ക്രൂരത തുടർന്ന് താലിബാൻ: അഫ്ഗാൻ വൈസ് പ്രസിഡൻ്റിൻ്റെ സഹോദരനെ വധിച്ചു

By Web TeamFirst Published Sep 10, 2021, 11:20 PM IST
Highlights

പഞ്ച്ശീർ കേന്ദ്രീകരിച്ച് കഴിഞ്ഞ ആഴ്ച വരെ താലിബാനെ പ്രതിരോധിച്ചത് അമറുള്ള സലേയും അഹമ്മദ് മസൂദ്ദും അടങ്ങിയ പ്രതിരോധ സേനയായിരുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാരുണ്ടാക്കിയതിന് പിന്നാലെ പ്രതികാര നടപടികൾ ശക്തമാക്കി താലിബാൻ. അഫ്ഗാനിസ്ഥാൻ്റെ മുൻ വൈസ് പ്രസിഡൻ്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠൻ റൂഹുള്ള സലേയെ താലിബാൻ വധിച്ചു. റൂഹുള്ള സലേയുടെ കുടുംബത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

പഞ്ച്ശീർ കേന്ദ്രീകരിച്ച് കഴിഞ്ഞ ആഴ്ച വരെ താലിബാനെ പ്രതിരോധിച്ചത് അമറുള്ള സലേയും അഹമ്മദ് മസൂദ്ദും അടങ്ങിയ പ്രതിരോധ സേനയായിരുന്നു. റൂഹുള്ള സലേയെ വധിച്ചത് കൂടാതെ അദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും താലിബാൻ തയ്യാറായില്ലെന്നാണ് വിവരം. 

ഇപ്പോഴും കനത്ത പോരാട്ടം നടക്കുന്ന പഞ്ച്ശീറിൽ നിന്നും റൂഹുള്ള സലേയും കുടുംബവും മറ്റൊരിടത്തേക്ക് പാലായനം ചെയ്യുന്നതിനിടെ ഇവരെ താലിബാൻ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. റൂഹുള്ള സലേയുടെ മൃതദേഹം സംസ്കാരിക്കാനായി വിട്ടു തരില്ലെന്ന് താലിബാൻ പറഞ്ഞതായി ഇയാളുടെ അനന്തരവൻ റൌഹുള്ള സലേയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

പഞ്ച്ഷീർ തലസ്ഥാനം താലിബാൻ പിടിച്ചെടുത്തതോടെ പ്രതിരോധസേനയെ നയിച്ചിരുന്ന അമറുള്ള സലേയും അഹമ്മദ് മൌസൂദും താജികിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായി വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പഞ്ച്ഷീർ തലസ്ഥാനം താലിബാൻ പിടിച്ചെടുത്തെങ്കിലും പ്രതിരോധ സേന ഇപ്പോഴും ഇവിടെ പോരാട്ടം തുടരുന്നതായാണ് സൂചന. 
 

 

click me!