
തായ്പേ: തായ്‌വാന് ചുറ്റും വീണ്ടും പ്രകോപനവുമായി ചൈനീസ് സൈന്യം. ശനിയാഴ്ച രാവിലെ 6 മണി വരെയുള്ള കണക്കനുസരിച്ച് 17 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവികസേനാ കപ്പലുകളും ഒരു ഔദ്യോഗിക കപ്പലും തായ്‌വാന്റെ സമുദ്രാതിർത്തിക്ക് സമീപം കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്. ഇതിൽ 15 വിമാനങ്ങൾ ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന മധ്യരേഖ കടന്ന് തായ്‌വാന്റെ വടക്ക്, തെക്ക്-പടിഞ്ഞാറൻ വ്യോമ പ്രതിരോധ നിരീക്ഷണ മേഖലയിലേക്ക് പ്രവേശിച്ചുവെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു. വെള്ളിയാഴ്ച ഏഴ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് സൈനിക കപ്പലുകളും ഒരു ഔദ്യോഗിക കപ്പലും തായ്‌വാന് സമീപം കണ്ടെത്തി. ഈ ഏഴ് വിമാനങ്ങളും മധ്യരേഖ കടന്ന് തായ്‌വാന്റെ വ്യോമ പ്രതിരോധ നിരീക്ഷണ മേഖലയിലേക്ക് കടന്നിരുന്നു.
ചൈനയും തായ്‌വാനും തമ്മിലുള്ള തർക്കത്തിന് ചരിത്രപരവും രാഷ്ട്രീയവുമായ ഒരുപാട് കാരണങ്ങളുണ്ട്. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നാണ് ബീജിംഗിന്റെ വാദം. എന്നാൽ സ്വന്തമായി ഭരണകൂടവും സൈന്യവും സമ്പദ്‌വ്യവസ്ഥയുമുള്ള ഒരു സ്വതന്ത്ര രാജ്യം എന്ന നിലയിലാണ് തായ്‌വാന്റെ പ്രവർത്തനം. തായ്‌വാന്റെ ഈ നിലപാട് പരമാധികാരം സ്വയം നിർണ്ണയാവകാശം തുടങ്ങിയ വിഷയങ്ങളിൽ വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. 1683ൽ ക്വിങ് രാജവംശം തായ്‌വാൻ പിടിച്ചടക്കിയതോടെയാണ് ഈ ദ്വീപിൽ ചൈനയുടെ അവകാശവാദം തുടങ്ങുന്നത്. എന്നാൽ 1895ൽ ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിന് ശേഷം ക്വിങ് രാജവംശം തായ്‌വാൻ ജപ്പാന് കൈമാറി. അതോടെ 50 വർഷത്തേക്ക് തായ്‌വാൻ ഒരു ജാപ്പനീസ് കോളനിയായി മാറി.
രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ തായ്‌വാൻ വീണ്ടും ചൈനയുടെ നിയന്ത്രണത്തിലായി. എന്നാൽ ഈ അധികാര കൈമാറ്റം ഔദ്യോഗികമായിരുന്നില്ല. 1949ൽ ചൈനയിൽ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ, പ്രധാന ഭൂപ്രദേശത്ത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ടു. റിപ്പബ്ലിക് ഓഫ് ചൈന സർക്കാർ തായ്‌വാനിലേക്ക് പിൻവാങ്ങി. ഇതോടെ രണ്ട് ഭരണകൂടങ്ങൾ നിലവിൽ വന്നു. ചൈനയുടെ പ്രധാന ഭൂപ്രദേശത്ത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന യും തായ്‌വാനിൽ റിപ്പബ്ലിക് ഓഫ് ചൈനയും. അന്നുമുതൽ തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യം പോലെയാണ് പ്രവർത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam