
ആയുധാദാരിയായ യുവാവിനെ യുഎസിലെ കോളറാഡോയിലെ ഡെന്‍വറില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരെയുള്ള ഗ്ലെൻവുഡ് കാവേൺസ് അഡ്വഞ്ചർ പാർക്കിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ബണ്ടേ സ്വദേശിയായ ഡീഗോ ബരാജാസ് മദീനയെ ശനിയാഴ്ച രാവിലെയാണ് പാര്‍ക്കിലെ ജോലിക്കാരികളായ സ്ത്രീകളുടെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് നിന്ന് ഒരു റൈഫിള്‍, കൈത്തോക്ക് ഒന്നിലധികം ഐഇഡികള്‍ (Improvised explosive device) എന്നിവ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഞാനൊരു കൊലയാളിയല്ല, എനിക്ക് ഗുഹയിൽ കയറണം' എന്നെഴുതിയ ഒരു കുറിപ്പ് മൃതദേഹത്ത് നിന്നും ലഭിച്ചു.
യുഎസ് പോലീസായ സ്വാറ്റ് (SWAT) ടീമംഗങ്ങള്‍ ധരിക്കുന്ന തരം ശരീര കവചവും അക്രമണാത്മക വേളയില്‍ ധരിക്കുന്നതരം തന്ത്രപരമായ വസ്ത്രവുമാണ് ബരാജാസ് മദീന ധരിച്ചിരുന്നതെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു. ഇയാള്‍, സഹോദരനും അമ്മയ്ക്കുമൊപ്പം ഗ്ലെൻവുഡ് കാവേൺസ് അഡ്വഞ്ചർ പാർക്കിന് സമീപത്ത് താമസിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ എന്തോ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരിക്കാമെന്നും എന്നാല്‍, അതിന് മുതിരാതെ ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. കുറച്ച് നാളുകളായി പൂട്ടിക്കിടക്കുകയായിരുന്നു ഈ പാര്‍ക്ക്. കുളിമുറിയിലെ തറയിൽ കിടക്കുന്നതായാണ് മൃതദേഹം കാണപ്പെട്ടത്. ഒരു കൈത്തോക്കും സ്‌ഫോടക വസ്തുക്കളും മൃതദേഹത്തിന് സമീപത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നെന്ന് ഗാർഫീൽഡ് കൗണ്ടി ഷെരീഫ് ലൂ വല്ലാരിയോ പറഞ്ഞു. എന്നാല്‍, ലഭിച്ച ആയുധങ്ങളില്‍ ചിലത് വ്യാജമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മക്കളെ കാണാന്‍ പറ്റാത്തതില്‍ വിഷമം'; പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി കാത്ത് അഞ്ജു
ബരാജാസ് മദീനയുടെ ഫോൺ രേഖകളും സാമൂഹിക മാധ്യമ പോസ്റ്റുകളും പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 'മുന്നൊരുക്കങ്ങൾ കണക്കിലെടുക്കുമ്പോൾ, ആയുധങ്ങളുടെ അളവ് കണക്കിലെടുക്കുമ്പോൾ, സമൂഹത്തിനെതിരെ അവ ഉപയോഗിക്കാൻ അയാള്‍ ഉദ്ദേശിച്ചിരുന്നതായി തോന്നുന്നു. എന്നാല്‍, ഒടുവില്‍ അയാള്‍ അത് വേണ്ടെന്ന് തീരുമാനിച്ചു.' വല്ലാരിയോ പറഞ്ഞു. ഇയാളുടെ വാഹനത്തിൽ നിന്ന് ഒന്നിലധികം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതായും എന്നാല്‍ തോക്കുകളിലെ സീരിയല്‍ നമ്പറുകള്‍ വ്യജമായിരിന്നുവെന്നും പോലീസ് അവകാശപ്പെട്ടു. ഇതേ തുടര്‍ന്ന് പാർക്കില്‍ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ഈ സീസണില്‍ സന്ധ്യാസമയം ആസ്വദിക്കാനായി നിരവധി സന്ദര്‍ശകര്‍ പാര്‍ക്കിലെത്താറുണ്ടായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ബരാജാസ് മദീനയുടെ വീട്ടിലും മുറിയിലും തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam