
ലണ്ടൻ: ബ്രിട്ടനെ ഞെട്ടിച്ച് ചാര പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യുകെയിലെ നിരവധി സ്ത്രീകളെ രഹസ്യ പൊലീസ് ഉദ്യോഗസ്ഥർ വഞ്ചിച്ചുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഏകദേശം അഞ്ചിലൊന്ന് പൊലീസ് ചാരന്മാരും നിരീക്ഷണത്തിനായി അയച്ച സ്ത്രീകളുമായി അടുത്ത ബന്ധത്തിൽ ഏർപ്പെട്ടിടുകയും ചിലർക്ക് കുഞ്ഞുങ്ങളുണ്ടാകുകയും വരെ ചെയ്തു.
രഹസ്യ പോലീസ് ഉദ്യോഗസ്ഥരുമായി നിരവധി സ്ത്രീകൾ ദീർഘകാല അടുപ്പം സ്ഥാപിച്ചുവെന്നും ഈ പുരുഷന്മാർ തങ്ങളെയും അവരുടെ സാമൂഹിക ബന്ധങ്ങളെയും രഹസ്യമായി ചാരപ്പണി ചെയ്യുന്നുണ്ടെന്ന് അവർക്കറിയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആറ് വർഷം വരെ ചില ബന്ധങ്ങൾ നീണ്ടുനിന്നു.
പൊലീസുകാരാണെന്നറിയാതെ സ്ത്രീകൾ അവരുടെ സ്വകാര്യ ജീവിതം ഉദ്യോഗസ്ഥരുമായി പങ്കിട്ടു. വഞ്ചനയ്ക്ക് ഇരയായ 50-ലധികം സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് പറയപ്പെടുന്നു. ഉദ്യോഗസ്ഥരുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തിയത് സ്ത്രീകളെ കടുത്ത മാനസികാഘാതത്തിലാക്കിയെന്നും പറയുന്നു.
ദി ഗാർഡിയനുമായി സഹകരിച്ച് നിർമ്മിച്ച ഒരു പുതിയ ഐടിവി പരമ്പര 'സ്പൈ പൊലീസ്' വലിയ അഴിമതി പുറത്തുകൊണ്ടുവന്നതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു. ജീവിതത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായ മുൻ പങ്കാളികളെക്കുറിച്ചുള്ള സത്യം കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ച അഞ്ച് സ്ത്രീകളുടെ കഥകളുടെ പിന്നാമ്പുറം തേടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ആർക്കൈവുകൾ പരിശോധിച്ചും വിദേശ യാത്രകളിലൂടെയും ഈ സ്ത്രീകൾക്ക് രഹസ്യപൊലീസിന്റെ മുഖംമൂടികൾ തുറന്നുകാട്ടാനും അവരുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താനും കഴിഞ്ഞു.
രഹസ്യ ഓഫീസർമാർ നടത്തുന്ന ലൈംഗിക വഞ്ചന ന്യായീകരിക്കാനാവില്ലെന്ന് അന്വേഷണത്തിന്റെ മുഖ്യ ബാരിസ്റ്ററായ ഡേവിഡ് ബാർ പറഞ്ഞു. പൊലീസ് സേനയ്ക്കുള്ളിലെ ലൈംഗികതയുടെയും സ്ത്രീവിരുദ്ധതയുടെയും സംസ്കാരത്തിന്റെ പുറത്തുവന്നിരിക്കുന്നതെന്ന് അഭിപ്രായമുയർന്നു.
1968 മുതൽ 2010 വരെയുള്ള 40 വർഷത്തിലേറെയായി, രഹസ്യ പൊലീസ് പ്രവർത്തനങ്ങളിൽ വഞ്ചനാപരമായ ഇത്തരം ബന്ധങ്ങൾ സാധാരണ തന്ത്രമായി ഉൾപ്പെടുത്തിയിരുന്നു. 1970 കളിൽ ആരംഭിച്ച ഈ ബന്ധങ്ങൾ പൊലീസിന്റെ രഹസ്യ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. അറിയപ്പെടുന്ന 25 രഹസ്യ ഓഫീസർമാരിൽ രണ്ടുപേർ മാത്രമേ സ്ത്രീകളായിരുന്നുള്ളൂ. മാത്രമല്ല, നിരവധി പൊലീസ് ചാരന്മാരുടെ ഐഡന്റിറ്റികൾ ഇപ്പോഴും രഹസ്യമായി തുടരുന്നു.