ഉറ്റവർക്കെല്ലാം കൊറോണ വൈറസ്, ആരും നോക്കാനില്ലാതെ 17കാരന് ദാരുണാന്ത്യം

By Web TeamFirst Published Jan 31, 2020, 10:15 PM IST
Highlights

49 കാരനായ അച്ഛനും 11 വയസ്സുള്ള സഹോദരനും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ യാൻ വീട്ടിൽ ഒറ്റയ്ക്കാവുകയായിരുന്നു. ആറു ദിവസത്തോളം ആരും നോക്കാനില്ലാതെ അടച്ചിട്ട വീട്ടിൽ പട്ടിണി കിടന്ന് യാൻ ദാരുണമായി മരിക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ബെയ്ജിങ്: കൊറോണ വൈറസ് ബാധമൂലം ദുരിതമനുഭവിക്കുന്ന ചൈനയിൽനിന്ന് മറ്റൊരു ദാരുണമായി മരണവാർത്തയാണ് പുറത്തുവരുന്നത്. ഹുബെയ് പ്രവിശ്യയിലെ ഒരു ​ഗ്രാമത്തിൽനിന്നുള്ള സെറിബ്രൽ പാൾസി ബാധിതനായ പതിനേഴുകാരൻ വീടിനുള്ളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. ബുധനാഴ്ചയാണ് യാന്‍ ചെങ്ങിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അച്ഛനും സഹോദരനുമൊപ്പമായിരുന്നു യാൻ ചെങ് താമസിച്ചിരുന്നത്. കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് യാൻ ചെങ്ങിന്റെ 49 കാരനായ അച്ഛനും 11 വയസ്സുള്ള സഹോദരനും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ യാൻ വീട്ടിൽ ഒറ്റയ്ക്കാവുകയായിരുന്നു. ആറു ദിവസത്തോളം ആരും നോക്കാനില്ലാതെ അടച്ചിട്ട വീട്ടിൽ പട്ടിണി കിടന്ന് യാൻ ദാരുണമായി മരിക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

യാന്‍ ചെങും കുടുംബവും ജനുവരി 17ന് പുതുവത്സം ആഘോഷിക്കുന്നതിനായി വുഹാനിന് സമീപത്തെ ടൗണ്‍ഷിപ്പിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് യാനിന്റെ പിതാവിന് കടുത്ത പനി ആരംഭിച്ചത്. സഹോദരനും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായി. ഇതോടെ ഇരുവരേയും അധികൃതര്‍ ‌ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി. 38 പേർ ഒരേ ദിവസം തന്നെ മരിച്ച ഹുബെയ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഒമ്പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.187 പേർക്ക് രോഗം 
ചികിത്സിച്ച് ഭേദമായിട്ടുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

click me!