
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പാദക രാജ്യമായ പെറുവിലെ ഒരു സ്വര്‍ണ്ണ ഖനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. രാജ്യത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും മോശം ഖനി അപകടങ്ങളിലൊന്നാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെറുവിലെ അരെക്വിപ മേഖലയിലെ ലാ എസ്പറൻസ 1 ഖനിക്കുള്ളിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് 175 തൊഴിലാളികളെ ഒഴിപ്പിച്ചതായി യാനാക്വിഹുവ മൈനിംഗ് കമ്പനി അറിയിച്ചു. മരിച്ച 27 പേരും ഖനനത്തിൽ വിദഗ്ധനായ ഒരു കരാറുകാരന്‍റെ ജോലിക്കാരായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് ഖനിക്കുള്ളില്‍ 27 പേര്‍ മരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ജിയോവാനി മാറ്റോസ് മാധ്യമങ്ങളെ അറിയിച്ചു. ഖനിയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്കീട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് ഖനിയിലെ തടിതാങ്ങുകള്‍ക്ക് തീ പിടിച്ചു. സ്ഫോടനം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഏതാണ്ട് 100 മീറ്റര്‍ താഴ്ചയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല. മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന് മുമ്പ് തന്നെ ഖനി സുരക്ഷിതമാക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസംമുട്ടലും പൊള്ളലും മൂലമാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് യാനാക്വിഹുവ മേയർ ജെയിംസ് കാസ്‌ക്വിനോ പറഞ്ഞു. സ്ഫോടനം നടക്കുമ്പോള്‍ ഖനിക്കുള്ളില്‍ എത്ര തെളിലാളികള്‍ ഉണ്ടായിരുന്നുവെന്നതിന് സ്ഥിരീകരണമില്ല.
പ്രാദേശിക തലസ്ഥാനമായ അരെക്വിപ നഗരത്തിൽ നിന്ന് 10 മണിക്കൂർ യാത്ര ചെയ്താൽ വിദൂര കോൺഡെസുയോസ് പ്രവിശ്യയിലെ ഖനി പ്രദേശത്ത് എത്തിച്ചേരാം. മിനറ യാനക്വിഹുവയിലെ അപകടം നടന്ന ഖനി അംഗീകൃത സ്ഥാപനമാണ്. എന്നാല്‍, സമീപ പ്രദേശങ്ങളില്‍ അനധികൃത സ്വര്‍ണ്ണ ഖനികള്‍ പ്രവര്‍ത്തിക്കുന്നണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെറുവിൽ 23 വർഷമായി സ്വര്‍ണ്ണ ഖനനം നടക്കുന്നു. ഇന്ന് പെറുവിയൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന ശ്രോതസുകളില്‍ ഒന്നാണ് സ്വര്‍ണ്ണ ഖനനം, ഖനന-ഊർജ്ജ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഖനനവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 39 പേരാണ് മരിച്ചത്. 2020 ലുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. സ്വര്‍ണ്ണം കൂടാതെ വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദക രാജ്യമാണ് പെറു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam