
ദില്ലി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ആദ്യസംഘം അമൃത്സറിൽ. അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരിൽ 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചത്. 40 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷമാണ് ഇവർ അമൃത്സറിൽ എത്തിയത്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി - 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയവരെ തിരിച്ചെത്തിച്ചത്. അമേരിക്ക - മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ നാൽപ്പത് മണിക്കൂർ യാത്ര ചെയത് ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്. ഫിലിപ്പീൻസ് വഴി മാലിദ്വീപിനടുത്തെത്തിയ ശേഷമാണ് വിമാനം ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടന്നത്. ആകെ 25 സ്ത്രീകളും വിമാനത്തിലുണ്ടായിരുന്നു. ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 33 പേർ വീതം തിരിച്ചെത്തി. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്ന് രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. 45 യു എസ് അധികൃതരും വിമാനത്തുണ്ടായിരുന്നു. തിരികെ എത്തിയ ഇന്ത്യക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. തിരിച്ചെത്തിയവർക്കെതിരെ ക്രിമിനൽകേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിൻറെ നിലപാടിനെ ഇന്ത്യ നേരത്തെ പരസ്യമായി പിന്താങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നൽകിയത്. ട്രംപും നരേന്ദ്ര മോദിയും നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉയർന്നോ എന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. അടുത്തയാഴ്ച മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി തുടങ്ങിയിരിക്കുന്നത്. ഇന്ത്യക്കാരെ വിലങ്ങുവച്ച് തിരിച്ചയച്ചത് അപമാനകരമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇവരെ വിലങ്ങു വച്ച് വിമാനത്തി കയറ്റിയതായുള്ള ചില ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതികരണം. നാടുകടത്തൽ തടയാൻ വിദേശകാര്യമന്ത്രാലയം ഇടപെടണം എന്ന് പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടു. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയക്കും എന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ പാർലമെന്‍റിലടക്കം സർക്കാരിനെതിരെ പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം