
ആംസ്റ്റര്‍ഡാം: പതിനെട്ടു വയസ്സുള്ള പെൺകുട്ടിയുടെ പാശ്ചാത്യ രീതിയിൽ പെരുമാറുന്നുവെന്നാരോപിച്ച് പിതാവും സഹോദരന്മാരും കൊലപ്പെടുത്തി. നെതർലൻഡ്സിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനും രണ്ട് സഹോദരന്മാരും ചേർന്ന് അവളെ കൊലപ്പെടുത്തിയതെന്ന് ഡച്ച് പ്രോസിക്യൂട്ടർമാർ പറഞ്ഞു. റയാൻ അൽ നജ്ജാർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം 2024 മെയ് 28 ന് വടക്കൻ നെതർലൻഡ്‌സിലെ ചതുപ്പിൽ കണ്ടെത്തി. വീട്ടിൽ നിന്ന് കാണാതായതിന് ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. വായ മൂടിക്കെട്ടി, ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ശരീരം. റയാൻ ശിരോവസ്ത്രം ധരിക്കുന്നത് നിർത്തുകയും ആൺകുട്ടികളുമായി ഇടപഴകുകയും സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തുവെന്നും കുടുംബം അസ്വീകാര്യമായിരുന്നുലെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു.
ടിക് ടോക്കിലെ ലൈവ് വീഡിയോയിൽ ശിരോവസ്ത്രം ധരിക്കാതെ പ്രത്യക്ഷപ്പെട്ടതാണ് പെട്ടെന്നുള്ള പ്രകോപനം. കൊലപാതകത്തിന്റെ തലേദിവസം രാത്രി, അവളുടെ സഹോദരന്മാർ അവളെ റോട്ടർഡാമിലെ ഒരു വീട്ടിൽ നിന്ന് ഒരു വിദൂര പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ പിതാവ് അവരോടൊപ്പം ചേർന്നുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. പിതാവ് ഖാലിദിന്റെ ഡിഎൻഎ അവളുടെ നഖങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തി. ഇയാൾ പിന്നീട് മകളെ കൊന്നതായി സമ്മതിച്ചു. എന്നാൽ മക്കൾക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഡച്ച് മാധ്യമങ്ങൾക്ക് ഇമെയിൽ അയച്ചു. എന്നാൽ അന്വേഷണത്തിൽ സഹോദരന്മാരുടെ പങ്കും പുറത്തുവന്നു. സഹോദരന്മാർക്ക് 20 വർഷും ഖാലിദിന് 25 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. പ്രതിഭാഗം അഭിഭാഷകർ തിങ്കളാഴ്ച അവരുടെ വാദങ്ങൾ അവതരിപ്പിക്കും. 2026 ജനുവരി 5 ന് കോടതി വിധി പറയും.