പ്രീ-സ്കൂളിൽ നിന്ന് മടങ്ങിയ അഞ്ച് വയസ്സുകാരനെ പിതാവിനൊപ്പം കസ്റ്റഡിയിലെടുത്തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അഞ്ച് വയസ്സുകാരനെ വീടിന്റെ വാതിലിൽ മുട്ടാൻ പറഞ്ഞ് മറ്റുള്ളവരെ പുറത്തിറക്കാൻ ഉദ്യോഗസ്ഥർ ഉപയോഗിച്ചുവെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു.

എന്താണ് ഓപ്പറേഷൻ മെട്രോ സർജ്

2025 ഡിസംബറിൽ ആരംഭിച്ച ഈ പദ്ധതി കുടിയേറ്റക്കാരെ കണ്ടെത്താൻ നടത്തുന്ന വലിയ തോതിലുള്ള ഫെഡറൽ നീക്കമാണ്. ആഴ്ചയിൽ 1.8 കോടി ഡോളറാണ് ഇതിനായി ചിലവാക്കുന്നത്. മിനസോട്ടയിലെ മിനിയാപൊളിസ്-സെന്റ് പോൾ മേഖലയിലാണ് നിലവിൽ 3000-ത്തോളം ഏജന്റുകളെ വിന്യസിച്ച് പരിശോധന ശക്തമാക്കിയിരിക്കുന്നത്.