കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ 21 പേർ ഇന്ത്യാക്കാർ; ഹോർമുസിൽ ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു; ജീവനക്കാർ സുരക്ഷിതർ

Published : Oct 22, 2026, 09:43 AM IST
oil tanker attacked in strait of hormuz

Synopsis

ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് എണ്ണക്കപ്പലായ എംടി അൽ ദസ്‌മയ്ക്ക് നേരെ മിസൈൽ ആക്രമണം നടന്നു. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യാക്കാരടക്കമുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഇടപെടുകയും ഇന്ത്യ ശക്തമായ അപലപനം രേഖപ്പെടുത്തുകയും ചെയ്തു.

കുവൈറ്റ്: ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. 21 ഇന്ത്യാക്കാരടക്കം ആക്രമണം നേരിട്ട എംടി അൽ ദസ്‌മ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരെന്നാണ് വിവരം. കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നെന്നാണ് സംശയം. കുവൈറ്റ് പതാക വഹിച്ച കപ്പലായിരുന്നു ഇത്. ആക്രമണ വിവരം അറിഞ്ഞ് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ വിഷയത്തിൽ ഇടപെട്ടു.

ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കാൻ സാധിച്ചെന്ന് ടൈംസ് കുവൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ തീരത്തോട് ചേർന്ന് ബുഖായ്ക്ക് പടിഞ്ഞാറ് 11 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഒക്ടോബർ 21 നാണ് ആക്രമണം ഉണ്ടായതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽ ഇതേ സ്ഥലത്ത് തന്നെയാണുള്ളത്. ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി എക്‌സ് ഹാൻഡിൽ വഴി വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംഘർഷത്തിൽ നിന്ന് തത്കാലത്തേക്ക് അമേരിക്ക ഉൾവലിഞ്ഞതിന് പിന്നാലെ കടുത്ത ആക്രമണമാണ് ഹോർമുസിൽ ഇറാൻ അഴിച്ചുവിടുന്നത്. ആഗോളതലത്തിൽ എണ്ണവില ഉയർത്തുകയെന്ന ലക്ഷ്യത്തോടെ എണ്ണക്കപ്പലുകൾ ഉന്നമിട്ടാണ് ആക്രമണം. എണ്ണവില ഉയർന്നാൽ അമേരിക്കയിൽ ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിലൂടെ ട്രംപിന് എതിരായ ജനവിധി ഉണ്ടാകുമെന്നും ഇറാന പ്രതീക്ഷിക്കുന്നു. ഒക്ടോബർ 16-ന് 15 ഇന്ത്യൻ നാവികരുള്ള 'എംടി എസ്ടി 3' എണ്ണക്കപ്പലിനും, ഒക്ടോബർ 14-ന് റൊമാനിയക്ക് സമീപം 9 ഇന്ത്യൻ നാവികരുള്ള 'യര ജെ' എന്ന ചരക്കുകപ്പലിനും നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഈ കപ്പലുകളിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹോർമുസിൽ കപ്പലുകൾക്കെതിരെ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്. സമുദ്രത്തിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ നീക്കം തടസ്സമില്ലാതെ തുടരാൻ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കടലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്ക്ക് സർക്കാർ ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിസിനസ് ട്രിപ്പിനിടയിൽ പീഡിപ്പിച്ചു, ആമസോണിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി: സംഭവം മറച്ചുവെക്കാൻ കമ്പനി സമ്മർദ്ദം ചെലുത്തിയെന്ന് ജീവനക്കാരി
'ഏറെക്കുറെ അടുത്തെത്തി'; ഇന്ത്യ - യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പുവെക്കുമെന്ന് ട്രംപ്, മുൻ കരാറുകളിൽ നിന്ന് വ്യത്യസ്തമെന്നും പ്രതികരണം