ഇറാനിലെ സ്കൂളിന് നേരെ അമേരിക്കൻ ടോമോഹാക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടന്നെന്ന വാർത്തയോട് പ്രതികരിക്കാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ട്രംപ്, മറ്റ് രാജ്യങ്ങളും ടോമോഹാക് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചു.
വാഷിങ്ടണ്‍: ഇറാനിലെ സ്കൂൾ ആക്രമിച്ച് കുട്ടികളെ കൊലപ്പെടുത്തിയത് അമേരിക്കയുടെ മിസൈലാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഉരുണ്ട് കളിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് തനിക്കറിയില്ലെന്ന് പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറിയത്. ഇറാനിലെ സ്‌കൂളിൽ ടോമാഹോക്ക് ക്രൂയിസ് മിസൈൽ പതിച്ചെന്ന റിപ്പോർട്ടുകളെക്കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് സൈന്യമാണ് ഈ മിസൈൽ പ്രവർത്തിപ്പിക്കുന്നതെന്ന് പരക്കെ അറിയപ്പെടുന്ന സാഹചര്യത്തിൽ ഇറാന് എങ്ങനെ ആ മിസൈൽ ഉപയോഗിക്കാൻ കഴിയുമെന്ന ചോദ്യത്തിനാണ് ട്രംപ് കൃത്യമായി ഉത്തരമില്ലാതെ കുഴങ്ങിയത്.
ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമാഹോക്ക് മറ്റ് പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇറാനും ചില ടോമാഹോക്കുകളുണ്ട്. എനിക്ക് അതിനെക്കുറിച്ച് വേണ്ടത്ര അറിയില്ല. അക്കാര്യം അന്വേഷണത്തിലാണെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
കുട്ടികൾ കൊല്ലപ്പെട്ടതിൽ ഇറാൻ അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. എന്നാൽ അമേരിക്ക ആരോപണം നിഷേധിക്കുകയും സംഭവം അന്വേഷണത്തിലാണെന്നും പറഞ്ഞു. സ്‌കൂളിൽ ആക്രമണം നടന്നതായി തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇറാന്റെ അർദ്ധ-ഔദ്യോഗിക മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോയിലാണ് ടോമാഹോക്ക് മിസൈൽ സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ പതിച്ചത് വ്യക്തമായത്. വീഡിയോ ആധികാരികമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ഇപ്പോഴത്തെ യുദ്ധത്തിൽ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിക്കുന്ന ഒരേയൊരു സൈന്യം അമേരിക്കയാണെന്നും പറയുന്നു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട ഒരു നാവിക താവളവും ഒരു മെഡിക്കൽ ക്ലിനിക്കും ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് സമീപമാണ് ആക്രമണം നടന്നത്. അതേ ദിവസം തന്നെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള നാവിക കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടതായി യുഎസ് സൈനിക ബ്രീഫിംഗുകൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
