
സൂറിച്ച്: ജർമനിയിൽ ഒരു 17കാരൻ ചർച്ചാവിഷയമാണ്. താമസിക്കുന്ന വീട് ചെലവ് കാരണം ഒഴിഞ്ഞ് ട്രെയിനിലായിരുന്നു 17കാരന്റെ ജീവിതം. ട്രെയിൻ യാത്രാ പാസെടുത്ത് ഒന്നര വർഷമായി സഞ്ചരിക്കുന്ന ട്രെയിനിൽ താമസിക്കുകയാണ് ലാസെ സ്റ്റോളി. അതിനിടെയാണ് അവിടെ റെയിൽ സമരം വരുന്നത്. അതോടെ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലായി ലാസെ. അതോടെയാണ് ലാസെയുടെ ജീവിതം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായത്.
ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് ലാസെ വീട്ടില്‍ നിന്നിറങ്ങിയത്. സാമ്പത്തിക സ്ഥിതി നന്നേ മോശമായിരുന്നു. ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ പ്രോഗ്രാമറായി കുടുംബത്തെ ആശ്രയിക്കാതെ ജീവിതം ആരംഭിച്ചു. വലിയ ശമ്പളമൊന്നുമില്ലാത്തതായിരുന്നു ജോലി. അതുകൊണ്ടുതന്നെ ചെലവ് പരമാവധി ചുരുക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായി. വീട്ട് വാടകക്കെടുത്താല്‍ താങ്ങാനാകില്ലെന്ന് തിരിച്ചറിഞ്ഞു, അങ്ങനെയാണ് ട്രെയിനില്‍ താമസമാക്കാമെന്ന ചിന്തയുദിച്ചത്. ഇതിനായി ജർമൻ റെയിലിന്റെ വാർഷിക പാസ് ഒരെണ്ണം എടുത്തു. സെക്കൻഡ് ക്ലാസ് പാസ്സായിരുന്നു ആദ്യമെടുത്തത്. എന്നാൽ പിന്നീട് ലാസെ ഫസ്റ്റ് ക്ലാസ് പാസിലേക്ക് മാറി.
യുവാക്കൾക്ക് ഇളവ് ഉള്ളതിനാൽ വർഷത്തിൽ 5888 യൂറോയാണ് പാസിന്‍റെ ചാര്‍ജ്. (ഏകദേശം 5.3 ലക്ഷം രൂപ). യാത്ര ചെയ്ത് താമസിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധനങ്ങള്‍ ഒരു വലിയ ബാക്ക്പാക്കിനുള്ളിൽ കൊള്ളുന്നവിധമാക്കി ചുരുക്കി. ജോലി ചെയ്യാനായി അൺലിമിറ്റഡ് മൊബൈൽ ഡേറ്റ കണക്ഷനും എടുത്തു. ദീർഘദൂര ട്രെയിനുകളാണ് യാത്രക്ക് ഏറെയും തെരഞ്ഞെടുത്തത്. റെയിൽ പാസ് ഇരിപ്പിടത്തിന് മാത്രമുള്ളതായതിനാൽ രാത്രിയില്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. രാത്രി കിടക്കണമെന്ന് തോന്നിയാൽ സീറ്റുകൾക്കിടയിലോ, സ്ലിപ്പിങ് ബാഗ് വിരിച്ചു ബോഗിയിലെ ലഗേജ് സ്പെയിസിലൊ, റസ്റ്റ്റന്റ് കമ്പാർട്മെന്റിന്റെ ഒഴിഞ്ഞ ഭാഗത്തോ കിടക്കും. ഭക്ഷണവും ട്രെയിനില്‍ നിന്ന് കഴിക്കും. ശുചിമുറികളിലോ, പ്ലാറ്റ് ഫോം ലോഞ്ചുകളിലോ അലക്കും കുളിയും. ഏകദേശം 600 കിലോമീറ്ററിലേറെ ഒരു ദിവസം സഞ്ചരിക്കും.
ട്രെയിൻ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി leben-im-zug.de ലേബൻ ഇമ്മ് സുഗ് (ട്രെയിൻ ജീവിതം) എന്ന പേരിൽ ഒരു ബ്ലോഗും ഈ 17 കാരൻ തുടങ്ങി. എന്നാൽ ലാസെയുടെ ജീവിതത്തിന് ബുദ്ധിമുട്ടായി റെയിൽവേ ജീവനക്കാർ സമരം പ്രഖ്യാപിച്ചു. മികച്ച സേവന വ്യവസ്ഥകൾക്കായി സമരം നടത്തുന്നവരോട് ലാസെക്ക് തെല്ലും പരിഭവമില്ല. ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയ ലാസെ തൊഴിലാളികൾക്കൊപ്പമാണ്. സമരം തുടങ്ങിയതോടെ ഫ്രാങ്ക്ഫർട്ട് എയർ പോർട്ടിലെ ബെഞ്ചിലും, മെയിൻ സ്റ്റേഷനിലെ ലോഞ്ചിലും മറ്റുമാണ് ഇപ്പോൾ താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam