കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വംശജയായ 10 വയസുകാരിക്ക് ട്രംപിന്‍റെ അഭിനന്ദനം

By Web TeamFirst Published May 18, 2020, 4:58 PM IST
Highlights

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍ക്ക് ഭക്ഷണവും മറ്റ് സേനാംഗങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി ഗ്രീറ്റിംഗ് കാര്‍ഡുകളുമാണ് ഈ പത്ത് വയസുകാരി തയ്യാറാക്കിയത്. 

വാഷിംഗ്ടണ്‍: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയ ഇന്ത്യന്‍ വംശജയായ പത്ത് വയസുകാരിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആദരം.ശ്രവ്യ അണ്ണപ്പ റെഡ്ഡി എന്ന പത്ത് വയസുകാരിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍ക്ക് ഭക്ഷണവും മറ്റ് സേനാംഗങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി ഗ്രീറ്റിംഗ് കാര്‍ഡുകളുമാണ് ഈ പത്ത് വയസുകാരി തയ്യാറാക്കിയത്. 

ഗേള്‍ സ്കൌട്ട് ട്രൂപ്പ് മെമ്പറായ ശ്രവ്യ മേരിലാന്‍ഡിലെ ഹാനോവര്‍ എലമെന്‍ററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചവര്‍ക്ക് ആദരം നല്‍കിയത്. ചെറുതെന്ന് തോന്നുന്ന കാര്യമാണെങ്കിലും മഹാമാരി സമയത്ത് ഇത്തരം സഹായം ചെയ്യാന്‍ മനസ് കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് അമേരിക്കന്‍ ഹീറോസിന് ആദരം നല്‍കിയത്. 

ആന്ധ്ര പ്രദേശ് സ്വദേശികളാണ് ശ്രവ്യയുടെ മാതാപിതാക്കള്‍. ബുദ്ധിമുട്ടിന്‍റെ സമയത്ത് രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന അമേരിക്കന്‍ ഹീറോസ് എല്ലാവര്‍ക്കും മാതൃകയാണെന്ന് ട്രംപ് പറഞ്ഞു. ശ്രവ്യയ്ക്കൊപ്പം മൂന്ന് പത്ത് വയസുകാരികളേയും ട്രംപ് ആദരിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അഗ്നിശമന സേനാ വിഭാഗത്തിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഇവര്‍ തയ്യാറാക്കിയ കുക്കീസ് ഉപകാരപ്രദമായത്. 200ല്‍ അധികം ആശംസാ കാര്‍ഡുകളാണ് തയ്യാറാക്കിയത്. 

ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന നിരവധി കുട്ടികളെ പ്രതിനിധീകരിച്ചാണ് ഈ ആദരം ഏറ്റുവാങ്ങുന്നതെന്ന് ശ്രവ്യ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷക്കണക്കിന് കുട്ടികള്‍ ഇത്തരം സന്നദ്ധ പ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന വസ്തുത മറക്കുന്നില്ലെന്നും ശ്രവ്യ പറയുന്നു. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ 89562 പേരുടെ ജീവനാണ് ഇതിനോടകം അമേരിക്കക്ക് നഷ്ടമായിട്ടുള്ളത്. 

click me!