
പോർട്ട് ഔ പ്രിൻസ്: മകൻ അസുഖബാധിതനായി മരിച്ചതിന് മന്ത്രവാദമെന്ന് നിരീക്ഷണം ഹെയ്തിയിൽ ഗുണ്ടാനേതാവ് കൊന്ന് തള്ളിയത് 110 പേർ. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിലാണ് ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിൽ മന്ത്രവാദികളെന്ന് ആരോപിച്ച് ആളുകളെ കൊന്ന് തള്ളിയത്. കുപ്രസിദ്ധമായ പ്രാദേശിക ഗുണ്ടാ നേതാവിന്റെ മകൻ അടുത്തിടെ അസുഖ ബാധിതനായി മരിച്ചിരുന്നു. മകന്റെ ദുരൂഹമായ അസുഖത്തിന് പിന്നിൽ പ്രാദേശികരായ മുതിർന്ന മന്ത്രവാദികളെന്ന് ഒരു വൂഡൂ പുരോഹിതൻ ആരോപിച്ചതിന് പിന്നാലെയാണ് ഗുണ്ടാ നേതാവിന്റെ കണ്ണില്ലാത്ത ക്രൂരത.
ഗുണ്ടാ സംഘങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ മൂലം ഈ വർഷം മാത്രം ഇവിടെ കൊല്ലപ്പെട്ടത് 5000ൽ ഏറെ ആളുകളെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശദമാക്കുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇവിടെ കൊല്ലപ്പെട്ടത് 184 പേരാണെന്നാണ് യുഎൻ മനുഷ്യാവകാശ സംഘടന വിശദമാക്കുന്നത്. പോർട്ട് ഔ പ്രിൻസിലും സമീപ സ്ഥലമായ സൈറ്റേ സോളേലിലുമാണ് കൊലപാതകം നടന്നിട്ടുള്ളത്. അറുപത് വയസിന് മുകളിൽ പ്രായമുള്ള ആളുകളെ തെരഞ്ഞ് പിടിച്ച് കൊണ്ടുവന്ന ശേഷം ഇവരെ വടിവാളിനും കത്തിക്കും ആക്രമിച്ച ശേഷം വെടിവച്ചാണ് കൊലപ്പെടുത്തിയത്.
മൃതദേഹഭാഗങ്ങൾ തെരുവിൽ ചിതറിക്കിടക്കുന്ന നിലയിലാണെന്നാണ് നാട്ടുകാർ ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കിയത്. വെള്ളിയാഴ്ച 60 പേരെയും ശനിയാഴ്ച 60 പേരെയും കൊലപ്പെടുത്തിയതായാണ് പുറതത്ത് വരുന്ന വിവരം. വീട്ടിലെ മുതിർന്നവരെ രക്ഷിക്കാൻ ശ്രമിച്ചവരേയും ഗുണ്ടാ സംഘം കൊന്നുതള്ളിയിട്ടുണ്ട്. മികാനോ എന്ന പേരിൽ കുപ്രസിദ്ധനായ മോനൽ ഫെലിക്സ് എന്നാ ഗുണ്ടാനേതാവ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. പോർട്ട് ഔ പ്രിൻസിന് സമീപത്തുള്ള വാർഫ് ജെറമി എന്ന തന്ത്രപ്രധാന മേഖല അടക്കം നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവാണ് മോനൽ ഫെലിക്സ്.
കൂട്ടക്കൊല വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ തദ്ദേശീയരെ ഈ മേഖലയ്ക്ക് പുറത്തേക്ക് പോകാൻ ഗുണ്ടാസംഘം അനുവദിക്കുന്നില്ലെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. മുൻ പ്രസിഡന്റ് ആയിരുന്ന ജോവനൽ മോയ്സ് 2021ൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഗ്യാങ്ങ് പോരുകൾ ഹെയ്തിയിൽ രൂക്ഷമാണ്. പ്രവർത്തന മേഖലകൾ വിശാലമാക്കാനുള്ള ഗ്യാങ്ങ് പോരുകളിൽ നിരവധി സാധാരണക്കാരാണ് ഇവിടെ ബാധിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ ഈ വർഷം നടന്നിട്ടുള്ള ഏറ്റവും ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിലേതെന്നാണ് യുഎൻ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam