
ജിയാംഗ്സു: നാവിന്റെ ബലം പരീക്ഷിക്കാനുള്ള ശ്രമത്തിനിടെ 11 കാരൻ വിഴുങ്ങിയത് ഒന്നേകാൽ ലക്ഷത്തിന്റെ സ്വർണം. ചൈനയിലെ ജിയാംഗ്സുവിലാണ് സംഭവം. പത്ത് ഗ്രാം ഭാരം വരുന്ന സ്വർണ നിർമ്മിതമായ സ്വർണ മുത്താണ് 11കാരൻ വിഴുങ്ങിയത്. 1400 യുഎസ് ഡോളർ(124299 രൂപ) വില വരുന്ന സ്വർണ നിർമ്മിതമായ മുത്താണ് 11കാരൻ അബദ്ധത്തിൽ അകത്താക്കിയത്. ഒക്ടോബർ 22നാണ് സംഭവം നടന്നതെന്നാണ് സൈത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. സ്വർണ വില കുത്തനെ കൂടുന്നതിന് പിന്നാലെ സമ്പാദ്യമെന്ന ലക്ഷ്യമിട്ട് സ്വർണക്കട്ടികൾക്ക് സമാനമായസ്വർണ നിർമ്മിതമായ മുത്തുകൾ വാങ്ങി സൂക്ഷിക്കുന്നത് ചൈനയിൽ പതിവാണ്. സ്വർണക്കട്ടികൾ സമ്പാദ്യമെന്ന നിലയിൽ വാങ്ങുന്നത് പോലെയാണ് ചൈനയിൽ സ്വർണ മുത്തുകൾ വാങ്ങുന്നത്.
വിത്തുകളുടെ രൂപത്തിലാണ് ഇവയുള്ളത്. ജി എന്ന കുടുംബ പേരിൽ അറിയപ്പെടുന്ന യുവതിയാണ് പത്ത് ഗ്രാം ഭാരമുള്ള സ്വർണ ബീൻ വാങ്ങിയത്. ഒക്ടോബർ 17നായിരുന്നു ഇത്. കഴിഞ്ഞ ദിവസം യുവതി തുണി കഴുകുന്നതിനിടെ താൻ സ്വർണം വിഴുങ്ങിയെന്നും മരിക്കുമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് 11കാരനായ മകൻ എത്തിയെന്നാണ് ഇവർ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. നാവിന്റെ ബലം കൂട്ടുമെന്ന് വിശദമാക്കി സമൂഹ മാധ്യമങ്ങളിൽ കണ്ട ടെക്നിക് പരീക്ഷിക്കുന്നതിനിടെയാണ് സംഭവം. സാധാരണ രീതിയിൽ സ്വർണം പുറത്ത് വരുമെന്ന പ്രതീക്ഷയിൽ യുവതി മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല.
മലത്തിലൂടെ സ്വർണം പുറത്ത് വരുമെന്ന് പ്രതീക്ഷിച്ച് അഞ്ച് ദിവസമാണ് കുടുംബം കാത്തിരുന്നത്. എന്നാൽ ഇത് ഫലം കാണാതെ വന്നതോടെയാണ് യുവതി മകനെ ആശുപത്രിയിലെത്തിച്ചത്. 11കാരന്റെ വയറ്റിൽ അന്യ വസ്തുവുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ചില മരുന്നുകൾ 11കാരന് നൽകി. സ്വര്‍ണം വാങ്ങുന്നവര്‍ ഇതുപോലെയുള്ള വികൃതിക്കുട്ടികളുടെ പരിസരത്ത് നിന്ന് മാറ്റി വയ്ക്കണമെന്നായിരുന്നു സ്വർണ മുത്ത് തിരികെ ലഭിച്ചതിന് പിന്നാലെ യുവതി പ്രതികരിക്കുന്നത്.