2025 സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു, പുരസ്കാരത്തിന് അര്‍ഹരായത് മൂന്ന് പേര്‍

Published : Oct 13, 2025, 04:49 PM IST
Nobel price in Economics-2025

Synopsis

2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്

 

ദില്ലി: 2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മരിയ കൊറീന മചാഡോ. നിക്കോളാസ് മഡുറോ വിജയിച്ച തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി പോരാളിയായി നിന്നത് മരിയ കൊറീന മചാഡോയാണ്. അഭിപ്രായ സര്‍വേകളിൽ മരിയ കൊറീനയും ഗോണ്‍സാൽവസും നയിച്ച സഖ്യത്തിന് വന്‍ വിജയം ലഭിച്ചെങ്കിലും മഡുറോ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. ജനപ്രിയ നേതാവായിരുന്ന മരിയ കൊറീന മചാഡോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സുപ്രീം കോടതി 15 വര്‍ഷത്തേക്ക് വിലക്കിയ സാഹചര്യവുമുണ്ടായി.

2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഗവേഷകരാണ് പുരസ്കാരത്തിന് അര്‍ഹരായത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ - ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്.

2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്കാണ് ലഭിച്ചത്. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. 1984നും 85നും ഇടയിൽ നടത്തിയ ഗവേഷണത്തിനാണ്പുരസ്കാരം. ക്വാണ്ടം മെക്കാനിക്കൽ പ്രതിഭാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയാകുമെന്നത് ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രധാന ചോദ്യമാണ്. കൈയ്യിലൊതുങ്ങാവുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും, ക്വാണ്ടൈസ്ഡ് ഊർജ്ജ നിലകളും സാധ്യമെന്ന് തെളിയിക്കാൻ ജോൺ ക്ലാർക്കിനും സംഘത്തിനുമായി. ക്വാണ്ടം കന്പ്യൂട്ടിങ്ങിൻ്റെ പുരോഗതിയിൽ ഈ കണ്ടെത്തൽ നിർണായകമായി.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഇത് വരെ 118 തവണയാണ് ഭൗതിക ശാസ്ത്ര നൊബേൽ നൽകിയത്. മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാരായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു 2024 ലെ ഭൗതിക ശാസ്ത്ര നൊബേൽ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്