ഗ്രീൻലാൻഡ് വിഷയത്തിൽ ഡോണാൾഡ് ട്രംപിന് യുദ്ധ മുന്നറിയിപ്പുമായി ഡെന്മാർക്ക്. ഗ്രീൻലാൻഡിനെ കീഴടക്കാൻ അമേരിക്ക ശ്രമിച്ചാൽ യുദ്ധമുണ്ടാകുമെന്ന് ഡാനിഷ് എംപി റാസുമസ് ജാർലോവ്. വിഷയത്തിൽ ഇന്ത്യ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
കോപ്പൻഹേഗൻ: യൂറോപ്പിനെയും യുഎസിനെയും രണ്ട് തട്ടിലാക്കിയ ഗ്രീൻലാൻ്റ് വിവാദത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡെന്മാർക്കിലെ എംപി റാസുമസ് ജാർലോവ്. ഗ്രീൻലാൻഡിനെ അമേരിക്ക കീഴടക്കാൻ ശ്രമിച്ചാൽ അത് യുദ്ധത്തിലേ അവസാനിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ശക്തരാണെന്ന് അറിയാം. പക്ഷെ സ്വന്തം ഭൂമിയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ജാർലോവ് പറഞ്ഞു. ഒപ്പം ഇന്ത്യ ഈ വിഷയത്തിൽ ഡെന്മാർക്കിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയും ഡാനിഷ് എംപി പങ്കുവച്ചിട്ടുണ്ട്.
ദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഗ്രീൻലാൻ്റ് വിഷയത്തിൽ ലോക നേതാക്കളുമായി ചർച്ച നടത്തുമെന്ന ഡോണാൾഡ് ട്രംപിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീൻലാൻ്റിലേക്ക് ഡെന്മാർക്കിൽ നിന്നാരും പോകാറില്ലെന്നും ഗ്രീൻലാൻ്റിലുള്ളവർ നല്ലവരാണെന്നും അവരെ അമേരിക്ക ഏറ്റെടുക്കേണ്ടതുണ്ടെന്നുമാണ് ഡോണാൾഡ് ട്രംപ് വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതേസമയം ഗ്രീൻലാൻ്റിനെ ഉപേക്ഷിക്കില്ലെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെണും വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യത്തെ തവണ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഘട്ടത്തിലും ഡോണൾഡ് ട്രംപ് ഗ്രീൻലാൻ്റ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2019ലായിരുന്നു ഇത്. എന്നാൽ ഗ്രീൻലാൻ്റിനെ വിൽപ്പനയക്ക് വെച്ചിട്ടില്ലെന്നായിരുന്നു ഡെന്മാർക്കിൻ്റെ മറുപടി.


