
ഗാസ: ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ വ്യക്തമാക്കി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. അതേസമയം, ഇസ്രയേൽ അക്രമണം തുടരുന്നതിനിടെ. കൂടുതൽ വിദേശികൾ വ്യാഴാഴ്ച ഗാസ മുനമ്പ് വിടാൻ തയ്യാറായി. റഫാ അതിർത്തിയിലൂടെ ഗുരുതരമായി പരിക്കേറ്റ പലസ്തീൻ കാരും 320 വിദേശ പൗരന്മാരും ബുധനാഴ്ച ഈജിപ്തിലേക്ക് കടന്നു.
ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, ഫിൻലൻഡ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ജോർദാൻ, യുകെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് അതിർത്തി കടന്നത്. റഫാ അതിർത്തി വ്യാഴാഴ്ച വീണ്ടും തുറക്കുമെന്നും കൂടുതൽ വിദേശികൾക്ക് പുറത്തുകടക്കാമെന്നും അധികൃതർ പറഞ്ഞു. ഏകദേശം 7,500 വിദേശ പാസ്‌പോർട്ട് കൈവശം വെച്ചവർ രണ്ടാഴ്ചയ്ക്കുള്ളിൽ ഗാസ വിടുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
ജനസാന്ദ്രതയേറിയ ഗാസ സിറ്റിയിലെ അൽ-ഖുദ്‌സ് ആശുപത്രിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ഉടൻ തന്നെ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേലി അധികൃതർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് യുഎൻ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്തിയ ആക്രമണത്തിൽ രണ്ട് ഹമാസ് സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. ഹമാസ് സിവിലിയന്മാരെ മനപ്പൂര്‍വം അപകടത്തിലാക്കുകയാണെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി. 120 പേരെ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കാണാതായതായും ഗാസയുടെ ഹമാസിന്റെ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. 777 പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam