
സോൾ : ദക്ഷിണ കൊറിയയിൽ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ലേക്ക് ഉയർന്നു. മരിച്ചവരിൽ 19 പേർ വിദേശികളാണ്. എൺപതോളം പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്.
ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളിൽ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്തെ ഒരു ഹോട്ടലിലേക്ക് ഒരു പ്രമുഖ വ്യക്തിയെത്തിയതോടെ, ആളുകൾ തള്ളിക്കയറിയെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
തെരുവുകളിൽ ആളുകൾക്കിടയിൽ കുടുങ്ങി നിലത്ത് വീണവരെ രക്ഷാപ്രവർത്തകർ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ദുരന്തത്തിന്റെ സാഹചര്യത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചു. കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ ആളുകൾ കൂട്ടത്തോടെയെത്തിയത് ദുരന്തത്തിന് ആക്കം കൂട്ടി.