ക്രിസ്ത്യാനികളെ മാത്രമല്ല മുസ്ലിം വിശ്വാസികളെയും തട്ടിക്കൊണ്ട് പോയതെന്നാണ് പുറത്ത് വരുന്ന വിവരം. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോകലെന്നാണ് ലഭ്യമാകുന്ന സൂചന
കടുന: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നൈജീരിയയിൽ 160ഓളം ക്രിസ്ത്യാനികളെ സായുധ സംഘം തട്ടിക്കൊണ്ട് പോയി. നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഞായറാഴ്ച പ്രാർത്ഥനകൾക്കിടെയാണ് സംഭവം. 160ഓളം പേരെ അക്രമി സംഘം തട്ടിക്കൊണ്ട് പോയെന്നാണ് പള്ളി അധികൃതർ വിശദമാക്കുന്നത്. ബാൻഡിറ്റ്സ് എന്ന പേരിൽ പ്രാദേശികമായി അറിയപ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രിസ്ത്യാനികളെ മാത്രമല്ല മുസ്ലിം വിശ്വാസികളെയും തട്ടിക്കൊണ്ട് പോയതെന്നാണ് പുറത്ത് വരുന്ന വിവരം. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോകലെന്നാണ് ലഭ്യമാകുന്ന സൂചന. കടുനയിലെ കുർമിന വാലി എന്ന സ്ഥലത്തെ രണ്ട് പള്ളികളിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം പതിനൊന്നരയോടെയായിരുന്നു അക്രമികൾ പള്ളിയിൽ കടന്ന് കയറിയത്. ആയുധധാരികളായ സംഘം പള്ളിയുടെ വാതിൽക്കൽ വന്ന് നിന്ന് ആളുകളെ ബലം പ്രയോഗിച്ച് പുറത്തിറക്കിയ ശേഷം ആളുകളെ തട്ടിക്കൊണ്ട് പോയെന്നാണ് നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ മേധാവി ജോസഫ് ഹയാബ് വിശദമാക്കുന്നത്. അക്രമികൾ എത്തിയപ്പോൾ 9 പേർ രക്ഷപ്പെട്ടുവെന്നും ജോസഫ് ഹയാബ് വിശദമാക്കുന്നത്.
നവംബറിൽ വിദ്യാർത്ഥികളും അധ്യാപകരും അടക്കം 300 പേരെ സായുധ സംഘം തട്ടിയെടുത്തിരുന്നു. ഇവരെ വലിയ വില പേശലുകൾക്ക് ശേഷം രണ്ട് വിഭാഗമായാണ് വിട്ടയച്ചത്. അക്രമി സംഘങ്ങൾ പണത്തിനായി ആളുകളെ തട്ടിയെടുക്കുന്ന സംഭവം നൈജീരിയയിൽ പതിവ് കാഴ്ചയാവുകയാണ്. വിഘടനവാദികളുടെ അക്രമ സംഭവങ്ങളും ഇവിടെ പതിവാണ്. തട്ടിക്കൊണ്ട് പോകൽ സംഭവങ്ങൾ പതിവായ പശ്ചാത്തലത്തിൽ നൈജീരിയയുടെ പ്രതിരോധ മന്ത്രി കഴിഞ്ഞ മാസമാണ് രാജി വച്ചത്. ക്രിസ്തുമസ് ദിനത്തിൽ അമേരിക്ക ഇസ്ലാമിക് തീവ്രവാദ സംഘത്തിന്റെ ക്യാപിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു.


