സെപ്തംബര്‍ 11 എന്ന തീയതി മാറ്റിമറിച്ചത് ലോകക്രമത്തിന്റെ ജാതകം.!

By Web TeamFirst Published Sep 11, 2021, 7:27 AM IST
Highlights

വെടിക്കോപ്പുകളും വിള്ളലേൽപ്പിക്കുന്ന പുതിയ സംഘർഷ ഭൂമികൾ, കൂടുതൽ കൂടുതൽ പടകുടീരങ്ങൾ , പുതിയ ഭയാശങ്കകൾ , പുതിയ ശത്രുക്കൾ , മരണം പെയ്ത വർഷങ്ങൾ , നിലയ്ക്കാത്ത പലായനങ്ങൾ. സെപ്റ്റംബർ 11 ലോകത്തെ കൂടുതൽ അശാന്തമാക്കി. 

രണ്ടു പതിറ്റാണ്ടു മുൻപ് ഇതേ ദിവസം അമേരിക്കൻ ഐക്യനാടുകൾ ആക്രമിക്കപ്പെട്ടപ്പോൾ ആധുനിക ലോകം കണ്ട ഏറ്റവും ഹീനമായ ഒരു ചാവേർ കൂട്ടക്കുരുതി മാത്രമല്ല സംഭവിച്ചത്. പിന്നീട് ഇങ്ങോട്ടുള്ള ലോകക്രമത്തിന്റെ ജാതകം തന്നെ മാറി മറിഞ്ഞു. അതിൽപ്പിന്നെ ഒന്നും പഴയതുപോലെ ആയില്ല.

വെടിക്കോപ്പുകളും വിള്ളലേൽപ്പിക്കുന്ന പുതിയ സംഘർഷ ഭൂമികൾ, കൂടുതൽ കൂടുതൽ പടകുടീരങ്ങൾ , പുതിയ ഭയാശങ്കകൾ , പുതിയ ശത്രുക്കൾ , മരണം പെയ്ത വർഷങ്ങൾ , നിലയ്ക്കാത്ത പലായനങ്ങൾ. സെപ്റ്റംബർ 11 ലോകത്തെ കൂടുതൽ അശാന്തമാക്കി. ലോകവ്യാപാര കേന്ദ്രം നിലംപൊത്തുമ്പോൾ കുഞ്ഞുങ്ങൾ ആയിരുന്നവരാണ് ഇന്നത്തെ അമേരിക്കൻ യുവത്വം. അവരുടെയടക്കം ലോകവീക്ഷണത്തെ , മാനസിക നിലയെ സെപ്റ്റംബർ 11 മാറ്റി. ആഭ്യന്തര യുദ്ധത്തിന് ശേഷം അമേരിക്ക അകമേയുള്ള സംഘർഷങ്ങളിൽ ഇത്രയധികം ഉലഞ്ഞുപോയ
ഒരു കാലം വേറെയില്ല. 

സംശയവും പകയും ഉത്കണ്ഠയും ഭീതിയും കുടിയേറ്റ വിരുദ്ധതയും നിറഞ്ഞ മനോഭാവത്തെ ലോകം പിന്നീട് 9/11 മനോനിലയെന്ന് പേരിട്ടു വിളിച്ചു. സെപ്റ്റംബർ 11 സൃഷ്‌ടിച്ച യുദ്ധം അഫ്‌ഗാനിസ്ഥാനിൽ മാത്രമായിരുന്നില്ല. ശീത യുദ്ധാനന്തരം വീണ്ടും ലോകം രണ്ടായി വിഭജിക്കപ്പെട്ടു , അമേരിക്കയോട് ചേർന്ന് നിൽക്കുന്നവരും അല്ലാത്തവരും. അമേരിക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും രാഷ്ട്രീയ , സാമ്പത്തിക , പ്രതിരോധ തീരുമാനങ്ങളെ സെപ്റ്റംബർ 11 ഇന്നും സ്വാധീനിക്കുന്നു. 

വലിയ ആഗോള ആയുധ വിപണികൾ തുറന്നു. മധ്യ പൗരസ്ത്യ ദേശങ്ങളിലും തെക്കൻ ഏഷ്യയിലും കൂടുതൽ ആയുധശാലകൾ ഒരുങ്ങി. 2001 ഒക്ടോബറിൽ അഫ്ഘാൻ ആക്രമണം , 2003 മാർച്ചിൽ ഇറാഖ് ആക്രമണം , ലെബനോനിലും ഇസ്രയേലിലും സിറിയയിലും സംഘർഷം മൂർച്ഛിച്ചു. പാകിസ്ഥാൻ കൂടുതൽ അസ്ഥിരമായി. ഇതിലൊക്കെയും സെപ്റ്റംബർ 11 ഒരു ഘടകമായി.

അഫ്ഗാനിൽ മാത്രം ഒന്നരലക്ഷം ജീവനുകൾ പൊലിഞ്ഞു. യമനിൽ തൊണ്ണൂറായിരം , ഇറാഖിൽ മൂന്നു ലക്ഷം , പാകിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങളിൽ അറുപതിനായിരം , അങ്ങനെ കൂടുതൽ ജീവനുകൾ പോളിയനും പുതിയ യുദ്ധമുഖങ്ങൾ തുറക്കാനും സെപ്റ്റംബർ 11 കാരണമായി. സെപ്റ്റംബർ 11 നു ശേഷമുള്ള രണ്ടു പതിറ്റാണ്ട് എന്തെല്ലാം കണ്ടു ! അന്ന് തുടങ്ങിയ എന്തെല്ലാം വിപത്തുകൾ ഇന്നും തുടരുന്നു ! ആദ്യമായും അവസാനമായും സെപ്റ്റംബർ 11 ഓർമിപ്പിക്കുന്നത് ഒരേയൊരു പടം, ഭീകരതയും യുദ്ധവും , അത് ഏതു തരത്തിൽ ഉള്ളതാണെങ്കിലും വേദനയും കണ്ണീരും ദുരന്തവും മാത്രമാണ് അവശേഷിപ്പിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!